ADVERTISEMENT

ആലപ്പുഴ ∙ ആലപ്പുഴ മുതൽ ചങ്ങനാശേരി വരെ 24 കിലോമീറ്ററേ ഉള്ളൂ, പക്ഷേ ഇപ്പോൾ ഈ ദൂരം താണ്ടാൻ ഒന്നര മണിക്കൂറോളം വേണം. ആലപ്പുഴ – ചങ്ങനാശേരി (എസി) റോഡ് നവീകരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ രൂപപ്പെടുന്ന ഗതാഗതക്കുരുക്കാണ് കാരണം. കൈനകരി മുതൽ പൂപ്പള്ളി വരെയുള്ള ഭാഗത്തെ വൺവേ ക്രമീകരണം ഒഴിവാക്കിയതോടെ ഈ ഭാഗത്തു വലിയ ഗതാഗതക്കുരുക്കാണു രൂപപ്പെടുന്നത്. 

നെടുമുടി, പൂപ്പള്ളി കോസ്‌വേകൾ ഈ മാസം 

മാമ്പുഴക്കരിയിലെ കോസ്‌വേ നിർമാണം പൂർത്തിയായി. നെടുമുടി, പൂപ്പള്ളി കോസ്‌വേകളുടെ നിർമാണം ഈ മാസം പൂർത്തിയാകും. 9 കോസ്‌വേകൾ എന്നാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചത് എങ്കിലും 3 കോസ്‌വേകൾ മാത്രമേ നിലവിൽ പണിയുന്നുള്ളൂ. അടുത്ത മാസത്തോടെയാകും ഗതാഗതത്തിന് തുറന്നു കൊടുക്കുക.

പള്ളാത്തുരുത്തി പാലം 

പള്ളാത്തുരുത്തിയിൽ പാലത്തിനു താഴെ പമ്പാനദിയിലൂടെ ദേശീയജലപാത കടന്നു പോകുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചുള്ള പുതിയ രൂപരേഖയ്ക്ക് ദേശീയ ജലപാത അതോറിറ്റിയുടെ അനുമതി ലഭിച്ചിരുന്നു. പാലത്തിന്റെ രൂപരേഖയിലെ മാറ്റത്തിനനുസരിച്ച് നിർമാണച്ചെലവിലെ വർധന സംബന്ധിച്ച വിവരങ്ങൾ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ദേശീയ ജലപാതയ്ക്കു മുകളിലൂടെ പോകുന്ന പാലങ്ങളുടെ മധ്യഭാഗത്തെ തൂണുകൾ തമ്മിൽ 40 മീറ്റർ അകലം ഉണ്ടാകണമെന്നാണ് മാനദണ്ഡം. പുതുക്കിയ രൂപരേഖ പ്രകാരം പുതിയ പള്ളാത്തുരുത്തി പാലത്തിന്റെ മധ്യഭാഗത്തെ തൂണുകൾ തമ്മിൽ 72 മീറ്റർ അകലം ഉണ്ടാകും. ഏകദേശം 600 മീറ്ററാകും പാലത്തിന്റെ നീളം. 

ഓട നിർമാണം 75% പൂർത്തിയായി

എസി റോഡിന് ഇരുവശത്തും നടപ്പാതകളോടു കൂടിയ ഓട നിർമിക്കുന്നുണ്ട്. ഇതിന്റെ നിർമാണം 75% പൂർത്തിയായി. എസി കനാലിനോട് ചേർന്നുള്ള ഭാഗത്ത് മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമാകാത്തതിനാൽ ഓട നിർമാണം തുടങ്ങിയിട്ടില്ല. റോഡിന്റെ ഒരു വശത്ത് കേബിളുകൾ കടന്നു പോകാനുള്ള ഡക്ടോടു കൂടിയ ഓടയാണ് നിർമിക്കുന്നത്. ഇന്റർലോക്ക് തറയോടുകൾ പാകിയാണ് നിർമാണം. കളർകോട് ഭാഗത്ത് ഇരുവശത്തും മറ്റിടങ്ങളിൽ ഒരു വശത്തും നടപ്പാതകൾ പൂർത്തിയായി. 

  എസി റോഡിൽ മനയ്ക്കച്ചിറയ്ക്കു സമീപം പാലം പണി  നടക്കുന്നതിനാൽ കാത്തുനിൽക്കുന്ന വാഹനങ്ങൾ.
എസി റോഡിൽ മനയ്ക്കച്ചിറയ്ക്കു സമീപം പാലം പണി നടക്കുന്നതിനാൽ കാത്തുനിൽക്കുന്ന വാഹനങ്ങൾ.

കിടങ്ങറ പാലം 

എസി റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമിക്കുന്ന 14 ചെറു പാലങ്ങളിൽ 11 എണ്ണത്തിന്റെ നിർമാണപ്രവൃത്തികൾ പൂർത്തിയായി. കിടങ്ങറ പാലത്തിനു സമീപത്തു നിന്ന് മുട്ടാറിലേക്ക് എസി കനാലിന് കുറുകെയുള്ള പാലത്തിലേക്ക് വാഹനങ്ങൾക്ക് കയറാൻ ബുദ്ധിമുട്ടുണ്ട്. ഇവിടെ ഇരു പാലങ്ങളെയും മുക്കവല രീതിയിൽ കൂട്ടിമുട്ടിക്കാനാണ് പദ്ധതി. മുട്ടാറിൽ നിന്നെത്തുന്ന പാലം ജലനിരപ്പിൽ നിന്ന് ഏകദേശം 3 മീറ്റർ ഉയരത്തിൽ കിടങ്ങറ പാലത്തിൽ ബന്ധിപ്പിക്കും. ഇതിന്റെ പാരിസ്ഥിതികാഘാത പഠനം ഉൾപ്പെടെ നടക്കാനുണ്ട്. ഇവിടെ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും.

 എസി റോഡിൽ കി‍ടങ്ങറയ്ക്കു സമീപം രണ്ടാംഘട്ട ടാറിങ് പുരോഗമിക്കുന്നു.
എസി റോഡിൽ കി‍ടങ്ങറയ്ക്കു സമീപം രണ്ടാംഘട്ട ടാറിങ് പുരോഗമിക്കുന്നു.

കുരുക്കായി നസ്രത്ത്, ജ്യോതി ജംക്‌ഷൻ മേൽപാലങ്ങൾ 

കൈനകരിക്കും പൂപ്പള്ളിക്കും ഇടയിൽ ഉണ്ടായിരുന്ന വൺവേ സംവിധാനം ഉപേക്ഷിച്ചതോടെ ഇരുഭാഗത്തു നിന്നും വാഹനങ്ങൾ വരുന്നത് മേൽപാലങ്ങൾക്കു താഴെ വീതികുറഞ്ഞ ഭാഗത്ത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു. വീതിയുള്ള മേൽപാലം വെറുതേ കിടക്കുമ്പോൾ ഇടുങ്ങിയ, കുഴികൾ നിറഞ്ഞ റോഡിലൂടെ വാഹനങ്ങൾ നിരങ്ങി നീങ്ങേണ്ട അവസ്ഥയാണ്. നസ്രത്ത്, ജ്യോതി ജംക്‌ഷൻ മേൽപാലങ്ങളുടെ പണി കഴിഞ്ഞെങ്കിലും ഭാരപരിശോധനയടക്കമുള്ള സുരക്ഷാ പരിശോധനകൾ പൂർത്തിയാകാത്തതിനാലാണ് വാഹനങ്ങൾ കടത്തിവിടാത്തത്. ഭാരപരിശോധന നടത്തുന്നതിന് വിശ്വാസയോഗ്യമായ ഏജൻസി സംസ്ഥാനത്ത് ഇല്ലാത്തത് കാലതാമസത്തിന് ഇടയാക്കി. 

റോഡ് നിർമാണ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഭാരപരിശോധന ഏജൻസിയെ നിർദേശിച്ചിട്ടുണ്ട്. തുടർ നടപടിക്കുള്ള അനുമതി ലഭിച്ച ശേഷമാകും ഭാരപരിശോധനയ്ക്കുള്ള ക്രമീകരണങ്ങൾ നടത്തുക. ഈ മാസം തന്നെ ഭാരപരിശോധന നടത്താനാകുമെന്നാണ് പ്രതീക്ഷ. തെരുവുവിളക്കുകൾ ഉൾപ്പെടെ സജ്ജീകരിച്ചെങ്കിൽ മാത്രമേ വാഹനങ്ങൾ കടത്തിവിടാൻ അനുമതി ലഭിക്കൂ എന്നാണ് വിവരം. വിളക്കുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. 

എസി റോഡിൽ ഗതാഗതം നിരോധിച്ചു

ആലപ്പുഴ–ചങ്ങനാശേരി റോഡിൽ പണ്ടാരക്കളം മേൽപാലത്തിന്റെ സ്ലാബ് കോൺക്രീറ്റിങ് നടക്കുന്നതിനാൽ ഇന്ന് രാത്രി 9 മുതൽ നാളെ  രാവിലെ 6 വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പെരുന്ന-തിരുവല്ല-അമ്പലപ്പുഴ വഴിയോ പൂപ്പള്ളി-ചമ്പക്കുളം-എസ്എൻ കവല വഴിയോ തിരിഞ്ഞു പോകണം. കൈനകരി റോഡിൽ മട വീണു സഞ്ചാരയോഗ്യമല്ലാത്ത  സാഹചര്യത്തിൽ പൂപ്പള്ളി–കൈനകരി റോഡിലൂടെ  ഗതാഗതം സാധ്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com