താളംതെറ്റി തെരുവുനായ വന്ധ്യംകരണ പ്രവർത്തനങ്ങൾ; കുത്തിവയ്പ് തുടങ്ങിയത് ആലപ്പുഴ നഗരസഭയിൽ മാത്രം

HIGHLIGHTS
  • തെരുവുനായ്ക്കൾക്ക് കുത്തിവയ്പ് തുടങ്ങിയത് ആലപ്പുഴ നഗരസഭയിൽ മാത്രം
  • താളംതെറ്റി തെരുവുനായ വന്ധ്യംകരണ പ്രവർത്തനങ്ങൾ
alappuzha-dog-bite-victims
SHARE

ആലപ്പുഴ ∙ തെരുവുനായ്ക്കൾക്കുള്ള വാക്സിനേഷൻ നടപടികൾ ജില്ലയിൽ പുരോഗമിക്കുകയാണ്. നിലവിൽ ആലപ്പുഴ നഗരസഭയിൽ മാത്രമാണു തെരുവുനായ്ക്കൾക്ക് കുത്തിവയ്പ് ആരംഭിച്ചിട്ടുള്ളത്.  വളർത്തുനായ്ക്കൾക്കുള്ള വാക്സിനേഷൻ പലയിടത്തും പകുതിയിലധികമായി. പക്ഷേ, തെരുവുനായ വന്ധ്യംകരണത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ഡോഗ് ക്യാച്ചർമാരെ കിട്ടാത്തതു കാരണം, വന്ധ്യംകരണം പ്രവർത്തനങ്ങൾ താളംതെറ്റുകയാണ്.

വാക്സിനേഷൻ ചിലയിടത്തു മുടങ്ങുന്നതിനും കാരണമിതാണ്. തുറവൂർ താലൂക്കാശുപത്രിയിൽ തെരുവുനായയുടെ കടിയേറ്റ് ഇന്നലെ ചികിത്സ തേടിയത് 5 പേരായിരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പേവിഷ പ്രതിരോധ കുത്തിവയ്പ്പിൽ ഇന്നലെ 209 തെരുവുനായ്ക്കൾ ഉൾപ്പെടെ 2,688 നായ്കൾക്ക് കുത്തിവയ്പ് നൽകി. 3 ദിവസം കൊണ്ട് 572 തെരുവുനായ്ക്കൾക്കാണ് വാക്സിനേഷൻ നൽകിയത്. നഗരസഭാ പരിധിക്കുള്ളിൽ ഏകദേശം 10,000 നായ്ക്കളുണ്ടെന്നാണു കണക്കാക്കുന്നത്. 

alappuzha-ahammed
നായ പുറകെ ഓടിയപ്പോൾ കനാലിൽ വീണ് പരുക്കേറ്റ അഹമ്മദ് അഹദ് (ഫയൽ ചിത്രം).

ഞെട്ടൽ മാറാതെ അഹമ്മദ് അഹദ്

ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെയാണ് സിവിൽ സ്റ്റേഷൻ വാർഡിൽ മുഖാംപുരയിടത്തിൽ താജുദ്ദീന്റെ മകൻ അഹമ്മദ് അഹദിനെ തെരുവുനായ ആക്രമിച്ചത്. സൈക്കിൾ നിയന്ത്രണം വിട്ട് കനാലിൽ വീണ അഹമ്മദിനെ (15) സമീപത്ത് വല വീശിക്കൊണ്ടിരുന്ന തൊഴിലാളികളാണ് കരയ്ക്കെത്തിച്ചത്. 

വീഴ്ചയെ തുടർന്ന് അഹദിന്റെ തലയ്ക്കും മുഖത്തും കഴുത്തിനും പരുക്കേറ്റിരുന്നു. കഴുത്തിന്റെ പരുക്ക് ഇപ്പോഴും ഭേദമായിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച മുതലാണ് അഹദ് സ്കൂളിൽ പോകാൻ ആരംഭിച്ചത്. സംഭവത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ഇപ്പോഴും ഉള്ളിൽ ഭയമാണെന്ന് അഹദ് പറയുന്നു.

alappuzha-guruswamy
മൂന്നുവർഷം മുൻപ് ചേർത്തലയിൽ തെരുവുനായയുടെ കടിയേറ്റ ഗുരുസ്വാമി കാലിലെ പാട് കാണിക്കുന്നു.

മൂന്നു വർഷമായി കേസ്

ചേർത്തല ∙ തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റതിനെത്തുടർന്ന് നഷ്ടപരിഹാരം ലഭിക്കാൻ ഗുരുസ്വാമി കേസ് തുടങ്ങിയിട്ട് 3 വർഷം. ചേർത്തല നഗരസഭ 12 –ാംവാർഡ് ആശാരിപറമ്പിൽ എസ്. ഗുരുസ്വാമി(63)യെ ചേർത്തല ഗേൾസ് ഹൈസ്കൂളിനു സമീപത്തെ സ്വകാര്യ സ്കാനിങ് സെന്ററിനു മുന്നിൽവച്ച് 2019 ഡിസംബറിലാണ് തെരുവുനായ കടിച്ചത്. ചേർത്തല–അരൂക്കുറ്റി റോഡിൽ ശാവേശേരിക്കു സമീപം റോഡിലൂടെ നടന്നുവന്ന അഞ്ചുപേരെ കടിച്ചതിനു ശേഷമാണു നായ ഗുരുസ്വാമിയെയും കടിച്ചത്. 

കാലിലും കയ്യിലും പരുക്കുണ്ടായിരുന്നു. കൈവിരലിൽ അന്ന് പരുക്കേറ്റതിനാൽ ഇപ്പോൾ കൈവിരൽ മടക്കാൻ സാധിക്കില്ലെന്നു ഗുരുസ്വാമി പറയുന്നു. അന്നത്തെ നഗരസഭ ചെയർമാൻ വി.ടി.ജോസഫും കൗൺസിലർ പി.ജ്യോതിമോളും സ്ഥലത്തെത്തി ഡോഗ് ക്യാച്ചർമാരെ എത്തിച്ചാണ് നായയെ പിടികൂടി കണിച്ചുകുളങ്ങരയിലെ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ചത്. ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ നായയ്ക്ക് പേവിഷബാധയുണ്ടെന്നു തെളിഞ്ഞു.

രണ്ടുദിവസം കഴിഞ്ഞപ്പോൾ നായ ചത്തുപോകുകയും ചെയ്തു. നായയുടെ കടിയേറ്റതിനാൽ നഗരസഭയിൽ നിന്ന് വൈദ്യസഹായത്തിന് പണം ലഭ്യമാകുമെന്നറിഞ്ഞതോടെയാണു നഗരസഭ സെക്രട്ടറിയെ എതിർ കക്ഷിയാക്കി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് എസ്. സിരിജഗൻ കമ്മിറ്റിക്ക് പരാതി നൽകിയത്. മൂന്നു വർഷമായി കേസ് നടപടികൾ തുടരുമ്പോഴും നഗരസഭയുടെ ഭാഗത്തുനിന്ന് ഇതുവരെയും അനുകൂല നടപടിയുണ്ടായില്ലെന്നാണ് ഗുരുസ്വാമി ആരോപിക്കുന്നത്.

വാക്സീൻ പുറത്തുനിന്നു വാങ്ങണം

വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റ രണ്ടു വയസ്സുകാരിക്ക് മെഡിക്കൽ കോളജിൽ നിന്ന് മുറിവിന് ചുറ്റും കുത്തിവയ്ക്കുന്ന ഇമ്യൂണോഗ്ലോബുലിൻ ലഭിക്കാതിരുന്നത് വ്യാപക പരാതികൾക്കു കാരണമായിരുന്നു. കഴിഞ്ഞ 27നാണ് കൊമ്മാടി പുളിയ്ക്കൽ ക്രിസ്റ്റഫർ–അനീറ്റ ദമ്പതികളുടെ രണ്ടു വയസ്സുള്ള കുട്ടിക്ക് അയൽവാസിയുടെ വളർത്തുനായയുടെ നഖം കൊണ്ട് മുഖത്ത് പരുക്കേറ്റത്.  ഉടൻ തന്നെ കുട്ടിയെ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവയ്പ് നൽകിയിരുന്നു. എന്നാൽ മുറിവിനു ചുറ്റും കുത്തിവയ്ക്കുന്ന ഹ്യൂമൻ റാബീസ് ഇമ്യൂണോഗ്ലോബുലിൻ ആശുപത്രിയിൽ സ്റ്റോക്ക് ഉണ്ടായിരുന്നില്ല.

ഇതു പുറത്തുനിന്ന് വാങ്ങി നൽകാൻ വീട്ടുകാരോട് ആശുപത്രി അധികൃതർ നിർദേശിക്കുകയായിരുന്നു. സാധാരണ മൃഗങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഇക്വൈൻ റാബീസ് ഇമ്യൂണോഗ്ലോബുലിനാണ് മുറിവിനു ചുറ്റും കുത്തി വയ്ക്കുന്നത്. ഇതു ചിലർക്ക് അലർജി ഉണ്ടാക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടിക്ക് ഹ്യുമൻ വാക്സിൻ നിർദേശിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നിലവിൽ തണ്ണീർമുക്കം, കഞ്ഞിക്കുഴി പിഎച്ച്‌സികളിൽ വാക്‌സീൻ ഇല്ല.

വളർത്തു നായ്ക്കൾ‍ക്കുള്ള വാക്സിനേഷൻ കണക്ക് (താലൂക്ക് അടിസ്ഥാനത്തിൽ)

ചെങ്ങന്നൂർ 333
മാവേലിക്കര 402
കാർത്തികപ്പള്ളി 495
കുട്ടനാട് 244
ചേർത്തല 758
അമ്പലപ്പുഴ 247

പേവിഷബാധ ദിന ജില്ലാതല ഉദ്ഘാടനം ഇന്ന്

പേവിഷബാധ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് ഗവ. മുഹമ്മദൻസ് ഗേൾസ് സ്കൂളിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം ജലജ ചന്ദ്രൻ നിർവഹിക്കും. ജില്ല ചൈൽ‌ഡ് പ്രൊട്ടക്‌ഷൻ ഓഫിസ്, ഐഎംഎ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘പേവിഷബാധ അറിയേണ്ടതും കരുതലും’ എന്ന വിഷയത്തിൽ കോട്ടയം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.സൈറു ഫിലിപ്പ് ക്ലാസ് നയിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}