ADVERTISEMENT

വള്ളികുന്നം ∙ വള്ളികുന്നം മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഇന്നലെ കൂട്ടമായി എത്തിയ തെരുവ് നായ്ക്കൾ വള്ളികുന്നം സംസ്കൃത സ്കൂളിന് സമീപം ആൽത്തറവിള വടക്കതിൽ ബൈജുവിന്റെ വീട്ടിലെ ആടിനെ കടിച്ചു കൊന്നു. ഒരാടിന് കടിയേറ്റ് ഗുരുതര നിലയിലാണ്. പറമ്പിൽ കെട്ടിയിരുന്ന 9 മാസം പ്രായമുള്ള രണ്ട് ആട്ടിൻ കുട്ടികളെയാണ് പതിനഞ്ചോളം വരുന്ന നായ്ക്കൾ കൂട്ടമായി എത്തി ആക്രമിച്ചത്. ആടുകളുടെ കരച്ചിൽ കേട്ട് ഓടി എത്തിയ വീട്ടുകാർ ഏറെ കഷ്ടപ്പെട്ടാണ് നായ്ക്കളെ തുരത്തിയത്.

സിരോകി ഇനത്തിൽപ്പെട്ട ആട്ടിൻ കുട്ടിക്ക് 20,000 രൂപ വില വരുമെന്ന് വീട്ടുകാർ പറയുന്നു. മേഖലയിൽ വളർത്തു മൃഗങ്ങളെയും കോഴികളെയും താറാവുകളെയും നായ്ക്കൾ ആക്രമിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തു തെരുവ് നായ്ക്കളുടെ ശല്യം ഭീതിജനകമായി കൂടിയിട്ടും വേണ്ട നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന നായ്ക്കൾ പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെയാണ് ആക്രമാസക്തരാകുന്നത്. ഒട്ടേറെപ്പേർ കടിയേറ്റ് ചികിത്സ തേടുന്നുണ്ട്.

കൂടാതെ നായ്ക്കൾ റോഡിൽ തലങ്ങും വിലങ്ങും ഓടുന്നത് മൂലം ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാണ്. രാത്രി കൂട്ടത്തോടെ എത്തുന്ന നായ്ക്കൾ ഇരുചക്രവാഹനങ്ങളുടെ പിന്നാലെ ഓടി ആക്രമിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. സ്കൂൾ വിദ്യാർഥികളും ഏറെ ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്. വർധിച്ച് വരുന്ന നായ ശല്യത്തിന് പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്ത് നിന്നും ക്രിയാത്മകമായ നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com