ADVERTISEMENT

ആലപ്പുഴ ∙ പിതാമഹൻ ജവാഹർലാൽ നെഹ്റുവിന്റെ പേരിലുള്ള ട്രോഫിക്കായി വള്ളംകളി നടക്കുന്ന അതേ കായൽപരപ്പിൽ ചുണ്ടൻവള്ളം തുഴഞ്ഞ് രാഹുൽ ഗാന്ധി. പിതാവ് രാജീവ് ഗാന്ധിക്കൊപ്പം പണ്ടു സഞ്ചരിച്ച അതേ ബോട്ടിൽനിന്നാണ് രാഹുൽ ചുണ്ടനിലേക്കു കയറിയത്. ഇക്കഴിഞ്ഞ നെഹ്റു ട്രോഫി വള്ളംകളിയിൽ രണ്ടാം സ്ഥാനക്കാരായ കുമരകം എൻസിഡിസി തുഴഞ്ഞ നടുവിലേപ്പറമ്പൻ ചുണ്ടനിൽ ഫിനിഷിങ് പോയിന്റ് വരെയുള്ള ഏതാണ്ട് അഞ്ഞൂറുമീറ്ററോളം തുഴയാൻ തുഴക്കാർക്കൊപ്പം രാഹുലും ചേർന്നു. നെഹ്റുവിന്റെ പേരിലുള്ള പവിലിയനിൽ നെഹ്റുപ്രതിമയുടെ മുന്നിൽ, തനിക്കായി ഒരുക്കിയ വള്ളംകളിയിലെ വിജയികൾക്കു രാഹുൽ സമ്മാനവും നൽകി.

Rahul Gandhi

1952ൽ വള്ളംകളി ഉദ്ഘാടനത്തിനെത്തിയപ്പോൾ ജവാഹർലാൽ നെഹ്റുവും ചുണ്ടനിൽ കയറിയിരുന്നു. അദ്ദേഹം അയച്ചുകൊടുത്ത പ്രൈംമിനിസ്റ്റേഴ്സ് ട്രോഫിയാണ് പിന്നീട് വള്ളംകളി വിജയികൾക്കുള്ള നെഹ്റു ട്രോഫിയായത്. രാജീവിന്റെ സന്ദർശനത്തിന്റെ ഓർമയിൽ രാജീവ്ജി എന്നു പേരിട്ടിരിക്കുന്ന ബോട്ടിൽനിന്നാണ് രാഹുൽ ചുണ്ടനിലേക്കു കയറിയത്. 1985 സെപ്റ്റംബർ 5ന് പ്രധാനമന്ത്രിയായിരിക്കെ വള്ളംകളിക്കെത്തിയപ്പോൾ രാജീവ് ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും അന്ന് ഈ ബോട്ടിൽ കയറിയിട്ടുണ്ട്.  കായലിലെ ഹൗസ്ബോട്ട് യാത്രയുടെ ഇടവേളയിലാണ് രാഹുൽ ചുണ്ടനിൽ തുഴ‍ഞ്ഞത്.

Rahul Gandhi

രാവിലെ പത്തരയോടെ ഹൗസ്ബോട്ടിൽ കയറിയ രാഹുൽ വൈകിട്ട് അഞ്ചോടെയാണ് കായൽയാത്ര അവസാനിപ്പിച്ചത്. വിനോദസഞ്ചാരമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ആ രംഗത്തുള്ളവരുമായി ഹൗസ്ബോട്ടിൽ ആശയവിനിമയം നടത്തി. ഹൗസ്ബോട്ടുകൾ, ഹോംസ്റ്റേ, ട്രാവൽമാർട്ട് തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു. പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.ആർപ്പോ വിളികളോടെയാണ് രാഹുൽ ഗാന്ധിയെ വള്ളത്തിലേക്ക് ടീം അംഗങ്ങൾ സ്വീകരിച്ചത്. ആനാരി, വെള്ളംകുളങ്ങര എന്നീ ചുണ്ടൻവള്ളങ്ങൾ നടുവിലേപ്പറമ്പനൊപ്പം മത്സരിച്ചു തുഴഞ്ഞു.

Rahul Gandhi

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും രാഹുലിനൊപ്പം തുഴഞ്ഞു. രാഹുൽ തുഴഞ്ഞ നടുവിലേപ്പറമ്പൻ ഒന്നാമതും ആനാരി രണ്ടാമതും ഫിനിഷ് ചെയ്തു. തുഴച്ചിൽക്കാർക്കൊപ്പം ആഹ്ലാദം പങ്കിട്ട് സ്നേഹോപഹാരം നൽകിയ ശേഷമാണ് രാഹുൽ മടങ്ങിയത്. രാജീവ് വന്നപ്പോൾ സർക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന ബോട്ട് ഇപ്പോൾ ദാവീദ്പുത്ര ചാരിറ്റബിൾ സൊസൈറ്റിയുടേതാണ്. ആർ.ആർ.ജോഷിരാജിന്റെ ഉടമസ്ഥതയിലുള്ള ബേ പ്രൈഡ് എന്ന ഹൗസ്ബോട്ടിലാണ് ആർ ബ്ലോക്ക്, കുട്ടനാട്, കൈനകരി മേഖലകളിലെ കായൽഭംഗി രാഹുൽ ആസ്വദിച്ചത്. ഉച്ചഭക്ഷണവും വൈകിട്ടത്തെ ചായയും ഹൗസ്ബോട്ടിൽ തന്നെയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com