‘വണ്ടി മറ്റൊരു ട്രക്കിനടുത്തു നിർത്തി, തോക്കുകളുമായി കുറെപ്പേർ പുറത്തിറങ്ങി’; പിന്നീടു നടന്ന സംഭവങ്ങൾ വിവരിച്ച് ആ യുവാവ്

men-skech
SHARE

ആലപ്പുഴ ∙ ‘അമ്മയുടെ പ്രാർഥനകൊണ്ടു മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്; മക്കളുടെ ഭാഗ്യം കൊണ്ടും’ – മ്യാൻ‍മറിൽ തൊഴിൽ തട്ടിപ്പിനിരയായി തിരിച്ചെത്തിയ, ആലപ്പുഴ സ്വദേശിയായ യുവാവിന്റെ വാക്കുകൾ. അവസാനത്തെ 6 ദിവസം വെള്ളം മാത്രമായിരുന്നു ഭക്ഷണം. സൗദിയിൽ സർക്കാർ സർവീസിലായിരുന്നു. ഭാര്യയും മക്കളുമൊക്കെ കൂടെയുണ്ടായിരുന്നു. സ്വദേശിവൽക്കരണം വന്നതോടെ അവിടത്തെ ജോലി പോയി. നാട്ടിലേക്കു മടങ്ങാതെ വയ്യെന്നായി. കടങ്ങൾ തീർക്കാൻ വേറെ വഴിയില്ലെന്നു വന്നതോടെയാണ് തായ്‌ലൻഡിലെ ജോലിക്കു പോകാൻ തീരുമാനിച്ചത്.

കടം വാങ്ങിയാണ് ഏജന്റിനു തുക നൽകിയത്. യാത്രച്ചെലവും മറ്റുമായി പിന്നെയും പണം വേണ്ടിവന്നു. വീടിനടുത്തുള്ള ഏജന്റായിരുന്നതിനാൽ കൂടുതലൊന്നും ചിന്തിച്ചില്ല. എയർപോർട്ടിൽ ഇറങ്ങിയപ്പോൾ‍ കമ്പനി വണ്ടി വന്നു. വലിയ ഹോട്ടലിൽ നിന്നായിരുന്നു ഭക്ഷണം. എല്ലാ ദുരിതങ്ങളും തീർന്നെന്നു സ്വപ്നം കണ്ടാണ് വണ്ടിയിലിരുന്നു മയങ്ങിയത്. പക്ഷേ, മെയിൻ റോഡിൽനിന്നു പതുക്കെ വണ്ടി തിരിഞ്ഞതോടെ സംശയമായി. കൂടെ മലയാളികളാരും ഇല്ലായിരുന്നു. കുറെ സമയം കഴിഞ്ഞപ്പോൾ വണ്ടി മറ്റൊരു ട്രക്കിനടുത്തു നിർത്തി. തോക്കുകളുമായി കുറെപ്പേർ പുറത്തിറങ്ങി.

പിന്നെ ഓഫ് റോഡ് യാത്രയായിരുന്നു. ഒരു മല മുഴുവൻ നടത്തിച്ചു. ഒരു പുഴ കടത്തി. അതിനുശേഷമാണ് കമ്പനിയിൽ എത്തുന്നത്. കമ്പനിയെന്നു പറഞ്ഞാൽ പോരാ, ഒരു ചെറിയ ടൗൺ. സൂപ്പർ മാർക്കറ്റും ഹോട്ടലുകളുമൊക്കെയുള്ള ടൗൺ. പക്ഷേ, അതിനു ചുറ്റും മതിലുണ്ടെന്നും പുറത്തേക്കു കടക്കണമെങ്കിൽ അനുമതി വേണമെന്നും തായ്​ലൻ‍ഡിനു പകരം മ്യാൻമറിലാണ് എത്തിയിരിക്കുന്നതെന്നും അറിയുന്നതു പിന്നീടാണ്. ആദ്യം അവർ സോഫ്റ്റ്​വെയറിനെക്കുറിച്ചു പഠിപ്പിക്കും. പരീക്ഷ പാസായാൽ ജോലിക്കു കയറാം. ജോലി എന്താണെന്നു പിന്നീടാണു മനസ്സിലായത്. ആളുകളെ പറ്റിക്കണം. അവരുടെ ബാങ്ക് അക്കൗണ്ടിൽനിന്നു പണം അപഹരിക്കണം. ധാരാളം ഫെയ്സ്ബുക്, വാട്സാപ് ഐഡികൾ തരും.

ഇല്ലാത്ത പ്ലാറ്റ്ഫോമുകളുണ്ടാക്കി പണം നിക്ഷേപിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് രീതി. പലരും പാർട്‌ടൈം ജോലിയുടെ ലിങ്കുകള്‍ വഴിയാകും വിവരങ്ങൾ നൽകുക. അതുവച്ച് അവരുടെ പണം തട്ടിയെടുക്കും. ഒരു ദിവസം എനിക്കു ലഭിച്ച കസ്റ്റമർക്ക് മറ്റൊരു വാട്സാപ്പിൽനിന്നു ഞാൻ സന്ദേശം അയച്ചു: തട്ടിപ്പാണ്, പണം അയയ്ക്കരുത്. സന്ദേശം കമ്പനി പിടിച്ചതോടെ ജോലി പോയി. അതിലെനിക്കു ദുഃഖമില്ല. നാട്ടിലേക്കു മടങ്ങണം എന്നറിയിച്ചപ്പോൾ കാത്തിരിക്കൂ എന്നായിരുന്നു മറുപടി. നൽകിയ ഫുഡ് കൂപ്പൺ പിടിച്ചെടുത്തു. അതോടെ ഭക്ഷണവും ലഭിക്കാതെയായി. പല കാരണങ്ങൾ പറഞ്ഞ് ശമ്പളവും നൽകിയില്ല. ജിപ്സം കൊണ്ടുള്ള കെട്ടിടങ്ങളാണ് അവിടെ.

കമ്പനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടു വന്നാൽ ആ കെട്ടിടങ്ങൾ മുഴുവൻ നിമിഷനേരം കൊണ്ട് ഇല്ലാതാക്കാം. ജോലിയിൽ പിഴവു വന്നാൽ ശിക്ഷകളുമുണ്ട്. കെട്ടിടത്തിനു ചുറ്റും ഓടിക്കും. വാട്ടർ കാനെടുത്ത് ഗോവണി കയറ്റും.  മറ്റാരെയെങ്കിലും പറ്റിച്ചുള്ള പണം എനിക്കു വേണ്ട. അതെന്റെ തീരുമാനമായിരുന്നു. ഓരോ മുറിയിലും ഞാൻ കയറിയിറങ്ങി. എന്നെപ്പോലെ, തട്ടിപ്പിനിരയായവരുണ്ടോ എന്നന്വേഷിച്ചു. അന്ന് ആരും ഇല്ലായിരുന്നു. എന്റെ കൂടെ വന്ന പലർക്കും ജോലി ആദ്യം പ്രശ്നമല്ലായിരുന്നു. അവരെല്ലാം എന്റെ വീട്ടിലേക്കു വിളിച്ചുപറഞ്ഞത് എന്റെ കുഴപ്പം കൊണ്ടാണ് ജോലി പോയതെന്നാണ്. ഇതോടെ, വീട്ടുകാർക്കും എന്നോടു ദേഷ്യമായി. ബിപി കൂടി ആശുപത്രിയിലായ വിവരം വീട്ടുകാർ പോലും ആദ്യം വിശ്വസിച്ചില്ല.

വീട്ടിൽ‍നിന്നു പണമയയ്ക്കാൻ പറഞ്ഞപ്പോൾ വീട്ടുകാർക്കും ബുദ്ധിമുട്ടായി. കഷ്ടപ്പെട്ടു സ്വന്തമാക്കിയ കാർ വരെ വിൽക്കേണ്ടിവന്നു.  രാവിലെ മുതൽ രാത്രി വരെ ഒരു മുറിയിൽ ഭക്ഷണമൊന്നുമില്ലാതെ കഴിയുക. കട്ടിലിനു ചുറ്റും ഷീറ്റ് കൊണ്ടു മറച്ച് ഇരുട്ടാക്കിയാണ് ഞാൻ കഴിഞ്ഞത്. ആരെയും കാണാൻ എനിക്കു താൽപര്യമില്ലായിരുന്നു. ഇങ്ങോട്ടു വരുന്നതിന്റെ അവസാന നാളുകളിൽ എന്റെ മുറിയിൽ വെള്ളം പോലുമില്ലായിരുന്നു. കുളിച്ചിട്ടു ദിവസങ്ങളായി. ഫ്ലൈറ്റിൽ അടുത്തിരുന്നവര്‍ മൂക്കുപൊത്തുന്നുണ്ടായിരുന്നു.  കേസിനു പിന്നാലെ പോകാൻ വയ്യ. നിവൃത്തിയില്ല. എന്തു ജോലിയും ചെയ്യാമെന്ന അവസ്ഥയിലാണു ഞാൻ. മക്കളുണ്ട്, ഭാര്യയുണ്ട്, മാതാപിതാക്കളുണ്ട്, ഒപ്പം കുറെ കടങ്ങളും. രക്ഷപ്പെടണം. മക്കളെ നല്ല രീതിയിൽ വളർത്തണം. അതു മാത്രമേ ഇപ്പോൾ‍ മനസ്സിലുള്ളൂ. നാട്ടിലിപ്പോൾ മക്കളെ അടുത്തുകിടത്തിയാണ് ഉറങ്ങുന്നത്. ഒറ്റയ്ക്കു കിടക്കാൻ പേടിയാണ്. രാത്രി പലതവണ ഞെട്ടി എഴുന്നേറ്റ് നോക്കിയിട്ടുണ്ട്, നാട്ടിൽ തന്നെയല്ലേ എന്ന്!

മ്യാൻമറിലേക്ക് ആളുകളെ കടത്തുന്ന സംഘത്തിൽ വിദേശത്തുള്ള മലയാളി ഏജന്റും

ആലപ്പുഴ∙ തായ്​ലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി മ്യാൻമറിലേക്ക് ആളുകളെ കടത്തുന്ന സംഘത്തിൽ വിദേശത്തു പ്രവർത്തിക്കുന്ന മലയാളി ഏജന്റും ഉണ്ടെന്നു സൂചന. തിരുവനന്തപുരം സ്വദേശിയാണ് മ്യാൻമറിലെ കമ്പനിയിൽ പ്രവർത്തിച്ചുകൊണ്ട് നാട്ടിൽ നിന്ന് ആളുകളെ തട്ടിപ്പിൽ പെടുത്തുന്നത്. ആലപ്പുഴയിൽ നിന്ന് ഉൾപ്പെടെയുള്ളവരുടെ കയ്യിൽനിന്നു പണം തട്ടിയെടുത്ത തമിഴ്നാട് സ്വദേശിയായ ഏജന്റിന്റെ  ബന്ധുവും വിദേശത്തെ കമ്പനിയിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ ലഭിച്ചതിനു ശേഷവും സംസ്ഥാനത്തു നിന്ന് ആളുകളെ റിക്രൂട്ട്മെന്റ് ചെയ്തിട്ടുണ്ടെന്നാണു വിവരം.

ജോലി  സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചാണ് ആളുകളെ കടത്തുന്നത്. എയർപോർട്ടിൽ എത്തുന്നവരെ സ്വീകരിക്കാൻ വാനും മറ്റു സൗകര്യങ്ങളുമുണ്ടാകും. പിന്നീട് ഇവരെ മറ്റൊരു ട്രക്കിലേക്കു മാറ്റും. ട്രക്കിലേക്കു മാറുമ്പോൾ പിടിച്ചെടുക്കുന്ന ഫോണും പാസ്പോർട്ടും കമ്പനിയിലെത്തിയതിനുശേഷമേ തിരിച്ചു നൽകൂ.  ഇതോടെ, ഇവിടെയെത്തുന്നവർക്ക് പുറത്തേക്കു പോകാനുള്ള എല്ലാ പഴുതും  അടയും. സോഫ്റ്റ്​വെയർ പരിശീലനവും മറ്റും നൽകുന്ന ആദ്യ മാസത്തിൽ മാത്രമേ ശമ്പളം ലഭിക്കൂ എന്ന് രക്ഷപ്പെട്ടെത്തിയവർ പറയുന്നു.

‘പണി റെഡിയാണ്’ പക്ഷേ, തായ്‌ലൻഡിലല്ല! 

തമിഴ്നാട് സ്വദേശിയാണ് മുഖ്യ ഏജന്റ്. ഇയാളാണു പണമിടപാടു മുഴുവൻ നടത്തുന്നത്. ജോലി ഓഫറുകൾ‍ ഇയാൾ താഴെത്തട്ടിലുള്ള ഏജന്റുമാർക്കു കൈമാറും. തട്ടിപ്പാണെന്ന് അറിയാതെയാണ് ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ ഇരകൾക്കു കൈമാറിയതെന്നാണ് ജില്ലയിലെ ഏജന്റുമാരുടെ വാദം.തമിഴ്നാട് സ്വദേശിയായ ഏജന്റ് ഇപ്പോഴും ‘ജോലി നൽകാൻ’ തയാറാണ്. തായ്​ലൻഡിൽ ചെറിയൊരു പ്രശ്നമുണ്ടെന്നും അതു പരിഹരിച്ചാലുടൻ ശരിയാക്കാമെന്നുമാണ് വാഗ്ദാനം. ഏജന്റുമായി മനോരമ ലേഖിക നടത്തിയ ഫോൺ സംഭാഷണത്തിൽനിന്ന്.

? തായ്​ലൻഡിൽ ജോലി നൽകുമെന്നറിഞ്ഞ് വിളിച്ചതാണ്.
∙ തായ്​ലൻഡിലോ? ആരു പറഞ്ഞു?
? ജോലി ഓഫറുകളെക്കുറിച്ച് അറിയാനായിരുന്നു.
∙ എവിടേക്കാണ് നോക്കുന്നത്?
? തായ്​ലൻഡിലേക്ക്
∙ ആരാണ് നമ്പർ‍ തന്നത്?
? എന്റെ സുഹൃത്തിന്റെ സുഹൃത്താണ്. ജോലി വല്ലതും?
∙ ശരിയാക്കാം. പക്ഷേ, തായ്​ലൻഡിലേക്കു പറ്റില്ല. അവിടെ ചെറിയൊരു പ്രശ്നമുണ്ട്.
? പ്രശ്നമോ?
∙ തുറന്നു പറയാമല്ലോ, എന്നെ അവിടത്തെ ഏജന്റുമാർ പറ്റിച്ചു. രണ്ടുപേർ അവിടെ പെട്ടുകിടക്കുകയാണ്. അതുകൊണ്ട്, തായ്​ലൻഡിലേക്കു പോക്കു നടപ്പില്ല.
? എവിടെയെങ്കിലും ജോലി ശരിയാകുമോ?
∙ അതു നോക്കാം. തല്‍ക്കാലം തായ്‌ലൻഡ് വേണ്ട.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}