ഓരുവെള്ളം വരുമ്പോൾ വൈക്കം ഭാഗത്തേക്കു പോകുന്ന ആറ്റുകൊഞ്ച്; ആ സഞ്ചാരം തടസ്സപ്പെട്ടു, ലഭ്യതയിൽ വൻ ഇടിവ്

In Kuttanad, this underwater wall 'kills' Freshwater prawn
കുട്ടനാടൻ കൊഞ്ച്
SHARE

ആലപ്പുഴ ∙ മത്സ്യലഭ്യത കുറഞ്ഞതിനെത്തുടർന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. കായൽ, ഉൾത്തോടുകൾ എന്നിവയെ ആശ്രയിച്ചുള്ള മത്സ്യബന്ധനമാണ് പ്രതിസന്ധിയിൽ ആകുന്നത്. മത്സ്യ പ്രജനനം കൂടുതലായി നടക്കുന്ന ഉൾത്തോടുകൾ നികന്നതാണ് പ്രധാന കാരണം.

1960കളിൽ കായലിൽ നിന്ന് ഏകദേശം 23,000 ടൺ മത്സ്യം ലഭിച്ചിരുന്ന സ്ഥാനത്ത് സമീപ വർഷങ്ങളിൽ 4,400 ടണ്ണിൽ താഴെ മാത്രമാണു ലഭിക്കുന്നത്. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ ഒരു കിലോ മീൻ പോലും ലഭിക്കാത്ത ദിവസങ്ങളുണ്ടെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. താരതമ്യേന കടൽ മീനുകളെക്കാൾ കായൽ മീനുകൾക്കു വിലയും കുറവാണ്. ‌

സൂനാമി ദുരന്തത്തിന് ശേഷം ചെളിയടിഞ്ഞതോടെ മിക്ക തോടുകളും നികന്ന സ്ഥിതിയാണ്. ഇതോടെ ചെറിയ ജലാശയങ്ങളിൽ നിന്ന് മത്സ്യം കായലിലേക്ക് എത്താതെ ആയി. ഉൾനാടൻ ജലാശയങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞ അവസ്ഥയിലുമാണ്.പോളയും മാലിന്യവും കാരണം മീൻ പിടിക്കാൻ കഴിയാത്തതും പല ബോട്ടുജെട്ടികളിലും ചെളിയടിഞ്ഞ കാരണം വള്ളമിറക്കാൻ കഴിയാത്തതും മീൻപിടിത്തത്തെ ബാധിക്കുന്നുണ്ട്. മുൻപ് കടലി‍ൽ പോകാൻ കഴിയാത്ത സമയത്ത് ഉൾനാടൻ മത്സ്യബന്ധനത്തിലേക്ക് ഏറെപ്പേർ എത്താറുണ്ടായിരുന്നു. എന്നാലിപ്പോൾ കായലിലും മീനില്ലാത്ത അവസ്ഥയാണ്.

മത്സ്യ സഞ്ചാരം തടസ്സപ്പെട്ടു

വേമ്പനാട്ടു കായലിലെ മത്സ്യലഭ്യതയ്ക്ക് ഓരുവെള്ളത്തിന്റെ വരവുമായി കാര്യമായ ബന്ധമുണ്ട്. ഓരുവെള്ളം എത്തുന്നതോടെ പ്രജനനം നടത്തുന്ന മീനുകൾ ഉണ്ട്. ബണ്ട് അടച്ചിടുന്നതിനാൽ ഓരുവെള്ളം കുട്ടനാട് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് എത്താതായി.  ആകെ ലഭിക്കുന്ന 4,400 ടൺ മത്സ്യത്തിൽ 700 ടൺ മാത്രമാണ് ബണ്ടിന്റ െതക്കുഭാഗത്തു നിന്ന് ലഭിക്കുന്നത്. കായലിലെ മാലിന്യം കുറയ്ക്കുന്നതിനും പോള കരിയുന്നതിനും ഓരുവെള്ളം സഹായകമായിരുന്നു.

ഓരുവെള്ളം വരുമ്പോൾ വൈക്കം ഭാഗത്ത് പോയി പ്രജനനം നടത്തുന്നതാണ് ആറ്റുകൊഞ്ച്. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ വടക്കോട്ട് സഞ്ചരിക്കും. എന്നാൽ പ്രജനന ശേഷം കുഞ്ഞുങ്ങൾ തെക്കോട്ട് സഞ്ചരിക്കുന്ന ഡിസംബർ–ജനുവരി മാസങ്ങളിൽ തണ്ണീർമുക്കം ബണ്ട് അടഞ്ഞു കിടക്കാറാണ് പതിവ്. അതോടെ ബണ്ടിന്റെ തെക്കു ഭാഗത്ത് ആറ്റുകൊഞ്ചിന്റെ ലഭ്യതയിൽ വൻ ഇടിവ് വന്നു. 1960കളിൽ 400 ടൺ ആറ്റുകൊഞ്ച് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 20 ടൺ മാത്രമാണ് ലഭിക്കുന്നത്.

വേമ്പനാട്ട് കായലിലും ദേശാടനം നടത്തുന്ന മത്സ്യങ്ങളുണ്ട്. മുട്ടയിടാനായി വൈക്കം ഭാഗത്തേക്കു പോകുന്ന ആറ്റുകൊഞ്ച് ഉൾപ്പെടെയുള്ള മത്സ്യങ്ങൾക്ക് തണ്ണീർമുക്കം ബണ്ട് തടസ്സമാകുന്നു. മത്സ്യങ്ങൾക്ക് യഥേഷ്ടം സഞ്ചരിക്കാനും പ്രജനനം നടത്താനുമുള്ള സാധ്യതയാണ് ബണ്ട് തടയുന്നതെന്ന് കുട്ടനാട് കായൽ നില കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി.പത്മകുമാർ പറഞ്ഞു. വർഷത്തിൽ രണ്ടു തവണ കൃഷി ചെയ്യാനായി ബണ്ട് പണിതപ്പോൾ മത്സ്യങ്ങളുടെ സഞ്ചാരം പരിഗണിക്കപ്പെട്ടില്ല.

ഇവരെ കാണാനില്ല

ലഭ്യതയിൽ വലിയ ഇടിവു വന്ന മത്സ്യമാണ് ആറ്റുകൊഞ്ച്. മികച്ച വില ലഭിക്കുന്ന മീൻ തീരെ ലഭിക്കാത്ത സ്ഥിതിയാണ്. ആരഗൻ, കണമ്പ്, മഞ്ഞക്കൂരി തുടങ്ങിയവയും കായലിൽ കുറഞ്ഞു. മഞ്ഞക്കൂരിയുടെ സ്ഥിതി ഇപ്പോൾ മെച്ചപ്പെട്ടു വരികയാണ്. കരിഞ്ച, പൂഞ്ഞവാലി, തിലോപ്പിയ, ഞണ്ട് എന്നിവയ്ക്കും കുറവുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഓരുവെള്ളം കുറഞ്ഞതിനു പുറമേ മലിനീകരണവും പോളയും കൃഷിക്കുപയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും കായലിലേക്ക് എത്തുന്നതും പ്രശ്നമായി. പ്രളയവും മത്സ്യ ഇനങ്ങളെ കാര്യമായി ബാധിച്ചു.

വേണം ഫിഷ് ലാഡർ

ഡാമുകളും ബണ്ടുകളും കാരണം മീനുകളുടെ സഞ്ചാരം തടസ്സപ്പെടുമ്പോൾ ഫിഷ് ലാഡർ (ഫിഷ് സ്റ്റെപ്പ്, ഫിഷ് പാസ്) ഉണ്ടാക്കി കൊടുക്കാറുണ്ട്. ബണ്ടിനു മുകളിൽ കൂടി മത്സ്യങ്ങൾക്കു കടന്നുപോകാൻ സഹായിക്കുന്ന സംവിധാനമാണിത്. വിവിധ ഉയരത്തിലുള്ള ടാങ്കുകളിൽ കൂടിയാണ് മത്സ്യങ്ങൾ സഞ്ചരിക്കുന്നത്. ഒരു ടാങ്കിൽ നിന്ന് അടുത്തതിലേക്ക് എന്ന രീതിയിൽ കയറി ബണ്ടിനു മുകളിലെത്തി അടുത്ത വശത്തേക്ക് ഇറങ്ങാൻ കഴിയും. ബംഗാളിൽ ഗംഗാനദിയിൽ ഫറാക്കാ ഡാം മത്സ്യങ്ങളുടെ സഞ്ചാരത്തിനും പ്രജനനത്തിനും തടസ്സമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഫിഷ്പാസ് നിർമിച്ചിരുന്നെന്നു ഡോ.കെ.ജി.പത്മകുമാർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA