ADVERTISEMENT

എടത്വ ∙ പുഞ്ചക്കൃഷിക്ക് നിലം ഒരുക്കി കാത്തിരിക്കുന്ന കർഷകർക്ക് ഇരുട്ടടിയായി വിത്ത് ആവശ്യമുള്ള കർഷകർ പകുതി തുക അടയ്ക്കാൻ നിർദേശം. എടത്വ കൃഷിഭവൻ പരിധിയിൽ വരുന്ന കർഷകരോട് നിർദേശിച്ചിരിക്കുന്നത്. വിത്ത് എടുക്കുന്ന ഏജൻസിയിൽ പകുതി തുക അടച്ച് ബുക്ക് ചെയ്യാനാണ് നിർദേശം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് കർഷകർക്കിടയിൽ ഉണ്ടായിട്ടുള്ളത്.കഴിഞ്ഞ സീസൺ വരെ വിത്ത് പൂർണമായും സൗജന്യമായി നൽകുകയായിരുന്നു. കുട്ടനാട്ടിൽ കർണാടക സീഡ് അതോറിറ്റി, നാഷനൽ സീഡ് അതോറിറ്റി, സംസ്ഥാന സർക്കാർ സീഡ് അതോറിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള വിത്താണ് കർഷകർ ഉപയോഗിച്ചിരുന്നത്. എന്നാൽ സൗജന്യമായി കൃഷി ഭവൻ മുഖാന്തരം നൽകുന്നത് സർക്കാർ സീഡ് കോർപറേഷനിൽ നിന്നുള്ള വിത്തായിരുന്നു.

പല വർഷവും വിത്ത് മുളയ്ക്കാതെ വന്നതിനെ തുടർന്ന് കൂടുതൽ കർഷകരും കർണാടക സീഡ് അതോറിറ്റിയിൽ നിന്നു വിത്ത് വാങ്ങി ഉപയോഗിക്കാൻ തുടങ്ങി. ആദ്യം കൃഷിവകുപ്പ് എതിർത്തെങ്കിലും പിന്നീട് വിത്ത് വാങ്ങി ലിസ്റ്റ് നൽകുന്ന മുറയ്ക്ക് ഏജൻസിക്ക് കൃഷിവകുപ്പ് നേരിട്ട് വില നൽകുകയാണ് ചെയ്തത്. ഈ വിത്തും കിളിർക്കാതെ വന്ന സംഭവം ഉണ്ടായതോടെ കർഷകർക്ക് ഇഷ്ടമുള്ള സ്ഥലത്തു നിന്ന് ഇഷ്ടമുള്ള വിത്ത് വാങ്ങാൻ അനുവദിക്കുകയായിരുന്നു. ചില കൃഷി ഭവനുകൾ ഇതിനെ എതിർത്തെങ്കിലും കർഷകർ സ്വകാര്യ വ്യക്തികളുടെ പക്കൽ നിന്നു വിത്ത് വാങ്ങി വിതയ്ക്കാൻ തയാറാകുകയായിരുന്നു.

പിന്നീട് വില കൃഷിഭവൻ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് തുക അടയ്ക്കുകയും ചെയ്തു. ഇക്കുറി വിത്തിന്റെ തുകയുടെ 50 ശതമാനം മാത്രമാണ് സർക്കാർ ഇതിനോടകം അനുവദിച്ചിട്ടുള്ളത്. സർക്കാർ തുക നൽകുന്ന പക്ഷം കർഷകർക്ക് നൽകുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ തലവടി പോലുള്ള കൃഷിഭവനുകൾ ഇക്കുറിയും പൂർണ സബ്സിഡി നൽകാനാണ് തീരുമാനം. സാധാരണ സർക്കാർ സബ്സിഡിയും പഞ്ചായത്തുകളിൽ നിന്നു പദ്ധതി വിഹിതത്തിന്റെ 30 ശതമാനം മുതൽ 40 ശതമാനം വരെ കാർഷിക മേഖലയ്ക്കായി നീക്കി വച്ചിരിക്കുന്ന തുകയിൽ നിന്നും വിത്തിന് സബ്സിഡി നൽകാനായി കൃഷി ഭവനുകൾക്ക് നൽകുകയാണ് ചെയ്യുന്നത്. സർക്കാർ സബ്സിഡിയും പഞ്ചായത്ത് അനുവദിക്കുന്ന സബ്സിഡിയും ചേർത്താണ് കർഷകർക്ക് പൂർണമായും വിത്ത് സൗജന്യമായി നൽകുന്നത്.

തകഴി കൃഷി ഭവനിൽ വർഷങ്ങളായി പുഞ്ച കൃഷിക്കും രണ്ടാം കൃഷിക്കും വിത്ത് പൂർണമായും സൗജന്യമായാണ് നൽകിയിരുന്നത്. എന്നാൽ ഇക്കുറി 1 കിലോ വിത്തിന് 17 രൂപ പ്രകാരം അടയ്ക്കാൻ നിർദേശം നൽകിയെങ്കിലും കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ മറ്റ് ആനുകൂല്യത്തിൽ നിന്നു തുക വകയിരുത്തി പൂർണമായും വിത്ത് സൗജന്യമായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു കിലോ വിത്തിന് 42 രൂപയാണ് വില. തകഴി കൃഷി ഭവനിൽ മാത്രം 2500 ഹെക്ടറിൽ ആണ് കൃഷി ചെയ്യുന്നത്. ഇതിൽ 935 ഹെക്ടറിലേക്ക് ഉള്ള സബ്സിഡി തുക മാത്രമാണ് അനുവദിച്ചിരുന്നത്. തലവടി കൃഷി ഭവനിൽ കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് പൂർണ സബ്സിഡി നൽകാൻ 3,57,0000 രൂപ വേണം. അതിൽ 8,50,000 രൂപ പഞ്ചായത്ത് സബ്സിഡിയായി നൽകും. ബാക്കി തുക സർക്കാരാണ് നൽകേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com