ADVERTISEMENT

ആലപ്പുഴ ∙ സിപിഐ ജില്ലാ സമ്മേളനം നാളെ ഹരിപ്പാട്ട് തുടങ്ങുമ്പോൾ രാഷ്ട്രീയ നിരീക്ഷകർ അതിലെ ചർച്ചകളെ ഉറ്റുനോക്കുന്നു. പ്രാദേശിക വിഷയങ്ങൾക്കൊപ്പം സംസ്ഥാന ഭരണവും എൽ‍ഡിഎഫിലെ പ്രശ്നങ്ങളും ചർച്ചയാകാനുള്ള സാധ്യത തന്നെ കാരണം. പത്തനംതിട്ട, കൊല്ലം ജില്ലാ സമ്മേളനങ്ങളിലെ ചർച്ചകൾ ഇത്തരത്തിൽ വലിയ വാർത്തയായിരുന്നു. സിപിഐയെ സംബന്ധിച്ച് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് ആലപ്പുഴ സമ്മേളനം. പാർട്ടിയിലെ പ്രബല ഗ്രൂപ്പുകൾ തമ്മിലുള്ള ബലാബലത്തിന് ആലപ്പുഴയിൽ വലിയ സാധ്യതയില്ല. എന്നാൽ, ചില വിഷയങ്ങളിൽ മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മിനോടുള്ള വിയോജിപ്പുകൾ ഇവിടെയും ചർച്ചയാകും.

അതിന്റെ സൂചനകൾ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം, കയർ മേഖല തുടങ്ങിയ വിഷയങ്ങളിലെ നേതാക്കളുടെ പരസ്യമായ പ്രതികരണങ്ങളിലൂടെ വ്യക്തമായിരുന്നു. പാർട്ടിയിൽ കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരാണ് ജില്ലയിൽ ഏറെയും. മണ്ഡലം സമ്മേളനങ്ങളിലും അതു നിഴലിച്ചിരുന്നു. മണ്ഡലം ഭാരവാഹികളെയും മറ്റും നിശ്ചയിച്ചത് കാനം വിഭാഗത്തിന്റെ മേൽക്കൈ നിലനിർത്തുന്ന വിധത്തിലായിരുന്നെന്നും പറയാം. ജില്ലാ സെക്രട്ടറിയായി ടി.ജെ.ആഞ്ചലോസ് തുടരാൻ തന്നെയാണ് സാധ്യത. അദ്ദേഹം കാനം അനുകൂലിയുമാണ്. എന്നാൽ, അസിസ്റ്റന്റ് സെക്രട്ടറിമാരിൽ ഒരാൾ മാറിയേക്കും. പി.വി.സത്യനേശനും ജി.കൃഷ്ണപ്രസാദുമാണ് ഇപ്പോൾ അസിസ്റ്റന്റ് സെക്രട്ടറിമാർ.

ജില്ലാ ഭാരവാഹിത്വത്തിൽ പ്രായപരിധി തുടങ്ങിയ കാര്യങ്ങളിൽ വ്യവസ്ഥകളുണ്ട്. ഇത് ആഞ്ചലോസിനു ബാധകമാകില്ല. 65 വയസ്സാണ് ജില്ലാ സെക്രട്ടറിയുടെ പ്രായപരിധി. സെക്രട്ടറിയായി തുടരാൻ ടേം നിശ്ചയിച്ചിട്ടില്ലെങ്കിലും സാധാരണ 3 തവണയിലേറെ തുടരാറില്ല. ആഞ്ചലോസ് കഴിഞ്ഞ സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറിയായത്. കൃഷ്ണപ്രസാദ് കെ.ഇ. ഇസ്മായിൽ പക്ഷക്കാരനായാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ കാനം വച്ച പാനലിനെതിരെ മത്സരിച്ചു ജയിച്ചയാളാണ് അദ്ദേഹം. അന്ന് ഔദ്യോഗിക പാനലിലെ ചന്ദ്രൻ ഉണ്ണിത്താൻ പരാജയപ്പെട്ടു. കാനം പങ്കെടുത്ത യോഗത്തിലായിരുന്നു മത്സരം. ഇത്തവണ ജില്ലാ നേതൃത്വത്തിലേക്ക് മത്സരത്തിനു സാധ്യത കുറവാണ്.

മണ്ഡലം സമ്മേളനങ്ങളിൽ കാനം പക്ഷം നേടിയ മേൽക്കൈ നൽകുന്ന സൂചനയും അതാണ്. സമ്മേളനത്തിൽ സിപിഎമ്മിനെതിരായ വിമർശനങ്ങൾ ഉയരുമെന്ന് ഉറപ്പാണ്. കരിമണൽ ഖനനം, കയർ മേഖലയിലെ പ്രതിസന്ധി തുടങ്ങിയവയാണ് സിപിഎമ്മിനെ സിപിഐ വിമർശിക്കുന്ന പ്രധാന വിഷയങ്ങൾ. ഖനന വിഷയത്തിൽ ജില്ലാ സെക്രട്ടറി നേരത്തെ പലതവണ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. എച്ച്.സലാം എംഎൽഎയുമായി ഫെയ്സ്ബുക് പോസ്റ്റുകളിലൂടെ പോരടിക്കുകയും ചെയ്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കയർ, എക്സൽ ഗ്ലാസസ് വിഷയങ്ങളിലും സിപിഎം മന്ത്രിമാർക്കെതിരെ സിപിഐ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴും സമാന നിലപാട് തുടരുന്നു. കയർ രംഗത്ത് സിപിഐ യൂണിയനുകൾ തുടങ്ങിയ സമരം പിന്നീട് സിപിഐ ഏറ്റെടുത്തതും ശ്രദ്ധേയമാണ്.

കയർ രംഗത്ത് ഇതുവരെയുള്ള സർക്കാർ നൽകിയിരുന്ന സഹായങ്ങൾ തുടരാൻ പ്രയാസമാണെന്ന മട്ടിലുള്ള ധന, വ്യവസായ മന്ത്രിമാരുടെ പ്രതികരണങ്ങൾ ജില്ലാ സമ്മേളനത്തിൽ വിമർശിക്കപ്പെടുമെന്ന് അറിയുന്നു. തീരശോഷണം സംബന്ധിച്ച പ്രശ്നങ്ങളിൽ ഇപ്പോൾ നടക്കുന്ന സമരങ്ങൾക്ക് അനുകൂലമാണ് സിപിഐയുടെ നിലപാട്. തോട്ടപ്പള്ളിയിലെ ഖനനത്തെ അതിനോടു ചേർത്താണ് പാർട്ടി കാണുന്നത്. മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും ഒരുപോലെ ബാധിക്കുന്നതും പരിസ്ഥിതി പ്രാധാന്യമുള്ളതുമായ പ്രശ്നമെന്ന നിലയിലാണ് സിപിഐ അത് ഏറ്റെടുക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com