ADVERTISEMENT

ഇനിയുള്ള ജീവിതത്തിൽ അറിവു നിറയട്ടെ എന്ന പ്രാർഥനയോടെ മാതാപിതാക്കളും ബന്ധുക്കളും... കുരുന്നുകൾക്ക് ഇത് അറിവിന്റെ നല്ല തുടക്കം. മലയാള മനോരമ സംഘടിപ്പിച്ച വിദ്യാരംഭം പരിപാടിയിൽ ആലപ്പുഴ യൂണിറ്റിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയത് 333 കുരുന്നുകൾ. പുലർച്ചെ തന്നെ കുഞ്ഞുങ്ങളുമായി മാതാപിതാക്കളെത്തി. കൂട്ടിന് സഹോദരങ്ങളും മുത്തച്ഛനും മുത്തശ്ശിയും. കേരളീയ വസ്ത്രമണിയിച്ചാണ് പലരും കുഞ്ഞുങ്ങളെ കൊണ്ടുവന്നത്. ദാവണിയണിഞ്ഞെത്തിയ രണ്ടര വയസ്സുകാരിയും കൂട്ടത്തിലുണ്ടായിരുന്നു.

ആലപ്പുഴ മലയാള മനോരമയിൽ നടന്ന വിദ്യാരംഭം ചടങ്ങിൽ നിന്ന്.

മിഠായി തന്നാലേ ഹരിശ്രീ കുറിക്കൂവെന്നായിരുന്നു ചില കുരുന്നുകളുടെ വാശി. ദക്ഷിണയായി വെറ്റിലയും പാക്കും ഗുരുവിനു കൊടുക്കണമെങ്കിൽ‍ മിഠായി മുഴുവൻ‍ വേണമെന്നു മറ്റൊരു കുസൃതിക്കുരുന്ന്. അമ്മമടിയിൽ നിന്ന് ഗുരുവിനടുത്തേക്കു നീങ്ങുമ്പോൾ പക്ഷേ, അവരുടെ കണ്ണിലെല്ലാം കൗതുകം. കുരുന്നുകളെ സ്വീകരിക്കാൻ വേദിയിലൊരുക്കിയിരുന്ന താമരയെക്കുറിച്ചായിരുന്നു ചില കുട്ടികൾക്കറിയേണ്ടത്. പ്ലാസ്റ്റിക് അല്ലെന്നുറപ്പു വരുത്താൻ‍ അമ്മയോടും അച്ഛനോടും ചോദിച്ചു. വിശ്വാസം വരാത്ത ചിലരാകട്ടെ എടുത്തു കയ്യിൽ തരണമെന്നായി.

ആലപ്പുഴ മലയാള മനോരമയിൽ നടന്ന വിദ്യാരംഭം ചടങ്ങിൽ നിന്ന്.

ആദ്യമായി താമരപ്പൂവ് കാണുന്നവർക്കായിരുന്നു കൂടുതൽ സംശയം. താമര എടുത്തു കയ്യിൽ കൊടുത്തിട്ടേ ചിലർ വിശ്വസിച്ചുള്ളൂ. ചിലർക്കു കൗതുകം വീണയായിരുന്നു. അതിനു മുൻപിൽ നിന്ന് ഫോട്ടോയെടുത്തിട്ടാണ് പലരും മടങ്ങിയത്. നാരായത്തെക്കുറിച്ച് സംശയം ചോദിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. റജിസ്ട്രേഷൻ കൗണ്ടർ മുഴുവൻ കുഞ്ഞുങ്ങൾക്കുള്ള കളിക്കളമായി. പരസ്പരം പരിചയപ്പെടാനൊന്നും അവർക്കു നേരമില്ലായിരുന്നു.

ഹരിചരൺ– ഹരിചന്ദന

ഒരു ചിരി, പുഞ്ചിരി. എല്ലാവരും കൂട്ടുകാർ. ഉറക്കത്തിന്റെ ആലസ്യമൊന്നുമില്ലാതെ അവർ ഓടിക്കളിച്ചു. ചിലർ കോംപൗണ്ട് മുഴുവൻ ചുറ്റിക്കറങ്ങി. ഒപ്പം മാതാപിതാക്കളും. ചിലർക്ക് തനിയെ തന്നെ അരിയിൽ എഴുതണമെന്നു വാശി. ചിലർക്ക് ഹരിശ്രീക്കു പുറമേ പിന്നെയും അക്ഷരങ്ങൾ അരിയിൽ എഴുതണമായിരുന്നു. ഗുരുക്കന്മാരെല്ലാവരും കുഞ്ഞുങ്ങൾക്കൊപ്പമിരുന്നു, അവരുടെ കുസൃതികളെ ആസ്വദിച്ചു. കാൽതൊട്ടു വന്ദിക്കാൻ മാതാപിതാക്കൾ പറ‌ഞ്ഞപ്പോൾ മിഠായി തന്നാൽ വന്ദിക്കാമെന്ന് ഒരു മിടുക്കൻ.

അംന ഫാത്തിമ – മുഹമ്മദ് അഫ്ത്താബ്

ആദ്യമേ മിഠായി തന്നല്ലോ എന്നു പറഞ്ഞപ്പോൾ അത് ഹരിശ്രീ കുറിക്കാൻ വേണ്ടി മാത്രമാണെന്ന് കുഞ്ഞിന്റെ ഓർമപ്പെടുത്തൽ. ഗുരുവിനൊപ്പം മാതാപിതാക്കളുടെ മുഖത്തും നിറഞ്ഞ ചിരി. 4 ഇരട്ടകളടക്കം ആകെ 333 കുഞ്ഞുങ്ങളാണ് വിജയദശമി ദിനത്തിൽ മനോരമയിൽ ആദ്യാക്ഷരം കുറിച്ചത്. ഗായകൻ ജി. വേണുഗോപാൽ, കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ടി.കെ.സുമ, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി.എം.മുബാറക് പാഷ എന്നിവരായിരുന്നു ഗുരുക്കന്മാർ.

ധനവ് കൃഷ്ണ – ധീൻ കൃഷ്ണ

കോവിഡ് മൂലം രണ്ടു വർഷമായി വിദ്യാരംഭ ചടങ്ങുകൾ നടത്തിയിരുന്നില്ല. ഈ ഇടവേളയ്ക്കു ശേഷവും വിദ്യാരംഭച്ചടങ്ങുകളിൽ പങ്കെടുക്കാൻ എല്ലാവരും ആവേശത്തോടെയെത്തി. രാവിലെ 6.30നു സരസ്വതീ വന്ദനത്തോടെ വിദ്യാരംഭ ചടങ്ങുകൾക്കു തുടക്കമിട്ടു. ഗുരുക്കന്മാരെല്ലാം ചേർന്ന് വേദിയിലെ നിലവിളക്കു തെളിച്ചതോടെ അറിവിന്റെ വെളിച്ചത്തിനും തുടക്കമായി. 9.45വരെ കുഞ്ഞുങ്ങളെത്തി. അമ്പലത്തിലെ ചടങ്ങുകൾ കഴിഞ്ഞ് വിദ്യാരംഭ ചടങ്ങുകളിലേക്കെത്തിയവരും കൂട്ടത്തിലുണ്ടായിരുന്നു. പായസ മധുരത്തിനൊപ്പം സമ്മാനങ്ങളും വാങ്ങിയാണ് കുരുന്നുകൾ മടങ്ങിയത്.

അഭിനന്ദ്–അദിതി

ഇരട്ടി സന്തോഷം

ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിലെ എഎസ്ഐ വട്ടയാൽ അനാബിയയിൽ എ.സുധീറിന്റെയും എസ്.ഷംനയുടെയും മക്കളായ മുഹമ്മദ് അഫ്ത്താബും അംനാ ഫാത്തിമയും (മൂന്നര) ആണ് ചടങ്ങിൽ എത്തിയ ആദ്യ ഇരട്ടക്കുട്ടികൾ. ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ടി.കെ.സുമയാണ് ഇരുവർക്കും ഒരുമിച്ച് ആദ്യാക്ഷരം പകർന്നു നൽകിയത്.

സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ തെക്കനാര്യാട് പുത്തൻകണ്ടത്തിൽ ആർ. രതീഷിന്റെയും എറണാകുളം ദേശീയപാത വിഭാഗം ഓഫിസിലെ എൽഡി ക്ലാർക്കായ പി.എം. ശ്രീജയുടെയും മക്കളായ ഹരിചന്ദനയും ഹരിചരണും (രണ്ടര) ആദ്യാക്ഷരം എഴുതി. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമയാണ് ഇരുവർക്കും ആദ്യാക്ഷരം കുറിച്ചത്.

തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ സിപിഒ ആറാട്ടുപുഴ കള്ളിക്കാട് പറശേരിൽ വി.വിനോദിന്റെയും രമ്യയുടെയും മക്കളായ ധനവ് കൃഷ്ണയ്ക്കും ധീൻ കൃഷ്ണയ്ക്കും (രണ്ടേമുക്കാൽ), സൗദിയിൽ ജോലി ചെയ്യുന്ന മണ്ണഞ്ചേരി കുന്നപ്പള്ളി തങ്കം മൻസിലിൽ റിഫാസിന്റെയും നസ്നിയുടെയും മക്കളായ ദിയയ്ക്കും ദുവയ്ക്കും (മൂന്നേമുക്കാൽ) വയലാർ ശരത്ചന്ദ്രവർമ ഗുരുനാഥനായി.

∙ നെടുമുടി മൂന്നാം വാർഡ് വാണിയപ്പുരയ്ക്കൽ സുമേഷ് കുമാർ–ദിവ്യ ദമ്പതികളുടെ മക്കളായ അഭിനന്ദ്, അദിതി (രണ്ടേമുക്കാൽ) എന്നിവർക്കും വയലാർ ശരത്ചന്ദ്രവർമ ആദ്യാക്ഷരം പകർന്നു. 2018ൽ നടന്ന വിദ്യാരംഭ ചടങ്ങിൽ മനോരമയിൽ ആദ്യാക്ഷരം കുറിച്ച സഹോദരൻ ആദിത്യനും (7) ഒപ്പമുണ്ടായിരുന്നു. വെള്ളപ്പൊക്കക്കെടുതിക്കിടെയായിരുന്നു അന്ന് വിദ്യാരംഭത്തിന് ഈ കുടുംബം എത്തിയത്. 

∙ സഹോദരങ്ങൾ ഒന്നിച്ച് ആദ്യാക്ഷരമെഴുതി. ഇറിഗേഷൻ ഓഫിസിലെ സീനിയർ ക്ലാർക്ക് അവലൂക്കുന്ന് വടികാട് വടക്കേടത്ത് ആർ.രാകേഷിന്റെയും പിഎസ്‌സി ഓഫിസിലെ സീനിയർ അസിസ്റ്റന്റ് രേഷ്മയുടെയും മക്കളായ രവിനന്ദ (മൂന്നര), രവികൃഷ്ണ (രണ്ടര) എന്നിവർക്കാണ് ഗായകൻ ജി. വേണുഗോപാൽ വിദ്യാരംഭം കുറിച്ചത്

∙ സഹോദരങ്ങളുടെ മക്കൾ ഒരുമിച്ച് ആദ്യാക്ഷരം കുറിച്ചു. വഴിച്ചേരി ലത്തീൻപള്ളിപ്പറമ്പിൽ ജോസഫിന്റെയും വിനീതയുടെയും ആരോമലിനും (3), വഴിച്ചേരി ഫാൻവില്ലയിൽ ചാൾസിന്റെയും ഷാലുവിന്റെയും മകൾ മിലി മരിയ ചാൾസിനും ജി.വേണുഗോപാൽ ഗുരുനാഥനായി..

കൊടുങ്ങല്ലൂരിൽ നിന്ന് ആലപ്പുഴയിൽ 

ജി.വേണുഗോപാലിൽ നിന്ന് ആദ്യാക്ഷരം കുറിക്കാൻ കൊടുങ്ങല്ലൂരിൽ നിന്ന് കുടുംബ സമേതം എത്തി. കൊടുങ്ങല്ലൂർ ഇടവിലങ്ങ് പുന്നത്രയിൽ ഹരിദാസിന്റെയും അമ്പിളിയുടെയും പേരക്കുട്ടി പല്ലവിക്ക് (3) ആണ് വേണുഗോപാൽ ഗുരുനാഥനായത്. ഹരിദാസിന്റെ മകൻ ഖത്തറിൽ ജോലി ചെയ്യുന്ന പ്രണവിന്റെയും സ്നേഹയുടെയും മകളാണ് പല്ലവി. ചെന്നിത്തല സ്വദേശിയാണ് സ്നേഹ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com