ആലപ്പുഴ∙ ശുദ്ധജലവിതരണ പൈപ്പ് പൊട്ടി റോഡ് ഗർത്തമായതിനു പിന്നാലെ തത്തംപള്ളിയിലെ ഉപഭോക്താക്കൾക്കു ലഭിക്കുന്നത് ചെളിയും മാലിന്യവും കലർന്ന വെള്ളം. ജലജന്യ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ സ്ഥിതി. തത്തംപള്ളി വാർഡ് മഠം റോഡ് സൗത്ത് എൻഡ് ജംക്‌ഷനിൽ കിടങ്ങാംപറമ്പ് - കോർത്തശേരി റോഡിലാണ് ശുദ്ധജല പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ടത്.
തുടർന്ന് റോഡരികിൽ കിടന്നിരുന്ന കല്ലും കട്ടയും മാലിന്യവും ഉപയോഗിച്ചാണ് അശാസ്ത്രീയമായി കുഴി മൂടിയത്. ഇതുവഴിയാണ് പൈപ്പിലേക്ക് മലിന ജലം പ്രവഹിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. അധികം പേരും പൈപ്പിലൂടെ വരുന്ന വെള്ളം ടാങ്കിലേക്കു സംഭരിക്കുന്നതിനാൽ ചെളി അടിയുന്നത് ശ്രദ്ധിയിൽപെടുന്നില്ലന്നും നാട്ടുകാർ പറയുന്നു.