ADVERTISEMENT

ആലപ്പുഴ ∙ ചെക്ക് കേസ് നടത്താൻ ചുമതലപ്പെടുത്തിയ അഭിഭാഷകൻ കബളിപ്പിച്ചെന്ന കേസിൽ, പരാതിക്കാരന് അഭിഭാഷകൻ 48.36 ലക്ഷം രൂപയും പലിശയും നൽകണമെന്ന് സബ് കോടതി. സിപിഎം മാവേലിക്കര ടൗൺ ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ മുൻ കൗൺസിലറുമായ കൊറ്റാർകാവ് കാമ്പിശേരിൽ അഡ്വ. എൻ.റൂബിരാജിനെതിരെ വള്ളികുന്നം കടുവിനാൽ കണ്ണാംകോമത്ത് പ്രസന്നൻ നൽകിയ കേസിലാണ് വിധി. 48.36 ലക്ഷം രൂപയും 9% പലിശയും കോടതിച്ചെലവും നൽകാൻ സബ് ജഡ്ജ് പി.എം.സുരേഷ് ഉത്തരവിട്ടു.

കൊല്ലം കുണ്ടറ സ്വദേശി അലക്സാണ്ടർ ജോർജ്, ഭാര്യ ബിൻസി, ബന്ധു തോമസ്കുട്ടി എന്നിവർ 12 ലക്ഷം രൂപ വീതം പ്രസന്നനിൽ നിന്നു കടം വാങ്ങിയിരുന്നു. ചെക്കും വാഗ്ദാനപത്രവും (പ്രോമിസറി നോട്ട്) നൽകിയാണു പണം കൈപ്പറ്റിയത്. പണം തിരിച്ചുകിട്ടാതായപ്പോൾ നിയമനടപടിക്ക് പ്രസന്നൻ അഡ്വ.റൂബിരാജിനെ ചുമതലപ്പെടുത്തി. അലക്സാണ്ടർ ജോർജിനെതിരെ സിവിൽ കേസ് കൊടുക്കാൻ കോർട്ട് ഫീസായി 1.14 ലക്ഷവും ഡോക്യുമെന്റേഷൻ ചാർജായി 3000 രൂപയും 2012 ജനുവരി 18ന് അഭിഭാഷകനു കൈമാറി. ബിൻസിക്കെതിരെ കേസ് കൊടുക്കാൻ 1.4 ലക്ഷം രൂപയും നൽകി.

വിദേശത്തായിരുന്ന പ്രസന്നൻ അന്വേഷിക്കുമ്പോൾ കേസ് നടക്കുന്നുണ്ടെന്നാണ് റൂബിരാജ് പറഞ്ഞത്. 2014ൽ, ചെക്ക് കേസ് തള്ളിയതായും മറ്റു കേസുകൾ നടത്താൻ സാധിക്കില്ലെന്നും റൂബിരാജ് അറിയിച്ചു. പ്രസന്നൻ നടത്തിയ അന്വേഷണത്തിൽ കോർട്ട് ഫീസ് അടയ്ക്കാത്തതിനാൽ കേസുകൾ തള്ളിപ്പോയതായും വീണ്ടും പരിഗണിക്കാൻ ഹർജി നൽകിയിട്ടുണ്ടെന്നും മനസ്സിലാക്കി.

പുനഃപരിശോധനാ ഹർജിയിൽ ഉപയോഗിച്ചിരിക്കുന്നത് തന്റെ ഒപ്പ് അല്ലെന്നുകൂടി തിരിച്ചറിഞ്ഞതോടെ പ്രസന്നൻ പൊലീസിൽ പരാതി നൽകി. പ്രസന്നനു വേണ്ടി അഭിഭാഷകരായ ശൂരനാട് പി.ആർ.രവീന്ദ്രൻ പിള്ള, ആർ.മനോജ് എന്നിവർ ഹാജരായി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com