ADVERTISEMENT

എടത്വ ∙ ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിലെ പൊങ്കാല ചടങ്ങുകൾ നടന്നത് ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം. പൊങ്കാലയിടാൻ എത്തുന്നവർ കഴിവതും പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുവരാൻ പാടില്ലെന്ന നിർദേശം പാലിക്കപ്പെട്ടു. പല സ്ഥലങ്ങളിലും മാലിന്യങ്ങൾ ഇടാൻ ഓല കൊണ്ടു നിർമിച്ച വല്ലങ്ങൾ വച്ചിരുന്നു. പാളപ്പാത്രത്തിലും പേപ്പർ പാത്രത്തിലും ഇലയിലുമാണ് അന്നദാനം നടന്നത്. ക്ഷേത്രത്തിൽ നിന്നു നൽകിയത് സ്റ്റീൽ പത്രത്തിലായിരുന്നു. ഇതിനായി 10,000 സ്റ്റീൽ പാത്രങ്ങളാണ് എത്തിച്ചത്. 

പ്ലാസ്റ്റിക് കൂടുകളിൽ സാധനങ്ങൾ വിൽക്കാൻ എത്തുന്നവരെ വിലക്കുകയും ചെയ്തു. ഇതിനായി പൊലീസും ആരോഗ്യ വകുപ്പും നേതൃത്വം നൽകി. പൊങ്കാല കഴിഞ്ഞ് ആളുകൾ മടങ്ങിയതിനു പിന്നാലെ ഹരിതകർമ സേനയുടെയും കുടുംബശ്രീയുടെയും പ്രവർത്തകർ റോഡിലും പൊങ്കാല നടന്ന മറ്റിടങ്ങളിലും നിന്ന് മാലിന്യം നീക്കം ചെയ്തു. 

ഭക്തരെ വലച്ച് റെയിൽവേ ഗേറ്റ്

തകഴി റെയിൽവേ ലവൽ ക്രോസിലെ ഗേറ്റ് തകരാറിലായത് ചക്കുളത്തുകാവിലേക്ക് എത്തിയ ഭക്തർക്ക് ബുദ്ധിമുട്ടായി. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് ലോറി തട്ടിയതിനെ തുടർന്ന് ഗേറ്റ് തകരാറിലായത്. അർധരാത്രിയോടെ ഇതു പരിഹരിച്ചു. എന്നാൽ രാവിലെ ഏഴുമണിയോടെ ഗേറ്റ് വീണ്ടും തകരാറിലായി. തുടർന്ന് 8 മണിയോടെയാണ് തകരാർ പരിഹപരിച്ചത്. ഈ സമയമത്രയും പ്രദേശത്തെ റോഡുകൾ പരിചയമില്ലാത്തവർ റെയിൽവേ ഗേറ്റിനു സമീപം കാത്തുകിടന്നു.

2 പതിറ്റാണ്ട് അന്നം വിളമ്പി ശെൽവരാജ്

എടത്വ ∙ പൊങ്കാലയിടാൻ എത്തിയവർക്ക് അന്നദാനം നൽകാൻ ഇക്കുറിയും കിളിമാനൂർ സ്വദേശി ശെൽവരാജും സംഘവും എത്തി. രണ്ടു പതിറ്റാണ്ടു മുൻപാണ് ശെൽവരാജ് ചക്കുളത്തുകാവിൽ അന്നദാനം ആരംഭിച്ചത്. ആദ്യ വർഷം 500 പേർക്കായിരുന്നു എങ്കിൽ ഇക്കുറി 15,000 പേർക്കാണ് ഭക്ഷണം ഒരുക്കിയത്. അവിയൽ, തോരൻ, സാമ്പാർ, അച്ചാർ, മോര് എന്നിവയാണ് നൽകിയത്. 

20 വർഷം മുൻപ് ജോലി ചെയ്തിരുന്ന കടയിൽ പണിയില്ലാതെ വന്നപ്പോൾ വീട് പട്ടിണിയിലായി. ആകെ അറിയാവുന്നത് ചായക്കട പണിയാണ്. ആ വർഷം പരിസരത്തുള്ളവർ പൊങ്കാലയിടാൻ പോകുന്നു എന്നറിഞ്ഞ ശെൽവരാജ് ഇവിടെ എന്തെങ്കിലും ചെയ്യാമെന്ന ധാരണയിൽ ചക്കുളത്തുകാവിലെത്തി. അന്നദാനം കൊടുക്കുന്നവർക്കു സഹായിയായി നിന്നു.

അവിടെ നിന്നു ലഭിച്ച തുച്ഛമായ തുകയുമായി പോയ ശെൽവരാജ് ജോലിചെയ്തിരുന്ന ചായക്കട വാടകയ്ക്കെടുത്ത് കച്ചവടം ആരംഭിക്കുകയായിരുന്നു. പിന്നീടുള്ള ഉയർച്ചയ്ക്ക് കാരണം ഇവിടെനിന്നു ലഭിച്ച തുകയാണെന്ന വിശ്വാസത്തിലാണ് മുടങ്ങാതെ എത്തുന്നതും സൗജന്യമായി ഭക്ഷണം വിളമ്പുന്നതും. ഇന്ന് സംഘത്തിൽ കുടുംബവും സമീപവാസികളും പങ്കു ചേരുന്നുണ്ട്. നാട്ടുകാർ സ്വന്തം പുരയിടത്തിൽ നിന്നു വിളവെടുക്കുന്ന പച്ചക്കറികളാണ് എത്തിക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com