ADVERTISEMENT

മങ്കൊമ്പ് ∙ വഴിയും  കുടിവെള്ളവുമില്ലാതെ അറുപതിൻചിറ കോളനി നിവാസികൾ . പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് 13–ാം വാർഡിലെ പട്ടികജാതി അംബേദ്കർ കോളനി നിവാസികളും പ്രദേശവാസികളായ ഒട്ടേറെ കുടുംബങ്ങളുമാണു വർഷങ്ങളായി ദുരിതം പേറി കഴിയുന്നത്. എസി റോഡ് വികസനത്തിന്റെ ഭാഗമായി 3 പതിറ്റാണ്ടു മുൻപാണു ചമ്പക്കുളം പഞ്ചായത്ത് നിവാസികളായിരുന്ന 44 പട്ടികജാതി കുടുംബങ്ങളെ പുളിങ്കുന്ന് പഞ്ചായത്തിലേക്കു പറിച്ചു നട്ടത്. അന്നു മുതൽ കോളനിയിലേക്കു സുഗമമായി എത്തിച്ചേരാനൊരു വഴി എന്ന സ്വപ്നവുമായി കോളനി നിവാസികൾ കയറി ഇറങ്ങാത്ത വാതിലുകളില്ല. 

കോളനിയിലേക്കു സുഗമമായി കാൽനടയായി പോലും എത്തിച്ചേരാൻ സാധിക്കുന്ന  വഴിയില്ല. 2017 ൽ സംസ്ഥാന സർക്കാർ ബജറ്റിൽ കോളനിയിലേക്കു വഴി നിർമിക്കാൻ 2 കോടി രൂപ അനുവദിച്ചെങ്കിലും അതും പ്രഖ്യാപനത്തിൽ ഒതുങ്ങി.കോളനിയിൽ നിന്നു നോക്കിയാൽ മണിമലയാറിനു കുറുകെ  മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം  കാണാമെങ്കിലും കോളനി നിവാസികൾക്ക് ഈ പാലത്തിലൂടെ ഒരു വാഹനം കയറ്റി  വീട്ടിലെത്തിക്കുക എന്നത് സ്വപ്നം മാത്രമാണ്. കോളനിയിൽ നിന്നു കേവലം അരകിലോമീറ്റർ പോലും ദൂരമില്ല സിവിൽ സ്റ്റേഷൻ പാലത്തിൽ എത്തിച്ചേരാൻ.

ഈ അരകിലോമീറ്റർ ഭാഗം പോകാൻ കോളനി നിവാസികൾക്കു   അര മണിക്കൂറിലേറെ സഞ്ചരിക്കണം. വേഗത്തിൽ സഞ്ചരിക്കാമെന്നു വിചാരിച്ചാൽ ഒന്നുകിൽ മണിലയാറ്റിൽ വീഴും അല്ലെങ്കിൽ തകർന്നു കിടക്കുന്ന സംരക്ഷണ ഭിത്തിയുടെ കല്ലുകെട്ടിൽ തലയടിച്ചു വീഴും. ഒരാൾക്കുപോലും കഷ്ടിച്ചു സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്. ആരെയെങ്കിലും  ആശുപത്രിയിലെത്തിക്കുക എന്നതും ഇവരെ സംബന്ധിച്ചു വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു വർഷത്തിനിടെ സമയത്തു ചികിൽസ ലഭ്യമാക്കാൻ സാധിക്കാതെ 3 പേരാണു പ്രദേശത്തു മരിച്ചത്. ജല അതോറിറ്റിയുടെ കുടിവെള്ളം കിട്ടാക്കനിയായ നാട്ടിൽ ഗാർഹിക ആവശ്യത്തിനുപോലും വെള്ളം വിലകൊടുത്തു വാങ്ങണം. 

സമീപത്തുകൂടി മണിമലയാറു കടന്നു പോകുന്നുണ്ടെങ്കിലും എക്കലും ചെളിയും തീരത്ത് അടിഞ്ഞു കിടക്കുന്നതിനാൽ മുട്ടിനു താഴെയാണു തീരത്തോടു ചേർന്നു വെള്ളമുള്ളത്. ചെളി കാരണം ഇവിടെ ഇറങ്ങാൻ സാധിക്കാത്തതിനാൽ കുളിക്കാനോ വസ്ത്രങ്ങൾ കഴുകാനോ പോലും സാധിക്കുന്നില്ല. മുൻപ് ഒന്നാങ്കരയിൽ നിന്ന് ആറിനു കുറുകെ വലിച്ച പൈപ്പ്‌ലൈനിലൂടെ ജല അതോറിറ്റിയുടെ ശുദ്ധജലം ലഭിക്കുന്നുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾക്കു മുൻപു ആറിനു കുറുകെ വലിച്ച പൈപ്പ്‌ലൈനിൽ നേരിയ തകരാർ സംഭവിച്ചതോടെ   കുടിവെള്ള വിതരണം മുടങ്ങി.

വർഷങ്ങളായി പൈപ്പ്‌ലൈനിലെ തകരാർ പരിഹരിക്കണമെന്നു കാട്ടി  പരാതികളും അപേക്ഷകളും സമർപ്പിച്ചെങ്കിലും അധികൃതർ തിരിഞ്ഞു   നോക്കിയിട്ടില്ല.   തെക്കേ മേച്ചരിവാക്ക പാടശേഖരത്തിന്റെ പുറംബണ്ടിലാണു പ്രദേശവാസികുടെ താമസം. ശക്തമായ പുറംബണ്ടില്ലാത്തതിനാൽ വർഷത്തിൽ ഒരു കൃഷി മാത്രമാണു പാടശേഖരത്തിലുള്ളത്. കൃഷിയുള്ള   6 മാസം  മാത്രമാണു പ്രദേശവാസികൾ വെള്ളക്കെട്ടിൽ നിന്നു രക്ഷപെടുന്നത്. ബാക്കി സമയത്ത് പാടശേഖരത്തിൽ വെള്ളം കയറ്റി ഇട്ടിരിക്കുന്നതിനാൽ വീടും വഴികളുമെല്ലാം വെള്ളക്കെട്ടിലാകും.

പാടശേഖരത്തിനു ചുറ്റും കരിങ്കൽ ഭിത്തി നിർമിക്കാൻ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെങ്കിലും ഫണ്ടിന്റെ ലഭ്യതക്കുറവു കാരണം തുക അനുവദിച്ചിട്ടില്ല. പാടശേഖരത്തിനുചുറ്റും കല്ലുകെട്ടി പുറംബണ്ടും സംരക്ഷിക്കണമെന്നും  പ്രദേശത്തേക്കു    റോഡ് വേണമെന്നും നാട്ടുകാർ പറഞ്ഞു. ജല അതോറിറ്റി പൈപ്പ്‌ലൈനിലെ തകരാർ പരിഹരിച്ചു കുടിവെള്ള വിതരണം പുനസ്ഥാപിച്ചാലേ പ്രദേശവാസികളുട ദുരിതത്തിനു പരിഹാരമാവൂ. നാട്ടുകാരുടെ പരാതിയെ തുടർന്നു കഴിഞ്ഞ ദിവസം തോമസ് കെ.തോമസ് എംഎൽഎ സ്ഥലം സന്ദർശിച്ചു . എംഎൽഎ  ഉടൻ പ്രശ്നത്തിൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ‍.കെ.വാസുദേവൻ,

- ഒന്നാങ്കര ഏജന്റ്  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com