ADVERTISEMENT

ചെങ്ങന്നൂർ ∙ സിൽവർലൈൻ പദ്ധതി കടന്നുപോകുന്ന മുളക്കുഴയിലും വെൺമണിയിലും ആശങ്ക ഒഴിയുന്നില്ല. ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച റവന്യു ഉദ്യോഗസ്ഥരെ മടക്കിവിളിച്ചെങ്കിലും പദ്ധതി റദ്ദാക്കിയിട്ടില്ല. പദ്ധതി നടപ്പാക്കിയാൽ മുളക്കുഴ, വെൺമണി വില്ലേജുകളിലായി മൂന്നുറോളം വീടുകൾ നഷ്ടമാകുമെന്നു സമരനേതാക്കൾ പറയുന്നു. നിർദിഷ്ട റെയിൽവേ സ്റ്റേഷനും മുളക്കുഴയിലെ പിരളശേരിയിലാണ്. സമാനതകളില്ലാത്ത സമരപോരാട്ടമാണ് പദ്ധതിക്കെതിരെ മേഖലയിൽ നടന്നത്. സമരക്കാരെ ജയിലിൽ അടച്ചു. പലയിടത്തും പൊലീസുമായി തർക്കമുണ്ടായി. കൊഴുവല്ലൂരിൽ മൂന്നര സെന്റിൽ താമസിക്കുന്ന തങ്കമ്മയുടെ വീടിനു മുന്നിലെ അടുപ്പുകല്ല് നീക്കി സിൽവർലൈൻ കുറ്റി നാട്ടിയത് വൻ വിവാദമായി. 

‘വിജ്ഞാപനം റദ്ദാക്കണം’

‘22 സെന്റ് സ്ഥലമാണ് ആകെയുള്ളത്. മധ്യത്തിലൂടെയാണ് നിർദിഷ്ടപാത കടന്നുപോകുന്നത്. വീടും  സ്ഥലവും നഷ്ടമാകും.  ഉറക്കം പോയിട്ടു നാളേറെയായി. കല്ലിടാനെത്തിയപ്പോൾ എന്താണിത് എന്നു ചോദിച്ചപ്പോഴേക്കും പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. വിജ്ഞാപനം റദ്ദാക്കുക തന്നെയാണ് വേണ്ടത്.’ പിരളശേരി താമരശേരിൽ കളീയ്ക്കൽ സ്റ്റീഫൻ വർഗീസിന്റെ വാക്കുകൾ. 

‘30 സെന്റിൽ 10 സെന്റ് സ്ഥലത്തു കൂടിയാണ് നിർദിഷ്ടപാത കടന്നുപോകുന്നത്. ബാക്കിവരുന്ന ഭാഗം ബഫർസോണിലാണ്. കുടിയിറങ്ങേണ്ടിവരും എന്നത് തെല്ലൊന്നുമല്ല വേദനിപ്പിക്കുന്നത്’  മുളക്കുഴ വടക്കിനേത്ത് കുഴിയിൽപൊയ്കയിൽ റെജി തോമസ് പറയുന്നു. ‘പദ്ധതി നടപ്പായാൽ 20 സെന്റ് സ്ഥലവും വീടും പൂർണമായും നഷ്ടമാകും. വേറെയെങ്ങും പോകാനിടമില്ല. ’– പിരളശേരി മണ്ണിൽ ചാക്കോ ഉമ്മൻ ആശങ്ക പങ്കുവച്ചു. 

"ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച ജീവനക്കാരെ പിൻവലിച്ചും കേന്ദ്ര അനുമതി ലഭിക്കുംവരെ ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവച്ചുമുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സിൽവർലൈൻ വിരുദ്ധ ജനകീയ പ്രക്ഷോഭത്തിന്റെ വിജയമാണ്. സിൽവർലൈൻ പദ്ധതി പൂർണമായി പിൻവലിക്കണം.  കള്ളക്കേസുകൾ പിൻവലിച്ച് ഉത്തരവിറക്കും വരെ ശക്തമായ സമരവുമായി മുന്നോട്ടുപോകും."  - മധു ചെങ്ങന്നൂർ, ജില്ലാ കൺവീനർ,  സിൽവർലൈൻ വിരുദ്ധ ജനകീയ സമര സമിതി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com