മാന്നാർ ∙ റോഡിന്റെ ശോചനീയാവസ്ഥ കലക്ടറെ നേരിട്ട് അറിയിക്കാൻ 5 വിദ്യാർഥികൾ ആലപ്പുഴയിലെത്തി. വർഷങ്ങളായി തകർന്നു കിടന്ന മാന്നാർ മൂർത്തിട്ട –മുക്കാത്താരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കമെന്നാവശ്യപ്പെട്ടാണ് അഞ്ചംഗ കുട്ടി സംഘം ജില്ലാകലക്ടറെ നേരിൽ കണ്ടത്.മാന്നാർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ 1, 2, 3, 4 വാർഡുകളിലൂടെ കടന്നു പോകുന്ന ഈ റോഡു പ്രളയം കാരണവും ജലജീവൻ ശുദ്ധജല വിതരണ പദ്ധതിയുടെ കുഴിയെടുത്തപ്പോഴുമാണ് തകർന്നത്.
മാന്നാർ നായർ സമാജം ഗേൾസ് സ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥിനി അംന ഫാത്തിമ, 5–ാം ക്ലാസ് വിദ്യാർഥിനി നിമ ഫാത്തിമ, പരുമല സെമിനാരി സ്കൂളിലെ 4–ാം ക്ലാസ് വിദ്യാർഥിനി അഖില, നായർ സമാജം അക്ഷര സ്കൂളിലെ 4–ാം ക്ലാസ് വിദ്യാർഥിനി സ്വാലിഹ, മാവേലിക്കര ഇൻഫന്റ് ജീസസ് സ്കൂളിലെ 2–ാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഹാതിം എന്നിവരാണ് ജില്ലാ കലക്ടർ കൃഷ്ണതേജയെ കണ്ടു റോഡിന്റെ അവസ്ഥയും വർഷങ്ങളായി നേരിടുന്ന ബുദ്ധിമുട്ടുകളും അറിയിച്ചത്.
പരാതി മാന്നാർ പഞ്ചായത്ത് അധികൃതർക്കു കൈമാറി നടപടിക്കായി ശുപാർശ ചെയ്യുമെന്നു കലക്ടർ അറിയിച്ചതായി ഈ കുട്ടി സംഘമറിയിച്ചു. കഴിഞ്ഞ മാസം തങ്ങളുടെ യൂട്യൂബ് ചാനലായ ‘കുട്ടീസ് വൈബ്സ്’ വഴി തകർന്ന കിടക്കുന്ന റോഡിന്റെ ദൃശ്യങ്ങൾ പകർത്തി പുറംലോകത്തെ അറിയിച്ചിരുന്നു.