ADVERTISEMENT

ആലപ്പുഴ ∙ ദേവസ്വം ബോർഡിലെ ജോലി തട്ടിപ്പിനു പിന്നാലെ മാവേലിക്കരയിൽ വിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്തു ഹോം നഴ്സ് പണം അപഹരിച്ചതായി സൂചന, പരാതിയുമായി സ്റ്റേഷനിൽ ചെന്നിട്ടും കേസെടുത്തില്ലെന്ന് ആക്ഷേപം. കോട്ടയ്ക്കകം സ്വദേശിയുടെ ഉൾപ്പെടെ 5 പേരിൽ നിന്നും 5.35 ലക്ഷം രൂപ കബളിപ്പിച്ചു. മാവേലിക്കരയിൽ ഹോം നഴ്സായി ജോലി ചെയ്ത ചെറിയനാട് സ്വദേശിനിക്ക് എതിരെയാണു പരാതി. അയൽവാസികളോട് അടുപ്പം പുലർത്തിയ ഹോം നഴ്സ് സ്വന്തം ആവശ്യത്തിനായി 25000 രൂപ ഒരു അയൽവാസിയിൽ നിന്ന് ആദ്യം കടം വാങ്ങി. സർക്കാർ ജോലി ലഭിക്കുന്നതിനു നൽകാനാണെന്നാണു പറഞ്ഞത്.

പൈസ നൽകിയാൽ മക്കൾക്കും ജോലി ലഭിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു അയൽവാസികളിൽ നിന്നു 2 ലക്ഷം രൂപയും വാങ്ങി. ഇതറിഞ്ഞ മറ്റു 3 പേരും പണം നൽകി. കുറച്ചു ദിവസങ്ങൾക്കു ശേഷം ജോലി ആയെന്നു വിശ്വസിപ്പിക്കാനായി വിവിധ സർക്കാർ ഓഫിസുകളിലെ ഫയലുകളുടെ പകർപ്പുകൾ നൽകി.സംഭവം തട്ടിപ്പാണെന്നു ബോധ്യമായതോടെ പണം നൽകിയവരിൽ ചിലർ കഴിഞ്ഞ ജൂൺ 24നു മാവേലിക്കര സ്റ്റേഷനിൽ പരാതിയുമായെത്തി.  അന്നു സ്റ്റേഷനിൽ ഉണ്ടായിരുന്ന ഇപ്പോഴത്തെ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരു എസ്ഐ അനധികൃതമായി ജോലി സമ്പാദിക്കാൻ ശ്രമിച്ചതിനു കേസെടുക്കുമെന്നു ഭീഷണിപ്പെടുത്തി വാദിയെ മടക്കി അയച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തട്ടിപ്പിനിരയായവർ ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകാൻ ഒരുങ്ങുകയാണ്.

സമ്മാനമായി നൽകിയ മൊബൈൽ ഫോൺ കണ്ടെത്തി

ദേവസ്വം വകുപ്പിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ചെട്ടികുളങ്ങര ഈരേഴ തെക്ക് അയ്യപ്പഭവനം അനന്തകൃഷ്ണനു (അനന്തു–23) കേസിലെ മുഖ്യപ്രതി വിനീഷ് രാജ് വാങ്ങി നൽകിയ ഒന്നര ലക്ഷം രൂപയോളം വിലയുള്ള മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. അനന്തകൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു വിലകൂടിയ മൊബൈൽ ഫോൺ കണ്ടെത്തിയത്.

ജോലിതട്ടിപ്പിന് ഇരകളെ കണ്ടെത്തി പണം വാങ്ങി നൽകിയപ്പോൾ കമ്മിഷനായി തുക നൽകിയതിനൊപ്പമാണു സമ്മാനങ്ങളും നൽകിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ അനന്തകൃഷ്ണന്റെ അമ്മ കെ.ജെ.സിനിയെ (സിനി എസ്.പിള്ള–47) കസ്റ്റഡിയിൽ വാങ്ങുന്നതിന് അപേക്ഷ നൽകുമെന്നു അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ.ആർ ജോസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com