കലവൂർ ∙ ജോലിയിൽ നിന്നു യുവതിയെ പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ കടയുടമയെ ഗുണ്ടാസംഘം കടയിൽ കയറി വെട്ടിപ്പരുക്കേൽപിച്ചു.മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കസ്തൂർബ ജംക്‌ഷന് സമീപം വെളിയിൽ വീട്ടിൽ മാർട്ടിൻ വി.സർജോനാണ് (57) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ 3 പേരെ പ്രതികളാക്കി വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് മണ്ണഞ്ചേരി പൊലീസ് കേസെടുത്തു. പൊള്ളേത്തൈ ജനതാ മാർക്കറ്റ് സ്വദേശി ശ്രീകുമാർ, രാജേഷ് എന്നിവരെയും കണ്ടാലറിയാവുന്ന മറ്റൊരാളെയുമാണു പ്രതി ചേർത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
മാർട്ടിന്റെ വീടിനോട് ചേർന്നുള്ള പലചരക്ക്, പെയിന്റ് കടയിൽ ജോലിക്ക് നിന്നിരുന്ന യുവതിയെ ഏതാനും ദിവസം മുൻപ് പിരിച്ചുവിട്ടിരുന്നു. പലവ്യഞ്ജനങ്ങളും പണവും ഇവർ പതിവായി മോഷ്ടിക്കുന്നതായാണ് ഉടമയുടെ പരാതി. ഇതിന്റെ പേരിലാണ് പിരിച്ചുവിട്ടത്. എന്നാൽ നഷ്ടപരിഹാരമായി 50,000 രൂപ ആവശ്യപ്പെടുകയും ഇതു നൽകാത്തതിലുള്ള വൈരാഗ്യത്തിൽ യുവതിയുടെ ഭർത്താവ് ഗുണ്ടകളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തലയ്ക്ക് ഇരുമ്പുവടിക്ക് അടിയേൽക്കുകയും ശരീരത്തിൽ വെട്ടേൽക്കുകയും ചെയ്ത മാർട്ടിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കടയിലെ സിസിടിവിയിൽ നിന്ന് അക്രമികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്ന് എസ്ഐ കെ.ആർ.ബിജു പറഞ്ഞു.