ADVERTISEMENT

എടത്വ∙ പുഞ്ചക്കൊയ്ത്ത് ഈ മാസം 20ന് ആരംഭിക്കാനും കൊയ്ത്തു കൂലി മണിക്കൂറിന് റോഡ് മാർഗം 2000 രൂപയും ജലമാർഗം 2100 രൂപയാക്കാനും കലക്ടറേറ്റിൽ നടന്ന യോഗത്തിൽ തീരുമാനമായി.മന്ത്രി പി.പ്രസാദ് ഓൺലൈനായി ചർച്ചയിൽ പങ്കെടുത്തു. ഡപ്യൂട്ടി കലക്ടർ ആശാ സി.ഏബ്രഹാം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫിസർ സിബി സി.നീണ്ടിശേരിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.ഇക്കുറി പുഞ്ചക്കൃഷി വിളവെടുപ്പ് (സപ്ലൈകോ കണക്കിൽ രണ്ടാംവിള) നടത്തുന്നത് 10 ഘട്ടങ്ങളായിട്ടാണ്. 

ഒന്നാം ഘട്ടം 20 ന് ആരംഭിച്ച് 28 നകം 902 ഹെക്ടർ, മാർ‍ച്ച് ആദ്യവാരം 2300 ഹെക്ടർ, രണ്ടാംവാരം     5400 ഹെക്ടർ, മൂന്നാംവാരം   5270 ഹെക്ടർ, നാലാം വാരം 5000 ഹെക്ടർ, ഏപ്രിൽ      ഒന്നാം വാരം 1500 ഹെക്ടർ, രണ്ടാംവാരം 1700 ഹെക്ടർ, മൂന്നാം വാരം 1660 ഹെക്ടർ, നാലാം വാരം 1900 ഹെക്ടർ മേയ് ആദ്യം 1200 ഹെക്ടർ,    ബാക്കി അതിനു ശേഷവും എന്നിങ്ങനെയാണ്.ഇക്കുറി ജില്ലയിൽ ആകെ കൃഷി ചെയ്തിരിക്കുന്നത് 29530 ഹെക്ടറിലാണ്. 

കൊയ്ത്തു നടത്തുന്നതിനനുസരിച്ച് സംഭരിക്കാൻ നടപടി സ്വീകരിക്കും. നെല്ലു സംഭരണം സംബന്ധിച്ച് തീരുമാനം എടുക്കാൻ അടുത്ത ആഴ്ച മന്ത്രിയുടെ സാന്നിധ്യത്തിൽ സപ്ലൈകോ അധികൃതർ, ഉദ്യോഗസ്ഥർ, മില്ലുടമകൾ എന്നിവരുടെ സംയുക്ത യോഗം നടത്താനും തീരുമാനിച്ചു.കൊയ്ത്തിന്റെ സുഗമമായ നടത്തിപ്പിനായി 600 കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കുമെന്ന് യന്ത്ര ഇടനിലക്കാർ യോഗത്തിൽ അറിയിച്ചു. 

കഴിഞ്ഞ സീസണിൽ മണിക്കൂറിന് നിശ്ചിത കൂലി തീരുമാനിച്ചിരുന്നെങ്കിലും കൊയ്ത്ത് കൂടുതൽ പാടശേഖരങ്ങളിലേക്ക് വ്യാപിച്ചതോടെ കൊയ്ത്ത് യന്ത്ര ക്ഷാമം വരുത്തി കൂടുതൽ കൂലി വാങ്ങിയാണ് കൊയ്ത്ത് നടത്തിയത്. ഇക്കുറി കൂലി വർധിപ്പിക്കാതിരിക്കാൻ നടപടി സ്വീകരിക്കണം എന്ന് കർഷകർ യോഗത്തിൽ ആവശ്യപ്പെട്ടു.കൊയ്ത്തിനു മുൻപു തന്നെ നെല്ല് ചുമക്കുന്നതിന്റെ കൂലി നിശ്ചയിക്കുകയും അതുമാത്രമേ വാങ്ങുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്നും ഐആർസി തീരുമാനം നടപ്പിലാക്കണമെന്നും യോഗത്തിൽ സംസാരിച്ച് ഐക്യ പാടശേഖരസമിതി സെക്രട്ടറി തങ്കച്ചൻ പാട്ടത്തിൽ ആവശ്യപ്പെട്ടു.

നിശ്ചയിച്ചിട്ടുള്ള കൂലിയിൽ കൂടുതൽ ആവശ്യപ്പെടുകയും അതുമായി ബന്ധപ്പെട്ട് നെല്ല് സംഭരണം മുടങ്ങുകയും ചെയ്താൽ നഷ്ടപരിഹാരം ഈടാക്കാൻ നടപടി സ്വീകരിക്കണം എന്നും യോഗത്തിൽ ആവശ്യമുയർന്നു.യോഗത്തിൽ എംഎൽഎ തോമസ് കെ.തോമസ്, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശോഭ, കാർഷിക ശാസ്ത്രജ്ഞൻ കെ.ജി.പത്മകുമാർ, നെല്ലുഗവേഷണ കേന്ദ്രം മേധാവി ഡോ. പി.സുരേന്ദ്രൻ, യു.ജയകുമാരൻ, കർഷക പ്രതിനിധികളായ തങ്കച്ചൻ പട്ടത്തിൽ, സിബി പൊങ്ങ, ജസിച്ചൻ തോമസ്, സന്ദീപ്, കൃഷി ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ, കൊയ്ത്ത് യന്ത്ര ഇടനിലക്കാർ, സപ്ലൈകോ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com