കായംകുളം∙ പൊലീസ് സ്റ്റേഷന് സമീപമുള്ള സബ് റജിസ്ട്രാർ ഓഫിസിന്റെ വാതിലിന്റെ പൂട്ട് തകർത്ത് ഓഫിസിൽ സൂക്ഷിച്ചിരുന്ന 2289 രൂപ മോഷ്ടിച്ചു. ജിഎസ്ടി ഇനത്തിലും പെർമനന്റ് അക്കൗണ്ട് ഇനത്തിലുംപെട്ട തുകയാണ് അപഹരിച്ചത്. മുൻവശത്തെ വാതിലിന്റെ പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. കഴിഞ്ഞ ദിവസം അവധിയായതിനാൽ ഓഫിസ് തുറന്നിരുന്നില്ല.ആധാരങ്ങളും മറ്റും മുറിയിൽ വലിച്ച് വാരിയിട്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9.30ന് ജീവനക്കാർ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
ഫയലുകൾ എല്ലാം അലങ്കോലപ്പെട്ട നിലയിലായിരുന്നു. വിലപ്പെട്ട രേഖകൾ ഏതെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. എസ്ഐ വി.ഉദയകുമാറിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.