മുതുകുളം ∙ കനകക്കുന്ന് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയുടെ വീടിനോടു ചേർന്ന ഷെഡിൽ ഇന്നലെ പുലർച്ചെയോടെ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ കിഴക്കേകര വടക്ക് ആറ്റുവാത്തലയിൽ (സൂര്യഭവനം) സഞ്ജീവന്റെ മകൻ സൂരജാണ് (23) മരിച്ചത്. എസ്ഐ: ജെ.സുരേഷ് കുമാറിന്റെ ചേപ്പാട് കന്നിമേൽ സാരംഗിയിൽ വീടിനു പുറത്തായാണു മൃതദേഹം കണ്ടത്.
മൂന്നാറിൽ തന്റെ ബാച്ചിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സംഗമത്തിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു സുരേഷ് കുമാർ. ഭാര്യയും മകളുമാണു വീട്ടിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച രാത്രി സൂരജ് ബൈക്കിൽ ഇവിടെയെത്തി വഴക്കുണ്ടാക്കിയെന്നും അടുത്തു താമസിക്കുന്ന സുരേഷിന്റെ ബന്ധുക്കൾ അനുനയിപ്പിച്ചു പറഞ്ഞു വിട്ടെന്നും അയൽക്കാർ പറഞ്ഞു.
ഹരിപ്പാട്ടെ സ്വകാര്യ സ്ഥാപനത്തിൽ സുരേഷിന്റെ മകളും സൂരജും മുൻപ് ഒരുമിച്ചു പഠിച്ചിട്ടുണ്ട്. ആ പരിചയത്തിലാകാം ഇവിടെ എത്തിയതെന്നാണു പൊലീസിന്റെ നിഗമനം. വീടിന് 150 മീറ്റർ അകലെ സൂരജിന്റെ ബൈക്ക് പിന്നീടു കണ്ടെത്തി. രാത്രി ഈ പരിസരത്തുണ്ടായിരുന്ന സൂരജ് വീട്ടുകാർ ഉറങ്ങിയ ശേഷം വീണ്ടും എത്തിയതാകാമെന്നു കരുതുന്നു.
സൂരജിന്റെ മരണത്തിൽ സംശയമുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം പിന്നീട്. മാതാവ്: സഫിയ. സൂര്യ സഹോദരിയാണ്.കനകക്കുന്ന് പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥ ഐ.ജിഞ്ചു, വിരലടയാള വിദഗ്ധൻ ഇ.എച്ച്.അപ്പുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തു നിന്ന് വിവരങ്ങൾ ശേഖരിച്ചു.
ബൈക്കിന്റെ താക്കോൽ, മൊബൈൽ ഫോണിന്റെ പൊട്ടിയ കഷണങ്ങൾ എന്നിവ വീടിനു പിന്നിൽ നിന്ന് കണ്ടെടുത്തു. ഇവിടെ നിന്ന് മണം പിടിച്ച് പൊലീസ് നായ സൂരജിന്റെ ബൈക്ക് വച്ചിരുന്ന സ്ഥലം വരെ ഓടിയെത്തി.