ADVERTISEMENT

മാവേലിക്കര∙ ബിജെപി നേതാവ് രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവി മുൻപാകെ ഹാജരാക്കി. പ്രതികൾക്കു വേണ്ടി അഭിഭാഷകർ ഹാജരാകാതിരുന്നിട്ടും കുറ്റപത്രം വായിച്ചു കേൾക്കുന്നതിനു മുന്നോടിയായുള്ള പ്രോസിക്യൂഷൻ വാദം ഇന്നലെ പൂർത്തിയാക്കി. കേസ് ഇനി 12ന് പരിഗണിക്കും. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പ്രതികളെയും എറണാകുളം സബ് ജയിൽ, ജില്ലാ ജയിൽ, ആലുവ സബ് ജയിൽ എന്നിവിടങ്ങളിൽ നിന്നു വൻ പൊലീസ് സുരക്ഷയിലാണ് കോടതിയിലെത്തിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ഡിവൈഎസ്പി: എൻ.ആർ.ജയരാജ് സമർപ്പിച്ച കുറ്റപത്രത്തിലെ എല്ലാ വകുപ്പുകളും സാധൂകരിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ കോടതിയിൽ അറിയിച്ചു. പ്രതികൾക്കു വേണ്ടി ഇന്നലെയും അഭിഭാഷകർ ഹാജരായില്ല. അഭിഭാഷകരെ ഏർപ്പെടുത്താൻ കൂടുതൽ സമയം വേണമെന്നും അതുവരെ കേസ് നീട്ടി വയ്ക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്നു കോടതി വ്യക്തമാക്കി.

തങ്ങൾക്കു വേണ്ടി ഹാജരാകാൻ ഒരു അഭിഭാഷകനുമായി ധാരണയായതായി പ്രതികൾ പറഞ്ഞപ്പോൾ അഭിഭാഷകൻ എത്തുന്നതു വരെ നിയമസഹായം ലഭ്യമാക്കാൻ അഡ്വ. കെ.ബി.പ്രേംദീപിനെ നിയമിക്കാനും കുറ്റപത്രത്തിന്റെ പകർപ്പ് കൈമാറാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കലിനു പുറമെ അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി.

പ്രതികൾ 3 തവണ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രം

മാവേലിക്കര ∙ രൺജീത്തിനെ കൊലപ്പെടുത്തുന്നതിനു മുന്നോടിയായി പ്രതികൾ 3 തവണ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രം. ആർഎസ്എസ് പ്രവർത്തകനായ നന്ദു കൃഷ്ണ വയലാറിൽ കൊല്ലപ്പെട്ടതിൽ തിരിച്ചടി ഉണ്ടാകുമ്പോൾ കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയാറാക്കാനാണ് പ്രതികൾ ആദ്യം ഗൂഢാലോചന നടത്തിയത്. പിന്നീട് 2021 ഡിസംബർ 18ന് രാത്രി മണ്ണഞ്ചേരി, ആലപ്പുഴ റെയിൽവെ സ്റ്റേഷന് സമീപം എന്നിവിടങ്ങളിലായി ഒത്തുചേർന്നു വീണ്ടും ഗൂഢാലോചന നടത്തി രൺജീത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു.

രൺജീത് അന്നു വീട്ടിൽ ഉണ്ടെന്ന് ഉറപ്പാക്കാൻ മൂന്നാം പ്രതി അനൂപിന്റെ നേതൃത്വത്തിൽ വീടിനു മുന്നിലെത്തി അന്വേഷിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കൾ ആലപ്പുഴ നഗരത്തിലെ പോപ്പുലർ ഫ്രണ്ട് ഓഫിസിലും മണ്ണഞ്ചേരിയിലെ പ്രതികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലും ഒത്തുചേർന്നു തയാറെടുപ്പുകൾ നടത്തി. 6 വാഹനങ്ങളിലായി മഴു, ചുറ്റിക, വാൾ, കമ്പിവടി തുടങ്ങിയ മാരകായുധങ്ങളുമായി 12 പ്രതികൾ രൺജീത്തിന്റെ വീടിനു സമീപം രാത്രി എത്തിയെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാൽ മടങ്ങിപ്പോയി.

19ന് പുലർച്ചെ വീണ്ടും എത്തിയാണ് രൺജീത്തിനെ കൊലപ്പെടുത്തിയത്. കേസിന്റെ പ്രാഥമിക പട്ടികയിൽ 178 സാക്ഷികളും ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 380 രേഖകളുമുണ്ട്. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിനൊപ്പം ക്രിമിനൽ ഗൂഢാലോചന, അന്യായമായ സംഘം ചേരൽ, ലഹള, അതിക്രമിച്ചു കടക്കൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിയമ പ്രകാരമുള്ള കുറ്റം എന്നിവയ്ക്കും തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com