ADVERTISEMENT

ആരും ശ്രദ്ധിക്കാത്തൊരു പഴുത്... തുടക്കത്തിൽ അവഗണിക്കപ്പെട്ടൊരു തെളിവ്...അതിലൂടെ പൊലീസ് നടത്തിയ അന്വേഷണയാത്രയുടെ കാണാപ്പുറങ്ങളുമായി ‘ക്രൈം സ്റ്റോറി’ 

കുറ്റാന്വേഷണത്തിൽ ആദ്യം ശ്രദ്ധിക്കാതെ പോകാവുന്ന ചെറിയ കാര്യങ്ങൾ പിന്നീട് ചിലപ്പോൾ നിർണായക തെളിവാകും. ഏതാനും വർഷം മുൻപ് നൂറനാട് പൊലീസ് തെളിയിച്ച ഒരു കേസിന്റെ കഥയിതാ.... യുവതിയുടെ മൃതദേഹം കിടത്തിയ ആശുപത്രിപരിസരത്ത് ശീതളപാനീയം കുടിച്ചു നിൽക്കുന്ന ഭർത്താവ്, ‘തൂങ്ങിമരിച്ച’ യുവതി കഴുത്തിലിട്ടത് അസാധാരണ കുടുക്ക് – ഇതു രണ്ടും തെളിവു നൽകിയ കേസാണ് ഏതാനും വർഷം മുൻപ് നൂറനാട് മറ്റപ്പള്ളിയിൽ നടന്നത്. അന്നത്തെ നൂറനാട് എസ്ഐ വി.ബിജു (ഇപ്പോൾ കരുനാഗപ്പള്ളി സിഐ) അന്വേഷണാനുഭവം പറയുന്നു. 36 വയസ്സുള്ള യുവതി വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചെന്നും അയൽക്കാർ ആശുപത്രിയിൽ എത്തിച്ചെന്നും അറിഞ്ഞാണ് പൊലീസ് എത്തിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും യുവതി മരിച്ചിരുന്നു. മുഖത്ത് അടിയുടെ പാടുണ്ട്.

യുവതിയുടെ ഭർത്താവ് തടിവെട്ടാനും മറ്റും പോകുന്നയാളാണ്. ആശുപത്രിപരിസരത്ത് ശീതളപാനീയം കുടിച്ചു നിൽപുണ്ട് ആൾ. സ്റ്റേഷനിലേക്കു കൊണ്ടുപോയി ചോദ്യം ചെയ്തപ്പോൾ അയാൾ ചില കാര്യങ്ങൾ പറഞ്ഞു. രണ്ടു മക്കളും വീട്ടിൽ ഇല്ലാത്തപ്പോഴാണ് സംഭവം. വഴക്കുണ്ടായെന്നും താൻ ഭാര്യയെ അടിച്ചെന്നും അയാൾ പറഞ്ഞു. പിന്നീട് അടുത്തുള്ള കടയിൽ പോയി. തിരിച്ചെത്തിയപ്പോൾ ഭാര്യ വീടിനുള്ളിലെ ഗോവണിയുടെ കൈവരിയിൽ തൂങ്ങി നിൽക്കുന്നതാണു കണ്ടത്. അയൽക്കാരെ വിളിച്ചുകൂട്ടി ആശുപത്രിയിലെത്തിച്ചു.

പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ സംശയം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, കൊലപാതകമാണെന്നു തീർത്തു പറഞ്ഞില്ല. ഭർത്താവിനെ വിശദമായി ചോദ്യം ചെയ്തപ്പോൾ സത്യം ചുരുളഴിഞ്ഞു. അയാൾക്ക് ഒരു അവിഹിത ബന്ധമുണ്ടായിരുന്നു. അതെച്ചൊല്ലി വീട്ടിൽ അന്നും വഴക്കുണ്ടായി. പ്രതി ഭാര്യയെ അടിച്ചു. ബോധം പോയി. ഭാര്യയെ എടുത്തു തോളിലിട്ട് ഗോവണിയുടെ ലാൻഡിങ് വരെ കയറി.

കയർകൊണ്ട് കഴുത്തിൽ കുടുക്കിട്ട് താഴേക്കു തള്ളി. പിടഞ്ഞു മരിക്കുന്നതു കാണാൻ കഴിയാത്തതിനാൽ പ്രതി അടുത്തുള്ള കടയിലേക്കു പോയി. തിരിച്ചെത്തിയ ശേഷം, ഭാര്യ തൂങ്ങി നിൽക്കുന്നതായി അയൽക്കാരെ അറിയിച്ചു. പ്രതിക്കു കുരുക്കായത് ആ കയർക്കുരുക്കു തന്നെയാണ്. തടികൾ ലോറിയിൽ കയറ്റി അടുക്കിക്കെട്ടാനും മറ്റും ഇടാറുള്ള പ്രത്യേക കെട്ടായിരുന്നു യുവതിയുടെ കഴുത്തിൽ. കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല. പ്രേരണക്കുറ്റത്തിന് പ്രതിയുടെ കാമുകിയെയും അറസ്റ്റ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com