കുട്ടനാട് ∙ എസി റോഡിൽ നവീകരണത്തിന്റെ ഭാഗമായി പുതിയതായി നിർമിച്ച നസ്രത്ത് മേൽപാലത്തിന്റെ ഭാര പരിശോധന ആരംഭിച്ചു. 5 ലോറികളിലായി ഭാരം കയറ്റി പാലത്തിനു സമീപത്ത് എത്തിച്ച ശേഷം ഇന്നലെ ഉച്ചയ്ക്ക് 12.15ന് ആദ്യ ലോറി ലോഡുമായി പാലത്തിൽ കയറ്റി. 41 ടൺ ഭാരമുള്ള 2 ലോറികളാണ് ആദ്യം കയറ്റിയത്. തുടർന്ന് 1 മണിക്കൂറിനുശേഷം ഒരെണ്ണം കൂടി കയറ്റി. മൂന്നരയോടെ 5 ലോറികളും ലോഡുമായി പാലത്തിൽ കയറ്റിയിട്ടു.
ആകെയുള്ള ഭാരത്തിന്റെ 50% കണക്കാക്കിയാണ് ആദ്യത്തെ ലോറികൾ പാലത്തിനു മുകളിൽ കയറ്റിയത്. തുടർന്ന് 75%, 90% എന്നീ അനുപാതത്തിലും മൂന്നരയോടെ 100 ശതമാനം ഭാരവും കയറ്റി. തുടർന്നുള്ള ഓരോ മണിക്കൂർ ഇടവിട്ട് റീഡിങ് എടുക്കുന്നുണ്ട്. ഇന്ന് വൈകിട്ട് മൂന്നര വരെ (24 മണിക്കൂർ) ഭാരം കയറ്റിയുള്ള പരിശോധന തുടരും.അതിനുശേഷം ഭാരം ഇറക്കിയുള്ള പരിശോധന നടത്തും. 90%, 75%, 50% എന്നീ കണക്കിൽ നിശ്ചിത സമയക്രമത്തിൽ ഭാരമിറക്കി റീഡിങ് രേഖപ്പെടുത്തും. നാളെ വൈകുന്നേരത്തോടെ ഭാര പരിശോധന ജോലികൾ പൂർത്തിയാകുന്ന രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്.
മേൽപാലത്തിന്റെ മധ്യഭാഗത്തോടു ചേർന്നുള്ള 22 മീറ്റർ ഭാഗത്താണു പരിശോധന നടത്തുന്നത്. നസ്രത്ത് മേൽപാലത്തിന്റെ പരിശോധനയ്ക്കുശേഷം ജ്യോതി ജംക്‌ഷൻ മേൽപാലത്തിന്റെയും മനയ്ക്കച്ചിറ, കിടങ്ങറ ബസാർ എന്നിവിടങ്ങളിലെ ചെറു പാലങ്ങളുടെയും ഭാരപരിശോധന നടത്തും.