കോസ്റ്റൽ പൊലീസ് പ്രതിസന്ധിയിൽ ‘എണ്ണയടിക്കാൻ’ പണമില്ല; ബോട്ടുകൾ കെട്ടിവലിക്കണം!

kozhikode-kodancherry-pump-no-fuel
SHARE

ആലപ്പുഴ ∙ കടലിൽ തിരച്ചിലിന് ഇറങ്ങാൻ ബോട്ടിൽ ഇന്ധനമില്ലാത്ത സ്ഥിതിയിലാണ് ജില്ലയിലെ കോസ്റ്റൽ പൊലീസ്. കോസ്റ്റൽ പൊലീസിന്റെ ജീപ്പുകളും ഇന്റർസെപ്റ്റർ ബോട്ടുകളും ഇന്ധനം നിറച്ച വകയിൽ ലക്ഷങ്ങളാണു കുടിശികയുള്ളത്. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസിൽ ഇന്റർസെപ്റ്റർ ബോട്ടില്ലാത്തത് രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.

ബോട്ടുകളുടെ ശോച്യാവസ്ഥയും പ്രശ്നമാകുന്നുണ്ട്. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷന് ഇന്ധനം നിറച്ച വകയിൽ 2.4 ലക്ഷവും അർത്തുങ്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷന് 9 ലക്ഷത്തോളം രൂപയുമാണ് കുടിശികയുള്ളത്.ഇതുകാരണം ഇന്ധനം നൽകില്ലെന്ന നിലപാട് പമ്പുകൾ സ്വീകരിക്കുകയായിരുന്നു. സംസ്ഥാനത്ത് 18 കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 10 സ്റ്റേഷനുകളിലും ബോട്ടുകൾക്ക് ഇന്ധനം ലഭിക്കാതെ പ്രതിസന്ധിയാണ്.

ഇന്റർസെപ്റ്റർ ബോട്ടുകൾ ഇന്ധനം നിറച്ച ഇനത്തിലാണ് വലിയ തുക കുടിശികയായത്. 6 മാസത്തിലധികമായി ഇന്ധനവിഹിതം നൽകിയിട്ടില്ല.ഇന്റർസെപ്റ്റർ ബോട്ട് ഒരു മണിക്കൂർ ഓടാൻ 80 ലീറ്ററോളം പെട്രോൾ ആവശ്യമാണ്. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസിന്റെ ഇന്റർസെപ്റ്റർ ബോട്ട് തൃക്കുന്നപ്പുഴയിൽ നങ്കൂരമിട്ടിരിക്കുകയാണ്. 500 ലീറ്റർ ഇന്ധനം നിറയ്ക്കാൻ ശേഷിയുള്ളതാണ് ബോട്ട്.

ഇന്ധനം നിറച്ചതിന് തൃക്കുന്നപ്പുഴയിലെ പമ്പിലേക്ക് 2.40 ലക്ഷം രൂപ കൊടുക്കാനുണ്ട്. ഇതു കാരണം മൂന്നു മാസമായി പമ്പുകൾ ഇന്ധനം നൽകുന്നില്ലെന്നാണു വിവരം. കഴിഞ്ഞ ദിവസം മീൻപിടിത്തത്തിനിടെ കടലിൽ കാണാതായ അഴീക്കൽ സ്വദേശിയെ തിരയാനായി ഇന്നലെ ബോട്ട് ഉപയോഗിച്ചത് മിച്ചം ഇന്ധനം ഉണ്ടായിരുന്നതിനാലാണ്. ഇന്ധനം തീരുന്നതോടെ പ‌ട്രോളിങ് നടത്താൻ മറ്റു വഴികളില്ലാതെ വരും.

അർത്തുങ്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ബോട്ടിനും ജീപ്പിനും ഇന്ധനം നിറച്ച വകയിൽ 9 ലക്ഷത്തോളം രൂപയാണു കുടിശികയുള്ളത്. സ്റ്റേഷനിൽ ഒരു ബോട്ടും ഒരു ജീപ്പുമാണുള്ളത്. മാരാരിക്കുളത്തുള്ള പമ്പിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. ഒരു വർഷത്തോളമായി ഇവിടെ ഇന്ധനം നിറച്ചതിന്റെ തുക നൽകുന്നില്ല. കുടിശിക വർധിച്ചതോടെ പമ്പുകാർ തുക ആവശ്യപ്പെട്ടു തുടങ്ങി. ബോട്ട് ഒരു മാസമായി തകരാറിലാണ്.

അറ്റകുറ്റപ്പണിക്കായി അടുത്ത ദിവസം യാഡിലേക്കു മാറ്റും.ഇതേസമയം, സാധാരണ പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്കു കാര്യമായ ഇന്ധന കുടിശികയില്ല. പൊലീസ് ജീപ്പുകളിൽ ഇന്ധനം നിറയ്ക്കുന്ന ഇനത്തിൽ കുടിശിക 2 മാസത്തിനുള്ളിൽ തീർക്കുകയാണ് ചെയ്യുക. ജീപ്പുകളിൽ ഇന്ധനം നിറച്ചതിന്റെ തുക ഓഗസ്റ്റ് വരെയുള്ളതു നൽകിക്കഴിഞ്ഞു.

സെപ്റ്റംബറിലേതിന്റെ വിതരണം തുടങ്ങി. ഒക്ടോബറിലെ കണക്കുകൾ തയാറാക്കുകയുമാണ്. പൊലീസ് മോട്ടർ ട്രാഫിക് വിഭാഗമാണ് വാഹനങ്ങളിലെ ഇന്ധനച്ചെലവും വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റു കണക്കുകളും നോക്കുന്നത്. കോസ്റ്റൽ പൊലീസിന്റെ ഇന്റ‍ർസെപ്റ്റർ ബോട്ടുകൾക്കുള്ള ഫണ്ട് മറ്റൊരു വിഭാഗമാണു കൈകാര്യം ചെയ്യുന്നത്. 

ബോട്ടുണ്ട്, പക്ഷേ വേണ്ട ശക്തിയില്ല

പ്രതികൂല കാലാവസ്ഥയിലും കടലി‍ൽ ഇറക്കാൻ കഴിയുന്നത് ട്വൽവ് ടൺ ഇന്റർസെപ്റ്റർ ബോട്ടാണ്. എന്നാൽ, തോട്ടപ്പള്ളി കോസ്റ്റൽ പൊലീസിന് നിലവിലുള്ളത് ഫൈവ് ടൺ ബോട്ടാണ്. കടൽ പ്രക്ഷുബ്ധമെങ്കിൽ ഇപ്പോഴുള്ള ബോട്ട് കൊണ്ടു രക്ഷാപ്രവർത്തനം സാധ്യമാകില്ലെന്ന് കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

ട്വൽവ് ടൺ ഇന്റർസെപ്റ്റർ ബോട്ടിൽ ജിപിഎസ് സംവിധാനത്തിനു പുറമേ, കൂടുതൽ സുരക്ഷാ ഉപകരണങ്ങൾ കയറ്റാനുള്ള സൗകര്യവുമുണ്ട്. കൂടുതൽ പേർക്കു യാത്ര ചെയ്യാനുമാകും. കടലിൽ ബോട്ടുകൾ കേടായിക്കിടന്നാൽ കെട്ടിവലിക്കാനുള്ള ക്ഷമതയുമുണ്ട്.ഇപ്പോഴുള്ള ബോട്ടിൽ മൂന്നുപേർക്കു മാത്രമേ യാത്ര ചെയ്യാൻ കഴിയൂ.

2012ൽ തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങുമ്പോൾ 3 ബോട്ടുകൾ നൽകിയിരുന്നു. രണ്ട് ട്വൽവ് ടൺ ഇന്റർസെപ്റ്റർ ബോട്ടുകൾ ഉള്ളതിൽ ഒരെണ്ണം കത്തിനശിക്കുകയും മറ്റൊന്ന് അർത്തുങ്കൽ സ്റ്റേഷനു നൽകുകയും ചെയ്തു. ശേഷിക്കുന്ന ചെറിയ ബോട്ടാണ് ഇപ്പോഴുള്ളത്. ഇതിൽ രക്ഷാപ്രവർത്തനത്തിനു പോകുന്നത് തങ്ങളുടെ ജീവനുതന്നെ ആപത്താണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഒരുബോട്ട് കൊണ്ട്അഡ്ജസ്റ്റ് ചെയ്യണം

ആലപ്പുഴ നഗരത്തിൽ ടൂറിസം പൊലീസിനും നോർത്ത്, സൗത്ത് സ്റ്റേഷനുകൾക്കും കൂടി ആകെയുള്ളത് 13 വർഷത്തിലേറെ പഴക്കമുള്ള സ്പീഡ് ബോട്ട്. ഇതിന് ഒരു മണിക്കൂർ ഓടാൻ 18 ലീറ്റർ പെട്രോൾ വേണം. എന്നാൽ, ഒരു മാസത്തേക്ക് 100 ലീറ്റർ മാത്രമേ പൊലീസിന്റെ മോട്ടർ ട്രാഫിക് വിഭാഗം അനുവദിച്ചിട്ടുള്ളൂ.പെട്രോൾ വിഹിതത്തിൽ നിയന്ത്രണമുള്ളതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ സ്പീഡ് ബോട്ട് എടുക്കാറുള്ളൂ.ടൂറിസം പൊലീസ് കൈകാര്യം ചെയ്യുന്ന സ്പീഡ് ബോട്ട് നോർത്ത് പൊലീസ് ചോദിക്കുമ്പോഴും സൗത്ത് പൊലീസ് ചോദിക്കുമ്പോഴും വിട്ടുകൊടുക്കണം.

ഇതിനിടെ നൂറുകണക്കിനു ഹൗസ്ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും മറ്റ് ബോട്ടുകളിലും കായൽമേഖലയിലേക്ക് പോകുന്ന ടൂറിസ്റ്റുകളെ ‘ശ്രദ്ധിക്കാൻ’ ടൂറിസം പൊലീസിനും ഈ സ്പീഡ് ബോട്ട് തന്നെയാണു വേണ്ടത്. വിഐപികൾ വന്നാൽ പൈലറ്റ് പോകാനും വിട്ടുകൊടുക്കണം. കാലപ്പഴക്കം കാരണം സ്പീഡ് ബോട്ട് കേടുപാടു സംഭവിച്ച് പ‌ണിമുടക്കാറുമുണ്ട്. 2014ൽ തന്നെ ഈ ബോട്ടിന് പകരം പുതിയ ബോട്ട് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS