ADVERTISEMENT

ഹരിപ്പാട്∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാഡ് നിർമാണം ആരംഭിച്ചു. യാഡ് ലവൽ ചെയ്യുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ടൈലുകൾ പാകുന്ന ജോലികൾ ആരംഭിക്കുമെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു. രമേശ് ചെന്നിത്തല എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നു യാഡ് നിർമാണത്തിനും ദേശീയപാതയിലേക്കുള്ള റോഡിനുമായി ഒരു കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ബസ് സ്റ്റേഷനുള്ളിൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റിയുടെ കുഴൽക്കിണർ നിർമാണം നീണ്ടു പോയതിനാൽ പണി തുടങ്ങാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം കുഴൽക്കിണർ നിർമാണം പൂർത്തീകരിച്ചു. തുടർന്നാണ് യാഡ് നിർമാണം ആരംഭിച്ചത്. പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് പ്രവൃത്തികൾ നടത്തുന്നത്. ഒരു മാസത്തിനുള്ളിൽ യാഡ് നിർമാണം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.

റോഡ് ഉടൻ

ദേശീയപാതയിൽ നിന്നു കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് കടന്നു വരുന്നതിനുള്ള റോഡിന്റെ നിർമാണവും യാഡ് നിർമാണത്തോടൊപ്പം പൂർത്തീകരിക്കും. തെക്കു ഭാഗത്തുകൂടിയാണ് ബസുകൾ ബസ് സ്റ്റാൻഡിന് ഉള്ളിലേക്ക് പ്രവേശിക്കുക. ഇൗ റോഡിനു വീതി കുറവായിരുന്നു. രമേശ് ചെന്നിത്തല എംഎൽഎ ഇടപെട്ട് സമീപമുള്ള വസ്തുവിന്റെ ഉടമസ്ഥരുമായി ചർച്ച നടത്തിയാണ് റോഡിനു സ്ഥലം ലഭ്യമാക്കിയത്. ചിലർ സൗജന്യമായും ചിലർ വിലയ്ക്കും വസ്തു കൊടുത്തു.

രണ്ടു മാസം മുൻപ് കെഎസ്ആർടിസി ബസുകൾ ഇൗ റോഡിലൂടെ ഓടിച്ച് ട്രയൽ റൺ നടത്തിയിരുന്നു. ബസുകൾ കടന്നു വരുന്നതിന് ആവശ്യമുള്ള വീതി റോഡിനുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇപ്പോൾ ബസുകൾ ഡീസൽ അടിക്കാനും അറ്റകുറ്റപ്പണികൾക്കുമായി യാഡിനുള്ളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്ന വഴിയിലൂടെയാണ് ബസുകൾ സ്റ്റാൻഡിൽ നിന്നു പുറത്തേക്ക് പോകുക.  യാഡിന്റെയും റോഡിന്റെയും പണി പൂർത്തീകരിച്ചാൽ മാത്രമേ ബസുകൾ സ്റ്റേഷനുള്ളിലേക്ക് കയറ്റി നിർത്താൻ കഴിയുകയുള്ളൂ.

സ്റ്റാൻഡിലേക്ക് ബസുകൾ കയറാത്തതു മൂലം ദേശീയപാതയിൽ നിർത്തിയാണ് ബസുകളിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിന്റെ മുൻ ഭാഗത്ത് ദേശീയപാതയിലാണ് നിർത്തുന്നത്. കായംകുളം ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകൾ നിർത്തിയിടുന്നത് ബസ് സ്റ്റേഷനു കിഴക്കു ഭാഗത്തുള്ള ദേശീയപാതയിലാണ്. ഇവിടെ ബസുകൾ യാത്രക്കാരെ കാത്ത് കിടക്കേണ്ടി വരും.

ഇതിനിടയിൽ ഫാസ്റ്റും സൂപ്പർ ഫാസ്റ്റും ഉൾപ്പെടെയുള്ള ബസുകളും എത്തും. ഒരേ സമയം ഒട്ടേറെ ബസുകൾ ദേശീയപാതയിൽ നിർത്തിയിടുന്നതു ഗതാഗതക്കുരുക്കിനു കാരണമാകാറുണ്ട്. ദേശീയപാത മുറിച്ചു കടക്കുന്ന യാത്രക്കാർക്കും ഇത് ഭീഷണിയായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com