ADVERTISEMENT

പൂച്ചാക്കൽ ∙ കാലിത്തീറ്റയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയെത്തുടർന്ന്, പള്ളിപ്പുറം പഞ്ചായത്ത് 12–ാം വാർഡ് ലീല പവിത്രന്റെ 5 വയസ്സുള്ള കറവപ്പശു ചത്തു. 17 പശുക്കൾക്കും രണ്ടു കിടാക്കൾക്കും രോഗബാധയുണ്ട്. ഇതിലൊരു പശു തീർത്തും അവശനിലയിലാണ്. ചൊവ്വാഴ്ച രാത്രിയാണു കറവപ്പശു ചത്തത്. ഇന്നലെ പോസ്റ്റ്മോർട്ടം നടത്തി ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.

ചത്ത പശുവിന്റെ പ്രസവം കഴിഞ്ഞ 6ന് ആയിരുന്നു. 70,000 രൂപയ്ക്ക് ജനുവരി ഒന്നിനു വാങ്ങിയതാണ്. 4 ദിവസം മുൻപു കാലിത്തീറ്റ കഴിച്ച ശേഷം പശു അവശനിലയിലായിരുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതർ സ്ഥലത്തെത്തി രോഗബാധയുള്ള പശുക്കളെ പരിശോധിച്ചു. തിരുനല്ലൂർ ഭാഗത്തെ ഒരു ഫാമിലും പശുക്കൾക്കു ഭക്ഷ്യവിഷബാധ ലക്ഷണങ്ങളുണ്ട്.

ഒരു ബാച്ച് കാലിത്തീറ്റ തിരിച്ചെടുത്തു; നഷ്ടപരിഹാരം നൽകും: കെഎസ്ഇ

കോട്ടയത്തെ വേദഗിരി പ്ലാന്റിൽ ഉൽപാദിപ്പിച്ചു വിതരണം ചെയ്ത ഒരു ബാച്ച് കാലിത്തീറ്റയാണു കാലികൾക്ക് ശാരീരിക പ്രശ്നമുണ്ടാക്കിയതായി പരാതി ഉയർന്നതെന്നു കെഎസ്ഇ ലിമിറ്റഡ് എംഡി എം.പി. ജാക്സൺ. പ്രശ്നം സംശയിക്കുന്ന ബാച്ച് കാലിത്തീറ്റ കമ്പനി തിരിച്ചെടുത്തു. സാംപിളുകൾ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. മൃഗസംരക്ഷണ–ക്ഷീര വകുപ്പുകളും സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. 

ബാധിക്കപ്പെട്ട എല്ലാ ക്ഷീര കർഷകർക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. കാലികൾ ശാരീരിക അസ്വസ്ഥതകൾ കാണിച്ചതായിട്ടാണു പരാതി. ജീവൻ നഷ്ടപ്പെട്ടവയുണ്ടെങ്കിൽ സാമ്പത്തിക സഹായം നൽകും. ബാധിക്കപ്പെട്ട കർഷകരെ നേരിട്ടുകണ്ടു സാമ്പത്തിക -ചികിത്സാ സഹായങ്ങൾ നൽകുന്നതിന് കമ്പനിയുടെ ഡോക്ടർമാർ അടക്കമുള്ളവർ അതതു സ്ഥലങ്ങളിൽ 3 ദിവസമായി ക്യാംപ് ചെയ്യുന്നുണ്ടെന്നും ജാക്സൺ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com