ADVERTISEMENT

അമ്പലപ്പുഴ ∙ ‘വലിയ ശബ്ദം കേട്ടാണ് ഞങ്ങൾ ഓടിയെത്തിയത്. കണ്ടത് ലോറിക്കടിയിൽ പെട്ട് തകർന്നു കിടക്കുന്ന കാറിൽ നിന്ന് ചോരയൊഴുകുന്നതാണ്. വണ്ടിക്കുള്ളിൽ നിന്നു ശബ്ദമൊന്നും കേട്ടില്ല. എങ്കിലും എല്ലാവരും ജീവനോടെയുണ്ടെന്നാണു കരുതിയത്’ കാക്കാഴത്ത് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്തിനടുത്തു താമസിക്കുന്ന താഴ്ചയിൽ വീട്ടിൽ നസീറും അയൽവാസി സഫൈലും പറഞ്ഞു.

alp-accident01
അപകടം നടന്ന സ്ഥലത്തിനടുത്തു താമസിക്കുന്ന താഴ്ചയിൽ വീട്ടിൽ നസീറും അയൽവാസി സഫൈലും

ആർക്കും കുഴപ്പമുണ്ടാവില്ലെന്ന് ആശ്വസിച്ച് അവർ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ നോക്കിയപ്പോൾ കാർ യാത്രികർ ചലനമറ്റു കിടക്കുന്നതാണു കണ്ടത്. ‘പുറത്തെടുക്കാൻ ഒരു നിവൃത്തിയുമില്ല. അപ്പോഴേക്കും നാലഞ്ച് നാട്ടുകാരും മറ്റു വാഹന യാത്രക്കാരും ഓടിയെത്തി. കാറിന്റെ ഡോർ തുറക്കാൻ പറ്റുന്നില്ല. വണ്ടിയുടെ മുൻഭാഗവും മുൻവശത്തെ ഡോറുകളും തകർന്നു ഞെരുങ്ങിയതിനാൽ മുൻ സീറ്റിൽ ഇരുന്നവരെ അനക്കാൻ പോലും കഴിഞ്ഞില്ല. പിൻസീറ്റിലിരുന്ന മൂന്നുപേരെ പണിപ്പെട്ടു പുറത്തെടുത്തു. അവർക്ക് അനക്കം ഇല്ലായിരുന്നു.

അതുവഴി വന്ന ആംബുലൻസിൽ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തൊട്ടുപിന്നാലെ അമ്പലപ്പുഴ പൊലീസും തകഴിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും എത്തി. മുൻ സീറ്റിലെ ഒരാളെ പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും ഏറെ പണിപ്പെട്ടാണ് ഡ്രൈവർ സീറ്റിൽ ഇരുന്നയാളെ പുറത്തെടുത്തത്’– നസീറും സഫൈലും ഇപ്പോഴും ആ ദുരന്തനിമിഷങ്ങളുടെ നടുക്കത്തിലാണ്. അപകടം നടന്ന ഭാഗത്തു വഴിവിളക്കില്ലെന്ന് ഇവർ പറഞ്ഞു.

മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി

അമ്പലപ്പുഴ∙ കാക്കാഴം അപകടത്തിൽ മരിച്ചവരെ കാണാനും മൃതദേഹങ്ങൾ ഏറ്റുവാങ്ങാനും വിഎസ്എസ്‌സി കന്റീൻ മാനേജർ ഹെഡ് എം.ഹരികുമാർ, മാനേജർ എസ്.ശിവകുമാർ, വിഎസ്എസ്‌സി സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി.ആർ.പ്രമോദ്, സെക്രട്ടറി എം.വിപിൻ, ജോയിന്റ് സെക്രട്ടറി വി.ബിനു ഉൾപ്പെടെ ജീവനക്കാരും എത്തി. കന്റീൻ ജീവനക്കാരനായ സുമോദിന്റെ വീട് കോട്ടയം മൂഴൂർ അയതിനാൽ പോസ്മോറ്റ്മോർട്ടത്തിനു ശേഷം 12.45 ന് മൃതദേഹം അങ്ങോട്ടു കൊണ്ടുപോയി. മറ്റു നാലുപേരുടെയും മൃതദേഹങ്ങൾ 2.40ന് ഒന്നിച്ചാണ്കൊ ണ്ടുപോയത്.

യുവാക്കളെ തിരിച്ചറിയാൻ സഹായിച്ചത് അമലിന്റെ ഐഡന്റിറ്റി കാർഡ്

അമ്പലപ്പുഴ∙ കാക്കാഴം ദുരന്തത്തിൽ മരിച്ച അഞ്ചുപേരെ പെട്ടെന്നു തിരിച്ചറിയാൻ സഹായിച്ചത് കൊല്ലം മൺറോത്തുരുത്ത് സ്വദേശി അമലിന്റെ (28) ഐഡന്റിറ്റി കാർഡ്. തിരുവനന്തപുരം വിഎസ്എസ്‌സി കന്റീൻ ജോലിക്കാരനായ അമൽ തിരിച്ചറിയൽ കാർഡ് ധരിച്ചിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് അമലിന്റെ തിരിച്ചറിയൽ കാർഡിൽ ഉണ്ടായിരുന്ന ബന്ധുവിന്റെ നമ്പറിൽ വിളിച്ചപ്പോൾ മൺറോതുരുത്ത് പഞ്ചായത്തംഗം എസ്.അനിലിനെ കിട്ടി. തുടർന്നാണ് മറ്റുള്ളവരുടെ വിവരങ്ങളും ലഭിച്ചത്.

ലോറി കസ്റ്റഡിയിലെടുത്തു

accident-car-lorry
അപകടത്തിൽപെട്ട ലോറി, കാർ

അമ്പലപ്പുഴ∙ അപകടത്തിൽപെട്ട ലോറി പൊലീസ് പിടിച്ചെടുത്തു. എന്നാൽ, ലോറി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സയന്റിഫിക് ഓഫിസറുടെ പരിശോധന റിപ്പോർട്ടും ലഭിക്കുകയും ചെയ്ത ശേഷമേ കേസ് നടപടികളിലേക്ക് കടക്കൂ എന്ന് അമ്പലപ്പുഴ സിഐ എസ്.ദ്വിജേഷ് പറഞ്ഞു.

ചമ്മനാട്ട് അപകടം നടന്നിട്ട് 28 വർഷം; വെളിച്ചം കാണാതെ അന്വേഷണ റിപ്പോർട്ട് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇന്നും പ്രസക്തം

ആലപ്പുഴ∙ ദേശീയപാതയിൽ ചമ്മനാട്ട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 39 പേർ മരിച്ച ദുരന്തത്തിന് ഫെബ്രുവരി 5ലേക്ക് 28 വയസ്സു തികയുന്നു. എന്നാൽ, അപകടത്തെക്കുറിച്ച് അന്വേഷിച്ച അന്നത്തെ ആലപ്പുഴ ജില്ലാ ജഡ്ജി എൻ.ഹരിദാസ് അപകടങ്ങൾ കുറയ്ക്കാനുള്ള വിശദമായ മാർഗനിർദേശങ്ങൾ സഹിതം സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് ഇന്നും വെളിച്ചം കണ്ടിട്ടില്ല. 1996ൽ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലെ പല നിർദേശങ്ങളും ഇന്നും പ്രസക്തമാണ്. രാജ്യത്തെ പ്രമുഖ വാഹന, ഗതാഗത സാങ്കേതിക വിദഗ്ധരുമായി ചർച്ച ചെയ്തും പഠിച്ചും 2 വർഷം കൊണ്ടാണു റിപ്പോർട്ട് തയാറാക്കിയത്.

റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ

∙ സംസ്ഥാനത്തെ ദേശീയപാതകൾ പൂർണമായും മീഡിയനോടു കൂടി നാലുവരിയാക്കുക.

∙ വാഹനങ്ങളുടെ ഹെഡ്‍ലൈറ്റിന്റെ തീവ്രപ്രകാശം കുറയ്ക്കാൻ ഓട്ടമാറ്റിക് ഡിപ്പർ ഏർപ്പെടുത്തരുത്. ലൈറ്റ് എത്രത്തോളം ആവശ്യമുണ്ടെന്നു തീരുമാനിക്കേണ്ടത് ഡ്രൈവറാണ്. എന്നാൽ, എതിർദിശയിൽ വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്തില്ലെങ്കിൽ പരിശോധന നടത്തി നിയമലംഘകർക്കു ശിക്ഷ വാങ്ങിക്കൊടുക്കേണ്ടതു പൊലീസ് ആണ്.

∙ വാഹനങ്ങളിൽ നിലവാരമുള്ള ബൾബുകളും ലെൻസുകളും മാത്രം ഉപയോഗിക്കണം.

∙ ഡ്രൈവർമാർക്ക്, പ്രത്യേകിച്ച് 45 വയസ്സു കഴിഞ്ഞവർക്കു കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധന നിർബന്ധമാക്കണം.

∙ ദീർഘദൂര ഡ്രൈവർമാർക്കു കുറഞ്ഞ ചെലവിൽ വാഹനം പാർക്ക് ചെയ്ത്, ഭക്ഷണം കഴിച്ചു വിശ്രമിക്കാൻ

സർക്കാർ സൗകര്യമൊരുക്കണം.

∙ സ്ഫോടകശേഷിയുള്ള രാസവസ്തുക്കളുമായി സഞ്ചരിക്കുന്ന വാഹനങ്ങൾക്കു തിരക്കേറിയ സ്ഥലങ്ങളിൽ പ്രത്യേക അലാം നൽകണം.

∙ ഡ്രൈവർമാരുടെ ഡ്യൂട്ടി സമയം സ്റ്റിയറിങ് പിടിക്കുന്ന ആറര മണിക്കൂറും വിശ്രമത്തിനുള്ള ഒന്നര മണിക്കൂറും ഉൾപ്പെടെ 8 മണിക്കൂർ ആയി നിജപ്പെടുത്തണം. ( ചമ്മനാട് അപകടമുണ്ടായപ്പോൾ ഡ്രൈവർ 24 മണിക്കൂർ ഡ്യൂട്ടിയിലായിരുന്നു.)

∙ ബസുകളിലും ദീർഘദൂര വാഹനങ്ങളിലും ഡ്രൈവറുടെ ഓരോ നീക്കവും സ്വയമേവ രേഖപ്പെടുത്താനുള്ള ഉപകരണം സ്ഥാപിക്കണം. ബസുകളിലെ മ്യൂസിക് സിസ്റ്റവും വിഡിയോ പ്രദർശനവും നിരോധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com