ADVERTISEMENT

അമ്പലപ്പുഴ ∙ വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു  സന്ദർശക വീസ നൽകി പണം വാങ്ങി തട്ടിപ്പു നടത്തിയ കേസിൽ ഒരു യുവതിയെക്കൂടി പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. കരൂർ നടുവിലെ മഠത്തിൽപറമ്പിൽ വിഷ്ണുവിന്റെ ഭാര്യ ഹരിതയെയാണ് (24) സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദും സംഘവും ചൊവ്വാഴ്ച  ഉച്ചയോടെ   നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. വിദേശത്തായ ഇവരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചാണ് നാട്ടിലെത്തിച്ചത്.കേസിൽ പുന്നപ്ര തെക്ക് ശരവണഭവനിൽ ആർ.രാജിമോൾ (38)റിമാൻഡിലാണ്.

രാജിമോളുടെ സഹോദരൻ വിഷ്ണുവിന്റെ ഭാര്യയാണ് ഹരിത. വിഷ്ണു, ഹരിതയുടെ സഹോദരൻ നന്ദു എന്നിവരും  കേസിൽ പ്രതികളാണ്. ഹരിത , വിഷ്ണു, നന്ദു എന്നിവർക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വീസ തട്ടിപ്പ് പരാതികളുണ്ട്. നന്ദുവിന് വിദേശത്തെ  കമ്പനിയിൽ ജോലി ഉണ്ടെന്നും നന്ദു വഴിയാണ് ജോലി തരപ്പെടുത്തുന്നതെന്നും തട്ടിപ്പിനിരയായവരെ രാജിമോൾ വിശ്വസിപ്പിച്ചിരുന്നു.

യുഎഇയിലെ കോൽക്കാറിൽ മിഠായി കമ്പനി പാക്കിങ് സെ‌ക്‌ഷനിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. ജോലിക്കായി എത്തുന്നവരിൽ നിന്ന് രാജിമോൾ വാങ്ങുന്ന പണം വിഷ്ണുവും നന്ദുവും  കൊച്ചിയിലെത്തി വാങ്ങിക്കൊണ്ടുപോകുന്നത് പതിവായിരുന്നുവെന്നും രാജിമോൾ  പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സന്ദർശക വീസയിൽ വിദേശത്ത് എത്തിയ ശേഷം തൊഴിൽവീസ കമ്പനി നൽകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 104 പേരിൽ നിന്നു 50,000, മുതൽ 65,000 രൂപ വീതം വരെ വാങ്ങിയിരുന്നു. വിദേശത്ത് പോയ ആർക്കും  തൊഴിൽവീസ നൽകിയതുമില്ല. 43 പുരുഷൻമാരെയും 4 സ്ത്രീകളെയും ഇവർ വിദേശത്ത് എത്തിച്ചു. പുന്നപ്ര , അമ്പലപ്പുഴ ഭാഗത്ത് നിന്നായി 40 ലക്ഷം രൂപയ്ക്ക് മേൽ ഇവർ കൈക്കലാക്കി.

അറസ്റ്റിലാകുമ്പോൾ രാജിമോളുടെ  വീട്ടിൽ നിന്ന് 11.75 ലക്ഷം രൂപ പിടികൂടിയിരുന്നു. ഈ തുക കോടതിയിൽ ഹാജരാക്കി. പുന്നപ്ര തെക്ക് പള്ളിവെളി മുഹമ്മദ് നഹാസ് നാട്ടിൽ തിരികെയെത്തി പുന്നപ്ര പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് രാജിമോളെ പൊലീസ് പിടികൂടിയത്. തെളിവെടുപ്പ് പൂർത്തിയാക്കിയ ഹരിതയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com