രവിവർമയുടെ അഞ്ചാം തലമുറക്കാരൻ വരച്ചത് വിശുദ്ധ സ്തേഫാനോസിന്റെ ചിത്രം; ഇന്നു സമർപ്പിക്കും
Mail This Article
മാവേലിക്കര ∙ രാജാരവിവർമയുടെ തായ്‌വഴിയിലെ ചിത്രകാരന്റെ നിറക്കൂട്ട് ചാർത്തിയ കരവിരുതിൽ വിശുദ്ധ സ്തേഫാനോസിന്റെ രക്തസാക്ഷിത്വം അനുസ്മരിപ്പിക്കുന്ന ചിത്രം ഒരുങ്ങുന്നു. പ്രശസ്ത ചിത്രകാരൻ രാജാരവിവർമയുടെ അഞ്ചാം തലമുറയിലുള്ള മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ പാർഥസാരഥി വർമയാണു വിശുദ്ധ സ്തേഫാനോസിന്റെ ചിത്രം വരച്ചത്. പൂർത്തിയായ ചിത്രം ഇന്ന് വൈകിട്ട് 5നു കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ സമർപ്പിക്കും.
പുന്നമ്മൂട് പള്ളിക്കലേത്ത് രഞ്ജിത് സാമുവേലിന്റെ ആഗ്രഹപ്രകാരം 4 മാസത്തോളം സമയമെടുത്താണു ചിത്രം പൂർത്തിയാക്കിയത്. ചിത്രമെഴുത്തിനു മുന്നോടിയായി വേദപുസ്തകത്തിൽ സ്തേഫാനോസിന്റെ രക്തസാക്ഷിത്വം വിശദമാക്കുന്ന ഭാഗം കൃത്യമായി വായിച്ചു മനസ്സിലാക്കി. 8 അടി ഉയരത്തിലും 5 അടി വീതിയിലുമാണു ചിത്രം പൂർത്തീകരിച്ചത്. രാജാരവിവർമ കോളജ് ഓഫ് ഫൈൻ ആർട്സ് പൂർവവിദ്യാർഥിയായ പാർഥസാരഥി വർമയുടെ ചിത്രങ്ങൾ 4 തവണ ലളിതകല അക്കാദമിയുടെ പ്രദർശനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.