കായംകുളം∙ ദേവികുളങ്ങര, ചേപ്പാട് പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് രണ്ട് ജലസംഭരണി സ്ഥാപിക്കാൻ 10 കോടി രൂപ അനുവദിച്ചു.പള്ളിപ്പാട് ശുദ്ധജലപദ്ധതിയുമായി യോജിപ്പിച്ചാണ് ഈ പഞ്ചായത്തുകളിൽ ശുദ്ധജലം വിതരണം ചെയ്യുന്നത്. ദേവികുളങ്ങരയിൽ കൂട്ടുംവാതുക്കൽകടവ് പാലത്തിന്റെ പടിഞ്ഞാറെ കരയിൽ പഞ്ചായത്ത് വിട്ടുനൽകിയ 12 സെന്റ് സ്ഥലത്താണ് ജലസംഭരണി നിർമിക്കുന്നത്. 4.6 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. മാർച്ചിൽ രണ്ട് ജലസംഭരണികളുടെയും നിർമാണം തുടങ്ങുമെന്ന് ജൽജീവൻമിഷൻ അധികൃതർ പറഞ്ഞു.ദേവികുളങ്ങരയിലെ ജലസംഭരണിക്ക് 6 ലക്ഷം ലീറ്റർ ശേഷിയുണ്ടാകും.പഞ്ചായത്തിൽ മുഴുവൻ മുടക്കമില്ലാതെ വെള്ളം പമ്പ് ചെയ്യുന്നതിന് ഈ സംഭരണി പൂർത്തിയാകുന്നതോടെ സാധിക്കും.
ചേപ്പാട്ട് കൊച്ചുവീട്ടിൽ ജംക്‌ഷനിൽ നിലവിലുള്ള പമ്പ്ഹൗസിനോട് ചേർന്നാണ് സംഭരണി നിർമിക്കുന്നത്.5.83 കോടി രൂപയാണ് ഈ ടാങ്ക് നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്. 10 ലക്ഷം ലീറ്റർ ശേഷിയാണ് ഈ സംഭരണിക്കുണ്ടാവുക.നിലവിൽ മൂന്ന് കുഴൽക്കിണറുകൾ വഴിയാണ് ചേപ്പാട്ട് ജലവിതരണം നടക്കുന്നത്. ഇതിന് പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ കഴിയാത്തതിനാലാണ് പുതിയ സംഭരണി നിർമിക്കുന്നത്. പള്ളിപ്പാട് ശുദ്ധജല പദ്ധതിയിൽ പുതിയതായി ചേപ്പാട്, കണ്ടല്ലൂർ, ചേപ്പാട് പഞ്ചായത്തുകളെ ഉൾപ്പെടുത്തിയതിനാലാണ് പുതിയ സംഭരണി നിർമിക്കുന്നതിന് അനുമതി ലഭിച്ചത്. കണ്ടല്ലൂരിലെ സംഭരണിക്ക് ഇതുവരെ അനുമതിയായിട്ടില്ല. പമ്പയാറ്റിൽ നിന്ന് ശേഖരിച്ച് ശുദ്ധീകരിച്ചാണ് പള്ളിപ്പാട് പദ്ധതി വഴിയുള്ള ശുദ്ധജലം ലഭിക്കുന്നത്.