ADVERTISEMENT

‘‘അഞ്ഞൂറ് ലീറ്ററിന് 300 രൂപ. നാലുപേരുള്ള കുടുംബത്തിന് ഒരു മാസത്തേക്കുണ്ടാവും’’ – ലാലപ്പൻ പറയുന്നത് വിലയ്ക്കു വാങ്ങുന്ന വെള്ളത്തെപ്പറ്റിയാണ്! കാവാലം പഞ്ചായത്ത് ഏഴാം വാർഡിലെ അംബേദ്കർ ഗ്രാമത്തിന്റെയാകെ ദുരിതം വിവരിക്കുകയായിരുന്നു ഇത്തിത്തറയിൽ ജി.ലാലപ്പൻ. കോട്ടയം ജില്ലയിലെ തുരുത്തിയിൽനിന്നു മറ്റും വണ്ടിക്കാർ കൊണ്ടുവരുന്ന വെള്ളം വാങ്ങി വീടുകളിലെ ടാങ്കുകളിൽ നിറയ്ക്കുന്നത് ഇവിടത്തുകാർക്ക് വേനലിലെ മാത്രം ശീലമല്ല. വർഷം മുഴുവൻ അവർക്ക് വെള്ളം ‘പർച്ചേസ്’ ചെയ്യേണ്ട വസ്തുവാണ്.

തൽക്കാലം ഇത് കുട്ടനാടിന്റെ മാത്രം ദുരവസ്ഥയായിരിക്കും. പക്ഷേ, മറ്റു പലയിടത്തും പ്ലാസ്റ്റിക് ടാങ്കുകൾ കയറ്റിയ വണ്ടികൾ ഓടിത്തുടങ്ങാൻ വലിയ താമസമില്ല. ഇക്കൊല്ലം വരൾച്ചയുടെ കാഠിന്യം എത്രയുണ്ടാകുമെന്ന് പറയാറായിട്ടില്ലെന്നു കാലാവസ്ഥാ വിദഗ്ധർ. പക്ഷേ, നല്ല വെള്ളം ദുർലഭമാകുന്ന നാളുകൾ വരുന്നെന്നു തന്നെയാണ് അവർ തരുന്ന സൂചന.

കണ്ണിൽ ചൂടും നീറ്റലും

കാവാലം അംബേദ്കർ ഗ്രാമത്തിനു സമീപം പഞ്ചായത്ത് സ്ഥാപിച്ച കിയോസ്ക് കാടുകയറിയ നിലയിൽ.   ചിത്രം : മനോരമ.
കാവാലം അംബേദ്കർ ഗ്രാമത്തിനു സമീപം പഞ്ചായത്ത് സ്ഥാപിച്ച കിയോസ്ക് കാടുകയറിയ നിലയിൽ. ചിത്രം : മനോരമ.

തട്ടാശേരിയിൽനിന്നു ജങ്കാറിൽ‍ കയറി അക്കരെ ചെന്നാൽ ചെളിവെള്ളം കൊണ്ടു പുലരുന്ന കുറെ കുടുംബങ്ങളെ കാണാം. അംബേദ്കർ ഗ്രാമത്തിലും ചുറ്റുവട്ടത്തുമായി 36 കുടുംബങ്ങളുണ്ട്. ജില്ലാ പഞ്ചായത്ത് കുഴിച്ച കുഴൽക്കിണറിൽനിന്നു വല്ലപ്പോഴും കിട്ടുന്നത് ഉപ്പുവെള്ളമാണ്. പാചകത്തിനും കുടിക്കാനും കൊള്ളില്ല. കുളിക്കാൻ ഉപയോഗിച്ചാൽ തലമുടി കൊഴിയും, കണ്ണിൽ ചൂടും നീറ്റലും.

പാചകത്തിന് വണ്ടിക്കാർ എത്തിക്കുന്ന വെള്ളം കാശു കൊടുത്ത് വാങ്ങണം. അതും എപ്പോഴും കിട്ടില്ല. ചിലപ്പോഴൊക്കെ ഏറെ കാത്തിരുന്നാലും വണ്ടി വന്നില്ലെന്നിരിക്കും. ഓർഡർ അനുസരിച്ചാണ് വണ്ടിക്കാർ വെള്ളം എത്തിക്കുന്നത്.ഇടയ്ക്കൊക്കെ പഞ്ചായത്തിൽനിന്ന് വെള്ളവുമായി വണ്ടി വരും. ഒരു വീടിന് രണ്ടു കുടം വീതം വെള്ളം കിട്ടും.

അതും ചിലപ്പോൾ പാതിവഴിയിൽ തീരും. മഴക്കാലത്തും കുട്ടനാട്ടിൽ ശുദ്ധജലം ദുർലഭമാണല്ലോ. മഴക്കാലത്ത് റോഡ് മുങ്ങിയാൽ പിന്നെ വണ്ടിയൊന്നും വരില്ല.പാടശേഖരങ്ങളെ ചുറ്റുന്ന മട്ടാഞ്ചേരി തോട്ടിലെ വെള്ളം പണ്ടൊക്കെ ആശ്വാസമായിരുന്നു. ഇപ്പോൾ ആശ്വാസമല്ലെങ്കിലും ആശ്രയമാണ്. കറുത്ത വെള്ളമാണെങ്കിലും അലക്കാനും കുളിക്കാനുമൊക്കെ പലരും ഉപയോഗിക്കുന്നു. ഇടയ്ക്ക് പാടത്തെ വെള്ളം കയറ്റുമ്പോൾ തോട്ടിലെ വെള്ളവും മലിനമാകും.

‘‘കണ്ടത്തിലെ വെള്ളം പണ്ടൊക്കെ അത്യാവശ്യത്തിന് ഉപയോഗിച്ചിരുന്നു. ഇപ്പോൾ കീടനാശിനി ഉപയോഗം കാരണം വെള്ളത്തിനൊരു നീലനിറമാണ്. വെള്ളത്തിൽ തൊടാൻ പോലും പേടിയാണ്’’ – നടുവിലെത്തറ സാലിമ്മ പറഞ്ഞു.തിരിച്ചു പോരുമ്പോൾ, പഞ്ചായത്ത് എത്തിക്കുന്ന വെള്ളം നിറയ്ക്കാനുള്ള കിയോസ്ക് കണ്ടു. വണ്ടിയിൽ വെള്ളമെത്തിച്ച് നിറയ്ക്കാനുള്ള ടാങ്കാണ്. ആളുകൾ അവിടെയെത്തി വെള്ളം പകർന്നെടുക്കണം. കിയോസ്കിനു ചുറ്റും കാടുപിടിച്ചിരിക്കുന്നു. വെള്ളമെത്തിയിട്ട് എത്ര നാളായെന്ന് അന്വേഷിക്കാതെ മനസ്സിലാകും.

പദ്ധതി ‘സമഗ്രം’ പക്ഷേ, വെള്ളമില്ല

കുട്ടനാട് താലൂക്കിലെ 13 പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ 2002ൽ ഒരു പദ്ധതിയുണ്ടാക്കി. കുട്ടനാട് സമഗ്ര ജലവിതരണ പദ്ധതിയെന്നാണ് പേര്. പക്ഷേ, വിതരണമൊന്നും കാര്യമായി നടക്കുന്നില്ല. മിക്ക ബജറ്റിലും പദ്ധതിയെപ്പറ്റി എന്തെങ്കിലും പ്രഖ്യാപനമുണ്ടാകും. പ്രഖ്യാപനത്തിന്റെ 20 വർഷം കഴിഞ്ഞിട്ടും കുട്ടനാടിന് വെള്ളം കിട്ടുന്നില്ല.

 ∙ പദ്ധതിയുടെ പ്രയോജനം കിട്ടേണ്ട പഞ്ചായത്തുകൾ: തലവടി, എടത്വ, തകഴി, മുട്ടാർ, നെടുമുടി, രാമങ്കരി, ചമ്പക്കുളം, നീലംപേരൂർ,     കാവാലം, പുളിങ്കുന്ന്, കൈനകരി, വെളിയനാട്, വീയപുരം.
∙ നീരേറ്റുപുറത്ത് ശുദ്ധീകരണ പ്ലാന്റ്, വെളിയനാട്ടും കുന്നുമ്മയിലും സംഭരണികൾ എന്നിവ പദ്ധതിയിലുണ്ട്.

∙ നിർമാണങ്ങൾക്ക് 66.78 ആർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. പക്ഷേ, ഇതിനായി തണ്ണീർത്തടം പരിവർത്തനം ചെയ്യാൻ അനുമതിയായിട്ടില്ല.
∙ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ് 291 കോടി രൂപ. ഇതിൽ 289.54 കോടിക്ക് ഭരണാനുമതിയായിട്ടുണ്ട്.
∙ നേരത്തെയുള്ള വിതരണ ലൈനുകൾ ശക്തിപ്പെടുത്താൻ നേരത്തെ 70 കോടി രൂപ അനുവദിച്ചു. ഇതുപയോഗിച്ച് ട്രാൻസ്മിഷൻ, വിതരണ ലൈനുകളുടെ ഒരു ഭാഗം പൂർത്തിയാക്കി.
∙ 2017ലെ ബജറ്റിൽ പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തി.
∙ നീരേറ്റുപുറത്തെ ശുദ്ധീകരണ പ്ലാന്റിന് 30 എംഎൽഡി ശേഷിയാണ് കണക്കാക്കുന്നത്. 45.257 കിലോമീറ്റർ ട്രാൻസ്മിഷൻ ലൈനുകൾ വലിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com