ADVERTISEMENT

കാഴ്ചയിൽ ഇത്തിരിക്കുഞ്ഞൻ, ആയുസ്സ് പരമാവധി 2 മാസം. പക്ഷേ, ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രതിവർഷം ലോകത്ത് 8 ലക്ഷത്തോളം പേരുടെ മരണത്തിനു കാരണക്കാരാണ് കൊതുകുകൾ! കൊതുകു നിർമാർജനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ലോകാരോഗ്യ സംഘടനയും സന്നദ്ധ സംഘടനകളും നടപ്പാക്കിവരുന്നുണ്ടെങ്കിലും കൊതുകുകളെ പൂർണമായി തുരത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഡെങ്കിപ്പനിയും മലേറിയയും ഉൾപ്പെടെ കൊതുകു വഴി പരക്കുന്ന രോഗങ്ങൾ നിയന്ത്രണ വിധേയമാണെങ്കിലും ഇല്ലാതാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ജില്ലയിൽ ഈ വർഷം ഇതുവരെ 151 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ കാലയളവിൽ 10 പേർക്ക് മലേറിയയും ബാധിച്ചു. 

കൊതുകുകൾ പലവിധം

ഈഡിസ്

രാജ്യത്തു പ്രധാനമായും 404 കൊതുകു വർഗങ്ങളും ഉപവിഭാഗങ്ങളുമുള്ളതായാണ് കണക്ക്. അനോഫിലിസ് പെൺകൊതുകുകൾ വഴി പകരുന്ന പ്രധാന രോഗമാണ് മലേറിയ. ക്യൂലെക്സ് പെൺകൊതുകുകൾ മന്ത്, എൻസെഫലൈറ്റിസ്, വെസ്റ്റ് നൈൽ രോഗം എന്നിവ പരത്തുന്നു. പ്രധാനമായും മഞ്ഞപ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവയുടെ രോഗാണുക്കളായ വൈറസുകളെ പരത്തുന്നവയാണ് ഈഡിസ് കൊതുകുകൾ.

എല്ലാ കൊതുകും കടിക്കില്ല!

അനോഫിലിസ്

കൊതുകുകളിലെ ബഹുഭൂരിപക്ഷം ഇനങ്ങളും ചോര കുടിക്കുന്നവയല്ല. ഇലകൾ, പൂക്കൾ, കായ്കൾ എന്നിവയുടെ നീര്, പഴച്ചാറ്, സൂക്ഷ്മ ആൽഗകൾ, ബാക്ടീരിയകൾ, അഴുകിയ വസ്തുക്കൾ എന്നിവയൊക്കെയാണ് ഇവ ആഹാരമാക്കുന്നത്. പെൺകൊതുകുകൾ മാത്രമേ രക്തം കുടിക്കാറുള്ളൂ. മുട്ടകൾക്കാവശ്യമായ മാംസ്യപോഷണത്തിനായി മുട്ടയിടുന്നതിനു മുൻപു പെൺകൊതുകുകൾ മനുഷ്യനുൾപ്പെടെയുള്ള ഉഷ്ണരക്തജീവികളുടെ രക്തം കുടിക്കും. ഉദരത്തിൽ, ശരീരഭാരത്തിന്റെ മൂന്നിരട്ടി ഭാരമുള്ളത്ര രക്തം സംഭരിക്കാൻ കൊതുകിനു കഴിയും. വയറു നിറഞ്ഞാൽ രക്തത്തിന്റെ ഭാരംമൂലം പറക്കാൻ ബുദ്ധിമുട്ടായതിനാൽ ഇവ വിശ്രമിക്കുകയാണു പതിവ്. രക്തം ദഹിക്കാൻ ഏതാണ്ട് 45 മിനിറ്റ് വേണ്ടിവരും. രക്തപാനത്തിനു രണ്ടുദിവസം കഴിഞ്ഞ് ഇവ മുട്ടകളിടും.

കൊതുകു ദിനം

ക്യൂലെക്സ്

1897 തൊട്ടാണ് ഓഗസ്റ്റ് 20 ലോക കൊതുകു ദിനമായി ആചരിക്കാൻ തുടങ്ങിയത്. മലമ്പനി അഥവാ മലേറിയ പരത്തുന്നത് അനോഫിലിസ് പെൺകൊതുകുകളാണെന്ന് ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ   റൊണാൾഡ് റോസ് കണ്ടെത്തിയത് അന്നേദിവസമായിരുന്നു. ഈ കണ്ടെത്തലിന്റെ ഓർമയ്ക്കാണ് കൊതുകു ദിനം ആചരിക്കാൻ തീരുമാനിക്കുന്നത്.

‘അടി’ മുതൽ ഷോക്ക് വരെ

ആദ്യ കാലങ്ങളിൽ കൊതുകിനെ തുരത്താനുള്ള ആയുധം ‘കൈ’ ആയിരുന്നു. കൊതുകിനെ ‘തല്ലിക്കൊന്ന്’ വശംകെട്ടപ്പോഴാണ് മറ്റു മാർഗങ്ങളെക്കുറിച്ച് ആളുകൾ ചിന്തിച്ചു തുടങ്ങുന്നത്. അങ്ങനെ കൊതുകു വലകൾ ആ ദൗത്യം ഏറ്റെടുത്തു. എന്നാൽ വലകളിലെ ചെറിയ സുഷിരങ്ങളിലൂടെയും മറ്റും കൊതുകുകൾ വീണ്ടും പണി തുടർന്നു. ഇതിനു പിന്നാലെയാണ് കൊതുകു തിരികളുടെ വരവ്.

കൊതുകിനെ പൂർണമായും തുരത്താൻ സാധിച്ചില്ലെങ്കിലും കൊതുകു തിരി ഒരു പരിധിവരെ ഉപയോഗപ്രദമായിരുന്നു. എന്നാൽ കൊതുകു തിരികളുടെ പുക പലർക്കും പ്രയാസമായതോടെ പുകയില്ലാതെ കൊതുകിനെ തുരത്താനുള്ള, വൈദ്യുതിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ലിക്വിഡുകൾ വിപണിയിൽ എത്തി. കൊതുകിന്റെ എണ്ണത്തിനനുസരിച്ച് വ്യത്യസ്ത രീതിയിൽ ക്രമീകരിക്കാവുന്ന രീതിയിലാണ് ഇവ വിപണിയിൽ എത്തിയത്. എങ്കിലും കൊതുകിനെ നാടുകടത്താൻ ഇവർക്കും സാധിച്ചില്ല. ഇതിനു പിന്നാലെയാണ് ദേഹത്ത് പുരട്ടാവുന്ന ആന്റി മോസ്കിറ്റോ ക്രീമുകൾ വരുന്നത്.

ഇവ ഒരു പരിധിവരെ കൊതുകിനെ അകറ്റിനിർത്തിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ പേടിച്ച് പലരും ഇതുപയോഗിക്കാൻ മടിച്ചു. ഈ ശ്രേണിയിൽ അവസാനമായി എത്തിയത് ഇലക്ട്രിക് മോസ്കിറ്റോ ബാറ്റുകളാണ്. കൊതുകിനെ‘തവിടുപൊടിയാക്കാൻ’ ബാറ്റുകൾ വഴി സാധിച്ചു. എന്നാൽ വാങ്ങി ഒരു മാസത്തിനുള്ളിൽ ബാറ്റുകളെ ഗുണമേന്മ നഷ്ടപ്പെടുന്നതു പതിവായതോടെ ആ വഴിയും അടഞ്ഞു. ഇതിനു പുറമേ കൊതുകിനെ തുരത്താൻ സഹായിക്കുന്ന വൈബ്രേറ്റർ, ലൈറ്റ് തുടങ്ങി വ്യത്യസ്ത പരീക്ഷണങ്ങളുമായി പല കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെ എതിർപാളയത്തിൽ പലരും വന്നുപോയെങ്കിലും കൊതുകുകൾ ഇപ്പോഴും പഴയ ഫോമിൽ തന്നെ!

ജില്ലാതല ഉദ്ഘാടനം പഴവങ്ങാടിയിൽ

ആലപ്പുഴ ∙ ലോക കൊതുക് ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും വിദ്യാർഥികൾക്കുള്ള മത്സരങ്ങളും ഇന്ന് രാവിലെ 9ന് പഴവങ്ങാടിയിൽ നടക്കും. എച്ച്.സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും. ഐഎംഎയുടെയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷന്റെയും സഹകരണത്തോടെ ജില്ലാ ശിശുക്ഷേമ സമിതിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com