ADVERTISEMENT

ഹരിപ്പാട് ∙ കൃഷിയിറക്കിയ പാടശേഖരത്തിൽ മടവീണു. വഴുതാനം പടിഞ്ഞാറ് വടക്ക് പാടശേഖരത്തിലാണ് ഇന്നലെ വൈകിട്ട് മട വീണത്. മടകെട്ടാനുള്ള ശ്രമം ശക്തമായ ഒഴുക്ക് കാരണം വിജയിച്ചില്ല. താമരപിള്ളാടി മോട്ടർ തറയ്ക്കു സമീപമാണ് മട വീണത്. പാടശേഖരം മുഴുവൻ വെള്ളം കയറിയ ശേഷം വലിയ തെങ്ങിൻകുറ്റികൾ താഴ്ത്തി മട കെട്ടാനാണ് കർഷകർ ആലോചിക്കുന്നത്. 

318 ഏക്കർ പാടശേഖരത്തിലെ 150 ഏക്കർ സ്ഥലത്ത് നാലു ദിവസം മുമ്പാണ് വിതച്ചത്. കിഴക്കു നിന്നുള്ള വെള്ളത്തിന്റെ വരവ് ശക്തമായതും പുറം ബണ്ടുകളിലെ കൽക്കെട്ടുകൾ തകർന്നു കിടക്കുന്നതുമാണ് മട വീഴ്ചയ്ക്ക് കാരണമായത്. 10 മീറ്റർ നീളത്തിൽ ഒന്നര മീറ്ററോളം താഴ്ചയിലാണ് മട വീണതെന്നു കർഷകർ പറഞ്ഞു. കിഴക്കു നിന്നുള്ള വെള്ളത്തിന്റെ വരവ് ശക്തമായതു മുതൽ തോട്ടപ്പള്ളി പൊഴി മുറിച്ച് െവള്ളം കടലിലേക്ക് ഒഴുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഷട്ടർ ഉയർത്തിയതല്ലാതെ പൊഴി മുറിക്കാൻ തയാറാകാത്തതാണ് മട വീഴ്ചയുണ്ടാകാൻ കാരണമായി കർഷകർ പറയുന്നത്. കഴിഞ്ഞ കൃഷിയിൽ വിളവെടുപ്പിന് പാകമായ സമയത്ത് വേനൽമഴയിൽ മട വീണിരുന്നു. കർഷകർ വേഗം മട കെട്ടിയതിനാൽ വലിയ കൃഷി നാശം സംഭവിച്ചില്ല. എന്നാൽ ഒരു കിന്റൽ നെല്ലിന് 40 കിലോവരെ കിഴിവ് നൽകേണ്ടി വന്നതു മൂലം കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടായത്.

ചെറുതന നടുവിലേ പോച്ച വടക്ക് പാടശേഖരത്തിലും കഴിഞ്ഞ ദിവസം മട വീഴ്ചയുണ്ടായി. വിത കഴിഞ്ഞ് ഒരാഴ്ചയായ പാടശേഖരമാണിത്. മട വീഴ്ചയുണ്ടയപ്പോൾ കർഷകർ മട കെട്ടിയതിനാൽ വലിയ നാശനഷ്ടമുണ്ടായിട്ടില്ല. പള്ളിപ്പാട് വൈപ്പിൻകാട് വടക്ക് പാടശേഖരത്തിൽ കൃഷിയിറക്കുന്നതിന് ഒരുക്കിയിട്ടിരുന്നതിനിടെ കഴിഞ്ഞ ദിവസം മട വീണിരുന്നു. പുറം ബണ്ടുകളുടെ ബലക്ഷയമാണ് മട വീഴ്ചയുണ്ടാകാനുള്ള കാരണം.

ബണ്ട് നശിക്കുന്നത് തുടർക്കഥ: കൃഷി ഉപേക്ഷിക്കാൻ കർഷകർ

ബണ്ട് തകർന്ന് കൃഷി നശിക്കുന്നത് പതിവായതോടെ കർഷകർ പുഞ്ചകൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുന്നു. പള്ളിപ്പാട്, ചെന്നിത്തല പഞ്ചായത്തിലെ കർഷകരാണ് പുഞ്ചകൃഷി ഉപേക്ഷിക്കുവാൻ ഒരുങ്ങുന്നത്. ഒരു മഴ പെയ്ത്താൽ ആറ്റിലെ ജലനിരപ്പ് ഉയരുകയും പാടശേഖരത്തിന്റെ പുറംബണ്ട് തകരുകയും ചെയ്യുന്ന സ്ഥിതിയാണ്.

കഴിഞ്ഞ തവണ ആറ്റിലെ നിരപ്പ് താഴ്ന്നത് ജനുവരിയിലാണ്. ജനുവരിയിൽ കൃഷി ഇറക്കിയ പള്ളിപ്പാട്ട് പള്ളിയ്ക്കൽ മുല്ലമല ,വെപ്പിൻകാട് വടക്ക് ഉൾപ്പെടെ പല പാടശേഖരങ്ങളിലും വേനൽമഴ മൂലം മട വീണ് കൃഷി നാശം സംഭവിച്ചിരുന്നു.എന്നാൽ ഇതുവരെ ഇൻഷുറൻസ് തുക പോലും കർഷകർക്ക് ലഭിച്ചിട്ടില്ല. ഈ പ്രാവശ്യം നേരത്തേ കൃഷി ഇറക്കാൻ ഒക്ടോബർ മാസം മുതൽ പല പാടശേഖരങ്ങളും ഒരുക്കങ്ങൾ നടത്തി നവംബർ അവസാനം വിതയ്ക്കുവാൻ തിരുമാനിച്ചതുമാണ്. 

രണ്ടാഴ്ച മുൻപ് ഉണ്ടായ മഴയിൽ കട്ടകുഴി, മുട്ടത്ത് വടക്കുവശം, ആയിരത്തുംപടവ് തുടങ്ങിയ പാടശേഖരങ്ങളിൽ മടവീഴ്ച ഉണ്ടായി. വീണ്ടും ആ ബണ്ടുകൾ ബലപ്പെടുത്തി ഡിസംബർ ആദ്യം വിതയ്ക്കുവാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് വീണ്ടും മഴ ശക്തമായത്.ആറ്റിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഏതു നിമിഷവും മട വീഴുമെന്ന ഭീഷണിയിലാണ് കർഷകർ. അച്ചൻ കോവിലാറിന്റെ പല ഭാഗത്തും എക്കലും മണ്ണും നിറഞ്ഞ് കിടക്കുകയാണ്.

അതുകൊണ്ട് വെള്ളം തോട്ടപ്പള്ളിയിൽ എത്തുന്നില്ല. അതുപോലെ അച്ചൻകോവിലാറ്റിൽ നിന്നും കരിപ്പുഴ, പത്തിയൂർ ,എരുവ വഴി കായംകുളം കായലിലേക്ക് വെള്ളം പോകുന്ന കായംകുളം കരിപ്പുഴ തോട്ടിൽ പത്തിയൂർ ഭാഗത്ത് ബണ്ട് നിർമിച്ചിട്ടുണ്ട്. ഇതു മൂലം അച്ചൻകോവിലാറ്റിൽ നിന്നും

6 കിലോമീറ്റർ കൊണ്ട് കായംകുളം കായലിൽ വെള്ളം എത്തേണ്ട വഴി അടയുന്നു.ഈ രണ്ട് പ്രശ്നങ്ങളാണ് മട വീണ് കൃഷി നശിക്കുന്നതിനുള്ള കാരണമായി കർഷകർ പറയുന്നത്. ഇതിനു പരിഹാരം കാണാൻ അധികൃതർ ശ്രമിക്കാത്തതിനാൽ കൃഷി ഉപേക്ഷിക്കുക അല്ലാതെ കർഷകർക്ക് വേറെ മാർഗം ഇല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com