ADVERTISEMENT

തട്ടാരമ്പലം ∙ സിഗ്നൽ വിളക്ക് ഉണ്ടായിട്ടും ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്ന ജംക്‌ഷനാണു തട്ടാരമ്പലം. ആദ്യമായെത്തുന്ന ഒരാൾക്ക് എങ്ങോട്ട് തിരിയണം എന്നു പോലും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ജംക്‌ഷനിൽ വാഹനങ്ങൾ സിഗ്നൽ കാത്തുകിടക്കുന്നതും ട്രാഫിക് നിയമങ്ങൾ തെറ്റിച്ചാണ്. മാവേലിക്കര–ഹരിപ്പാട്, കായംകുളം–വലിയപെരുമ്പുഴ–മാന്നാർ റോ‍ഡുകളുടെ സംഗമ സ്ഥലമാണു തട്ടാരമ്പലം. തട്ടാരമ്പലം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജംക്‌ഷനിൽ സിഗ്നൽ വിളക്ക് ഉണ്ടെങ്കിലും ശാസ്ത്രീയമായ ക്രമീകരണം ഇല്ലാത്തതാണു പ്രധാന പ്രശ്നം. കിഴക്കു നിന്നെത്തുന്ന വാഹനങ്ങൾ ഹരിപ്പാട് ഭാഗത്തേക്കുള്ള സിഗ്നൽ ലഭിച്ചു പടിഞ്ഞാറേക്ക് എത്തുമ്പോൾ ഈ ഭാഗത്തുള്ള റോ‍ഡിന്റെ വീതിക്കുറവാണ് ആദ്യം നേരിടുന്ന പ്രശ്നം.

കിഴക്കോട്ടു പോകാനുള്ള വാഹനങ്ങൾ സിഗ്നലിൽ കാത്ത് കിടക്കുന്നതിനാൽ ഉള്ള സ്ഥലത്തുകൂടി പടിഞ്ഞാറേക്ക് വാഹനങ്ങൾ നീങ്ങുമ്പോൾ ഹരിപ്പാട് ഭാഗത്തേക്കുള്ള ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കാനും കയറ്റാനും തുടങ്ങിയാൽ കുരുക്ക് തുടങ്ങുകയായി. അപ്പോഴേക്കും സിഗ്നൽ ലഭിച്ചു മറ്റു ദിശകളിൽ നിന്നുള്ള വാഹനങ്ങളും എത്തുന്നതോടെ കുരുക്ക് ഇരട്ടിയാകും. ജംക്‌ഷനിലെ ബസ് സ്റ്റോപ് കുറച്ചു കൂടി മുന്നോട്ടു നീക്കണമെന്നു ഒട്ടേറെ തവണ ആവശ്യം ഉയർന്നതാണ്. വലിയ അപകടം ഉണ്ടാകുമ്പോൾ താൽക്കാലികമായി ബസുകൾ മുന്നോട്ടു നീക്കി നിർത്തുന്നതൊഴിച്ചാൽ സ്ഥിരമായ നടപടി മാത്രം ഉണ്ടാകുന്നില്ല.

മാവേലിക്കര ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങളിൽ ചിലതു പടിഞ്ഞാറേക്ക് പോകുന്നതിനായി സിഗ്നൽ വിളക്കിനോടു ചേർത്തു മുന്നോട്ടു കയറ്റി നിർത്തുന്നതിനാൽ കായംകുളം ദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾക്കു മാവേലിക്കരയിലേക്ക് കൃത്യമായി തിരിഞ്ഞു പോകുന്നതിനു അസൗകര്യം നേരിടുന്നുണ്ട്. ജംക്‌ഷനോടു ചേർന്നുള്ള അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. ജംക്‌ഷനിലെ അപകടക്കെണിയും ഗതാഗത കുരുക്കും ഒഴിവാക്കാനായി ഇവിടെ സീബ്രാ ലൈനുകൾ, സ്റ്റോപ് തുടങ്ങിയ കൃത്യമായി തെളിച്ചു വരയ്ക്കണം. അതിനൊപ്പം ജംക്‌ഷനിലെ ട്രാഫിക് വിളക്കിന്റെ സമയ ഇടവേള വാഹനങ്ങൾക്കു സുഗമമായി കടന്നു പോകാൻ സാധിക്കും വിധം പുനക്രമീകരിക്കുന്നതിനൊപ്പം ശാസ്ത്രീയമായ ക്രമീകരണവും ഒരുക്കണമെന്നാണു നാട്ടുകാരുടെയും സമീപത്തെ വ്യാപാരികളുടെയും ആവശ്യം.

- ജോർജ്കുട്ടി , തട്ടാരമ്പലം ഏജന്റ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com