ADVERTISEMENT

കുട്ടനാട് ∙ കൈനകരി കൃഷിഭവനു കീഴിലുള്ള കനകാശേരി പാടശേഖരത്തിൽ കൃഷിയിറക്കുക എന്ന സ്വപ്നം എന്നു സാക്ഷാത്കരിക്കുമെന്നറിയാതെ കർഷകർ.  4 വർഷക്കാലമായി തുടർച്ചയായുള്ള മടവീഴ്ചയും ദുരിതങ്ങളും അവസാനിപ്പിക്കാൻ കുട്ടനാട് പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 കോടി രൂപ അനുവദിച്ചു പുറംബണ്ട് നിർമാണം ആരംഭിച്ചെങ്കിലും പ്രവൃത്തി എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നതാണു കർഷകരുടെ പ്രതീക്ഷകൾക്കു മങ്ങലേൽപിച്ചിരിക്കുന്നത്.

നിർമാണ പ്രവൃത്തികൾ സാങ്കേതിക കാരണങ്ങൾ മൂലം മുടങ്ങുന്നത് എസ്റ്റിമേറ്റ് അടക്കമുള്ള കാര്യങ്ങൾ തയാറാക്കുന്നതിലുണ്ടായ വീഴ്ചയാണെന്നാണു കർഷകർ ആരോപിക്കുന്നത്. കർഷകരുമായോ പാടശേഖര സമിതിയുമായോ കൂടിയാലോചന നടത്താതെ എസ്റ്റിമേറ്റ് തയാറാക്കിയതിനെതിരെ ആക്ഷേപം ഉയർന്നിരുന്നു. പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് പുനഃക്രമീകരിച്ചു ചീഫ് എൻജിനീയർക്കു സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുന്നതാണു നിലവിലെ തടസ്സം.

മടവീഴ്ച സംഭവിച്ച 80 മീറ്റർ നീളത്തിലുള്ള പുറംബണ്ട് നിർമാണത്തിനുള്ള ടെൻഡർ നടപടികൾ വൈകുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. പുതുക്കിയ എസ്റ്റിമേറ്റിന് അടിയന്തരമായി അംഗീകാരം നൽകണമെന്നാണ് ആവശ്യം. മടവീണ പ്രദേശത്തെ പുറംബണ്ട് നിർമാണ ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ചു പാടശേഖരത്തിന്റെ പുറംബണ്ട് നിർമാണം പൂർത്തിയാക്കേണ്ടതുണ്ട്.

കനകാശേരി പാടശേഖരത്തിൽ മടവീണതു മൂലം സമീപത്തെ വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിലെയും കൃഷി കഴിഞ്ഞ 4 വർഷമായി മുടങ്ങിയിരുന്നു. 3 പാടശേഖരങ്ങളെയും തമ്മിൽ വേർതിരിക്കുന്ന തിരിവു ബണ്ടുകൾ നിർമിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ദിവസം വലിയകരി പാടശേഖരത്തിൽ വിത ഇറക്കിയിരുന്നു. മീനപ്പള്ളി പാടശേഖരത്തിൽ വിതയിറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. സമീപത്തെ പാടശേഖരങ്ങളിലേതുപോലെ തങ്ങൾക്കും കൃഷിയിറക്കാൻ ബന്ധപ്പെട്ട അധികാരികൾ കനിയുമെന്ന പ്രതീക്ഷയിലാണു കനകാശേരി പാടശേഖരത്തിലെ കർഷകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com