ADVERTISEMENT

മുപ്പതു വർഷത്തെ അഭിനയജീവിതം. 750 മലയാള ചിത്രങ്ങൾ, 39 അന്യഭാഷാ ചിത്രങ്ങൾ‍. മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേം നസീറിനെക്കുറിച്ചുള്ള ഓർമകൾ സംവിധായകനും നിർമാതാവുമായ ആലപ്പി അഷ്റഫും പ്രൊഡക്‌ഷൻ കൺട്രോളർ എ.കബീറും പങ്കുവയ്ക്കുന്നു.

ആദ്യമായി നസീറിനെ കാണുന്നത് 1974ൽ എസ്ഡി കോളജിൽ‍ വച്ചാണ്. ആർട്സ് ക്ലബ് ഉദ്ഘാടനത്തിന് എത്തിയതാണ്. അന്ന് ഞാൻ മിമിക്രി രംഗത്തേക്കു വന്നിട്ടേയുള്ളൂ. നസീർ സാറിന്റെ ശബ്ദമാണ് അനുകരിക്കുന്നത്. വേദിയിൽ അദ്ദേഹം ഇരിക്കുന്നു. വിദ്യാർഥികളുടെ വലിയ സദസ്സ്. അന്ന്, സാറിന്റെ അനുമതി വാങ്ങിയാണ് ശബ്ദം അനുകരിച്ചത്.സദസ്സിന്റെ കയ്യടിയും അദ്ദേഹത്തിന്റെ  പുഞ്ചിരിയും. മറക്കാനാകാത്ത ഓർമയാണത്.

മറ്റൊന്ന്, ചിറയൻകീഴിൽ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ നൽകിയ സ്വീകരണത്തിന് എന്നെയും ക്ഷണിച്ചതാണ്. തുറന്ന ജീപ്പിലാണ് സഞ്ചാരം. ആ യാത്രയിലുടനീളം എന്നെയും ജീപ്പിലിരുത്തി. എന്റെ ആദ്യ മൂന്നു സിനിമകളിൽ അദ്ദേഹമായിരുന്നു നായകൻ. എത്ര എളിമയോടെയാണെന്നോ സംസാരം. ആളുകളെ സഹായിക്കുന്നതാണ് ഇഷ്ടമെന്ന് എപ്പോഴും പറയുമായിരുന്നു. വെറുതേ പറയുകയല്ല, ഒട്ടേറെപ്പേരെ സഹായിച്ചു. നല്ല മാർക്ക് വാങ്ങി പാസായിട്ടും പണമില്ലാത്തതിനാൽ പഠനം മുടങ്ങുന്ന കുട്ടികളുടെ കത്തുകൾ അദ്ദേഹത്തിന് കിട്ടാറുണ്ട്.

സാധിക്കുന്ന എല്ലാവരുടെയും പഠനച്ചെലവ് ഏറ്റെടുത്തിരുന്നു. എത്രയോ കുട്ടികളാണ് നന്ദി പറയാൻ വന്നിരുതെന്ന് ഊഹിക്കാൻ പോലും കഴിയില്ല. നഷ്ടം വന്ന നിർമാതാക്കളെക്കുറിച്ചറിഞ്ഞാൽ അവരെ വിളിച്ചുവരുത്തും. സഹായിക്കും. ഡേറ്റ് നൽകും. നല്ല സംവിധായകരെ പരിചയപ്പെടുത്തിക്കൊടുക്കും. 

സ്വന്തമായി രാഷ്ട്രീയപാർട്ടി രൂപീകരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇതറിഞ്ഞ കെ.കരുണാകരൻ (ഇന്ദിരാഗാന്ധിയുടെ നിർദേശമാണെന്നും കേട്ടിട്ടുണ്ട്) ‘പ്രേംനസീറിന് എന്താണ് വേണ്ടത്. അതു ഞങ്ങൾ തരാം’ എന്ന വാഗ്ദാനം നൽകി. അന്നു മുതൽ ജീവിതാവസാനം വരെ നസീർ കോൺഗ്രസുകാരനായിരുന്നു. 

എ. കബീർ, പ്രൊ‍ഡക്​ഷൻ കൺട്രോളർ:" അസേ, അസേ.. എല്ലാവരെയും അദ്ദേഹം വിളിച്ചത് അങ്ങനെയാണ്. അതിൽ സ്നേഹമുണ്ടായിരുന്നു, വാത്സല്യമുണ്ടായിരുന്നു, പരിഗണനയുണ്ടായിരുന്നു. ഒട്ടേറെ പാവപ്പെട്ടവരെ സഹായിച്ചു. സെറ്റിലുള്ളവരെ കുടുംബമായി കണ്ട ചുരുക്കം നടന്മാരിൽ‍ ഒരാളായിരുന്നു അദ്ദേഹം. ഭക്ഷണം എത്ര മോശമായാലും നന്നായിട്ടുണ്ടെന്നു മാത്രമേ പറയൂ. ഒരു പരാതിയും ആരെക്കുറിച്ചും പറഞ്ഞതായി കേട്ടിട്ടുപോലുമില്ല. മഹാനായ നടൻ‍ മാത്രമല്ല, മനുഷ്യനുമായിരുന്നു പ്രേംനസീർ. "

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com