കായംകുളം ∙ റോഡിൽ അയഞ്ഞു തൂങ്ങിക്കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങാൻ തുടങ്ങിയപ്പോഴേക്കും വിഷ്ണു ബൈക്ക് വെട്ടിച്ചുമാറ്റി ബ്രേക്കിട്ടു നിർത്തി. തൊട്ടുപിന്നിൽ ബൈക്കിൽ വരികയായിരുന്ന മാതാപിതാക്കൾക്കു മുന്നറിയിപ്പു നൽകും മുൻപേ അതു സംഭവിച്ചു. കേബിൾ മരണക്കുരുക്കായി. അച്ഛൻ ഒഴിഞ്ഞു മാറിയെങ്കിലും കേബിൾ കഴുത്തിൽ കുരുങ്ങി അമ്മ ഉഷ റോഡിലേക്കു തലയടിച്ചു വീണു. കുടുംബാംഗങ്ങളുടെ കൺമുന്നിൽ മരണം.

മൂത്ത മകൻ വിശാഖിന്റെ ഭാര്യ മഞ്ജുവിന്റെ വീട്ടിൽ ഉത്സവാഘോഷച്ചടങ്ങിൽ പങ്കെടുത്ത ശേഷം രണ്ടു ബൈക്കുകളിലായി മടങ്ങുകയായിരുന്നു കുടുംബം.‘‘ഇരുട്ടായിരുന്നു. കേബിൾ തൂങ്ങിക്കിടക്കുന്നതു കണ്ടില്ല. എന്തോ മുഖത്തു തട്ടിയപ്പോൾ പെട്ടെന്നു തല കുനിച്ചു. എന്താണു സംഭവിച്ചതെന്നു മനസ്സിലായില്ല. പിന്നിലിരുന്ന ഉഷ തെറിച്ചു വീണപ്പോഴാണ് അപകടം മനസ്സിലായത്’’– ഭാര്യയ്ക്കു പറ്റിയ അപകടം വിജയൻ ഞെട്ടലോടെയാണ് ഓർത്തത്. ഉടനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുൻപേ ഉഷ മരിച്ചിരുന്നു.

തിങ്കളാഴ്ച രാത്രി 10.20ന് കായംകുളം ഇടശേരിൽ ജംക്‌ഷനു സമീപം എരുവ–മുട്ടാണിശേരിൽ റോഡിൽ ഉണ്ടായ അപകടത്തിലാണ് കഴുത്തിൽ കേബിൾ കുരുങ്ങി ആദിനാട് വടക്ക് കണ്ടത്തിൽതറയിൽ ഒ.ഉഷ(56) മരിച്ചത്. മകൻ വി.വിഷ്ണുവും ഭാര്യ ശാരികയും മുൻപിൽ ബൈക്കിൽ പോയി. പിന്നാലെ ഭർത്താവ് വിജയനൊപ്പം ഉഷയും.
ബിഎസ്എൻഎല്ലിന്റെയും സ്വകാര്യ ടെലികോം സ്ഥാപനങ്ങളുടെയും പ്രാദേശിക ചാനലുകളുടെയും കേബിളുകളാണു റോഡിൽ തൂങ്ങിക്കിടന്നിരുന്നത്. എരുവ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ചകൾ കടന്നുപോകാൻ കേബിളുകൾ അഴിച്ചുമാറ്റി പോസ്റ്റിൽ കെട്ടിയിരുന്നതായി സ്വകാര്യ കേബിൾ ഉടമകൾ പറഞ്ഞു. പിന്നീട് ഇവ അഴിഞ്ഞു തൂങ്ങിയതാകാമെന്നാണു സംശയം.
രാത്രിയോടെ മൃതദേഹം വീട്ടിൽ എത്തിച്ചു സംസ്കരിച്ചു. അപകട മരണത്തിനു കായംകുളം പൊലീസ് കേസ് എടുത്തു. കേബിൾ അപകട കാരണമായതു സംബന്ധിച്ച് അന്വേഷിച്ച ശേഷം തുടർ നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
‘ശബ്ദം കേട്ട് നോക്കിയപ്പോൾ റോഡിൽ ചോര’
‘‘രാത്രി പത്തേകാൽ കഴിഞ്ഞു കാണും, എന്തോ ഒരു ശബ്ദം കേട്ടാണ് വീട്ടിൽ നിന്ന് റോഡിലേക്ക് ഓടിയത്. നോക്കിയപ്പോൾ ഉഷയുടെ തലയിൽ നിന്ന് ചോരയൊഴുകുകയായിരുന്നു’’– സമീപവാസി നമ്പലശേരിൽ മുഹമ്മദ് ഷെഫീഖ് പറഞ്ഞു. ഷെഫീഖിന്റെ വീടിനു തൊട്ടു മുൻപിലാണ് അപകടം നടന്നത്. ‘‘റോഡിലേക്ക് താഴ്ന്നു കിടന്ന കേബിളിൽ കുരുങ്ങി ഉഷ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തല റോഡിലിടിച്ചു. ഉടൻ തന്നെ അയൽവാസിയുടെ കാറിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.’’–അദ്ദേഹം പറഞ്ഞു.
മറ്റാർക്കും ഈ അവസ്ഥ വരരുത്, അതിനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണം. കേബിൾ സ്ഥാപിക്കാനെടുത്ത കുഴിയിൽ വീണ് യാത്രക്കാർ മരിക്കുന്ന സംഭവം ആവർത്തിച്ചപ്പോൾ കോടതി സ്വമേധയാ കേസെടുത്ത സംഭവമുണ്ട്. അതിനാൽ ഈ സംഭവം അതീവ ഗൗരവത്തോടെ കാണണം. ബന്ധുക്കൾ എല്ലാവരുമായി ചർച്ച ചെയ്ത് ഉന്നതാധികാരികൾക്ക് പരാതി നൽകുന്നത് ആലോചിക്കും.
കെ.ബിജു (മരിച്ച ഉഷയുടെ ബന്ധു)