ആലപ്പുഴ∙ കായംകുളം പൊഴി ഒരുക്കുന്ന അനന്തമായ സാധ്യതകളാണ് വലിയഴീക്കൽ ബീച്ചിന്റെ പ്രത്യേകത. കായലും കടലും ചേരുന്നിടത്ത് മനോഹരമായ ബോ സ്ട്രിങ് പാലവും ലൈറ്റ്ഹൗസും കൂടി വന്നതോടെ ഭംഗി ഇരട്ടിയായി. എന്നാൽ അവയുണ്ടാക്കിയ ഓളം കുറഞ്ഞു വരികയാണിപ്പോൾ. വലിയഴീക്കൽ പാലത്തിന്റെ ഒരു വശം ആലപ്പുഴ ജില്ലയും ഒരു വശം കൊല്ലം ജില്ലയുമാണ്. ബോ സ്ട്രിങ് പാലത്തിന്റെ പുതുമ കാഴ്ചക്കാരിലില്ല.

ലൈറ്റ് ഹൗസിൽ നിന്നുള്ള കാഴ്ചയാണ് പ്രധാന ആകർഷണം. എന്നാൽ മനുഷ്യനിർമിത കാഴ്ചകൾക്കപ്പുറത്ത് ബീച്ചിന്റെ സ്വാഭാവിക ഭംഗിയോ സാധ്യതകളോ ഉപയോഗപ്പെടുത്തുന്നില്ല. ബീച്ച് സംരക്ഷണത്തിനായി നിരത്തിയ പുലിമുട്ടുകൾക്കിടയിൽ നിന്നുള്ള സൂര്യാസ്തമയ കാഴ്ചയും മനോഹരമാണ്. വലിയഴീക്കൽ, ആറാട്ടുപുഴ മേഖലയിൽ ഇടയ്ക്കിടെ കടലാക്രമണം ഉണ്ടാകുന്നതും തീരദേശ പാതയിലേക്ക് മണൽ അടിച്ചു കയറുന്നതും ഗതാഗതത്തെ ബാധിക്കുന്നുണ്ട്. തീരദേശപാതയിൽ മണ്ണ് അടിഞ്ഞാൽ ആറാട്ടുപുഴയിൽ നിന്ന് തകർന്നു കിടക്കുന്ന ചെറുറോഡുകളിലൂടെയാണ് വലിയഴീക്കലിലേക്ക് പോകേണ്ടത്. അല്ലെങ്കിൽ കൊല്ലം ജില്ലയിൽക്കൂടി എത്തണം.
ബീച്ചിലെത്താം
ദേശീയപാതയിൽ കായംകുളം എംഎസ്എം ജംക്‌ഷനിൽ നിന്ന് പടിഞ്ഞാട്ട് തിരിഞ്ഞ് പുല്ലുകുളങ്ങര–കൊച്ചിയുടെ ജെട്ടി പാലം കയറിയിറങ്ങി ആറാട്ടുപുഴ–വലിയഴീക്കൽ റോഡിൽ പെരുമ്പള്ളിയിൽ നിന്ന് തെക്കോട്ട് വലിയഴീക്കലിലെത്താം.
ഭാവി
വലിയഴീക്കൽ വിനോദ സഞ്ചാര കേന്ദ്രം പദ്ധതിയുടെ ഡിപിആർ തയാറാകുന്നു. പാലവും ലൈറ്റ് ഹൗസും ബീച്ചും പുലിമുട്ടുകളിൽ നിന്നുള്ള സൂര്യാസ്തമയ കാഴ്ചയും സമന്വയിപ്പിച്ചാകും ടൂറിസം സാധ്യത വികസിപ്പിക്കുന്നത്.
വേണം, സൗജന്യ പാർക്കിങ്
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സൗജന്യ പാർക്കിങ് ഉറപ്പാക്കണമെന്നാണ് കൂടുതൽ സഞ്ചാരികളും ആവശ്യപ്പെട്ടത്. ആലപ്പുഴ ബീച്ച് ഉൾപ്പെടെ പലയിടത്തും പാർക്കിങ് ഉണ്ടെങ്കിലും പാർക്കിങ് ചാർജ് ഈടാക്കുന്നത് ബുദ്ധിമുട്ടാകുന്നു. ചാർജ് നൽകാതെ ആളുകൾ വാഹനം റോഡിലേക്ക് കയറ്റി നിർത്തിയിടുന്നത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ടെന്നാണ് പരാതി.
നല്ല നടപ്പാത
ബീച്ചുകളിൽ കടൽത്തീരത്തിന് സമാന്തരമായി നടക്കാനോ സൈക്കിൾയാത്രയ്ക്കോ കഴിയുന്ന വിധത്തിൽ ഇന്റർലോക്ക് പാകിയ ട്രാക്ക് തയാറാക്കണം. നല്ല ഇരിപ്പിടങ്ങളും ഏകീകൃത സ്വഭാവമുള്ള കടകളും നിരയായി ക്രമീകരിച്ചാൽ ബീച്ചിന്റെ ഭംഗി കൂടും.
വെളിച്ചം, എല്ലാ ദിവസവും പരിപാടി
ബീച്ചുകളിൽ ഏതുസമയത്തും വെളിച്ച സംവിധാനം വേണം. ബീച്ച് ഫെസ്റ്റിവൽ വലിയ തരംഗമായിരുന്നു. അതേ മാതൃകയിൽ ബീച്ചുകളിൽ കലാകാരന്മാരുമായി ചേർന്ന് എല്ലാ ദിവസവും എന്തെങ്കിലും പരിപാടികൾ അരങ്ങേറിയാൽ കുടുംബങ്ങൾ കൂടുതലായി ബീച്ചുകളിലേക്കെത്തും.