ഹരിപ്പാട് ∙ ഡാണാപ്പടിയിലെ റിസോർട്ടിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിലായ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി പെരുമ്പട്ടി മാടത്തുങ്കൽ വീട്ടിൽ ജെഫിൻ ടി.ജോണാണ് (23) അറസ്റ്റിലായത്. കഴിഞ്ഞ വർഷം നവംബർ 8ന് ഡാണാപ്പടിയിലെ റിസോർട്ടിൽ നിന്ന് എംഡിഎംഎയുമായി 7 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരിൽ നിന്നു എംഡിഎംഎ വാങ്ങി വിൽപന നടത്തിയതിനാണ് ജെഫിൻ ടി.ജോൺ അറസ്റ്റിലായത്. പ്രതികൾ നൽകിയ മൊഴിയും ജെഫിൻ ടി.ജോണിന്റെ മൊബൈൽ ഫോൺ ലൊക്കേഷനും വച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ കഴിഞ്ഞ വർഷം നവംബർ 7ന് ഡാണാപ്പടിയിൽ എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു.
കേസിൽ 14–ാം പ്രതിയാണ് ജെഫിൻ ടി.ജോൺ. 19 പ്രതികളിൽ ലഹരിമരുന്നു മൊത്തക്കച്ചവടക്കാരനായ നൈജീരിയൻ സ്വദേശി ജോൺ കിലാച്ചി ഒഫറ്റോ(36) ഉൾപ്പെടെ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി പ്രതികൾ ഒളിവിലാണ്. എസ്എച്ച്ഒ വി.എസ്.ശ്യാംകുമാർ, എസ്ഐ സവ്യസാചി, സിപിഒമാരായ അജയൻ, നിഷാദ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.