ചെങ്ങന്നൂർ ∙ അപകടം കുറയ്ക്കാൻ സ്ഥാപിച്ച ഹംപ് അപകടക്കെണിയാകുന്ന വിരോധാഭാസമാണു കല്ലിശ്ശേരി –ഓതറ റോഡിൽ. സെന്റ് മേരീസ് യുപി സ്കൂളിനു സമീപത്തെ ഹംപ് ആണു യാത്രക്കാർക്കു മരണക്കെണിയാകുന്നത്. കഴിഞ്ഞ ഡിസംബറിൽ ദമ്പതിമാർ സഞ്ചരിച്ച ബൈക്ക് ഹംപിൽ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ ബൈക്ക് മറിഞ്ഞു ചങ്ങനാശേരി സ്വദേശിനിയായ സ്ത്രീ മരിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ച ബൈക്ക് മറിഞ്ഞു യുവാവിനു പരുക്കേറ്റു. കഴിഞ്ഞ വ്യാഴാഴ്ച ബൈക്ക് യാത്രികരായ 2 യുവാക്കൾക്കു വീണു പരുക്കേറ്റു.ഒരാളുടെ തോളെല്ല് പൊട്ടി. ഓതറ ഭാഗത്തു നിന്നു കല്ലിശേരിയിലേക്കുള്ള യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും. വേഗത്തിൽ ഇറക്കം ഇറങ്ങി വരുമ്പോഴാണു ഹംപ് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുക.
Also read: റോഡിലെ ഓയിലിൽ തെന്നി ഇരുചക്ര വാഹനക്കാർക്ക് പരുക്ക്
സഡൻ ബ്രേക്ക് ചെയ്യുമ്പോൾ വാഹനം മറിഞ്ഞാണ് അപകടങ്ങളിലേറെയും നടന്നത്. ഹംപ് ഉണ്ടെന്നു സൂചിപ്പിക്കുന്ന ബോർഡോ ഹംപിനു സമീപം റോഡിൽ വെളുത്ത വരകളോ ഇല്ലാത്തതും വിനയാകുന്നു. രാത്രിയിൽ വെളിച്ചക്കുറവും അപകടത്തിനിടയാക്കുന്നുണ്ട്. ഹംപ് ശാസ്ത്രീയമായി പുനർനിർമിക്കുകയോ മുന്നറിയിപ്പ് നൽകാൻ റിഫ്ലക്ടീവ് ബോർഡുകൾ സ്ഥാപിക്കുകയോ വേണമെന്ന ആവശ്യം ശക്തമാണ്.