ADVERTISEMENT

ഗീതയ്ക്കു കൃഷിപ്പണിയാണ്; പാട്ടക്കൃഷിയുണ്ട്... അങ്ങനെ മാത്രം പറഞ്ഞാൽ കഥ പൂർണമാകില്ല. വേമ്പനാട്ടുകായൽ തുഴഞ്ഞു കടന്നെത്തുന്ന മാർത്താണ്ഡം കായലിലാണ് ഗീത പാട്ടത്തിനെടുത്ത പാടം. ആലപ്പുഴ നെഹ്റു ട്രോഫി വാർഡിൽനിന്നു ദിവസവും അങ്ങോട്ടുമിങ്ങോട്ടുമായി 30 കിലോമീറ്റർ വള്ളം തുഴയും.

മാർത്താണ്ഡം കായലിലെത്തി കൃഷിപ്പണി ചെയ്യുന്ന ജെ.ഗീത.

നെഹ്റു ട്രോഫി വാർഡ് പുറത്തേച്ചിറയിൽ ജെ.ഗീത മാർത്താണ്ഡം കായലിലേക്ക് എന്നും അതിരാവിലെ പുറപ്പെടും. വൈകുന്നേരം വരെ ജോലി. ആദ്യം കർഷകത്തൊഴിലാളിയായിരുന്നു. ജീവിക്കാൻ ആ വരുമാനം തികയില്ലെന്നു കണ്ടാണ് പാട്ടത്തിനു നിലമെടുത്തു കൃഷി തുടങ്ങിയത്. ആദ്യം ഒരേക്കറിൽ നെൽക്കൃഷി ചെയ്തു. നല്ല കർഷകയാണെന്നു സ്വയം ബോധ്യപ്പെട്ടപ്പോൾ 5 ഏക്കർ വരെ പാട്ടത്തിനെടുത്തു. അമ്മ രാധ (63) ഗീതയ്ക്കൊപ്പമാണു താമസിക്കുന്നത്. ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ, ഇരട്ടക്കുട്ടികളായ അയനയെയും അനുശ്രീയെയും ഗീത ഒറ്റയ്ക്കു വളർത്തി, പഠിപ്പിച്ചു. മക്കൾ രണ്ടുപേരും റേഡിയോളജിസ്റ്റുകളായി. ഹൈദരാബാദിലെ സ്വകാര്യസ്ഥാപനത്തിൽ ജോലിയും കിട്ടി. സാമ്പത്തികപ്രയാസം കാരണം പത്താം ക്ലാസ് പൂർത്തിയാക്കാനാകാത്ത ഗീത അങ്ങനെ ജീവിതപരീക്ഷയിൽ ജയിച്ചു!

15–ാം വയസ്സിൽ തുടങ്ങിയ അധ്വാനം 49–ാം വയസ്സിലും തുടരുന്നു. നെൽക്കൃഷിയുമായി ബന്ധപ്പെട്ട, ആയാസമുള്ള ജോലികളെല്ലാം ഗീത ചെയ്യും. ഓരോ തവണയും കൃഷിയിറക്കാൻ വായ്പയെടുക്കും. നെല്ലു വിറ്റു പണം കിട്ടുമ്പോൾ കടം തീർക്കും. ‌അല്ലലില്ലാത്ത ജീവിതമെന്നു പറയാമെങ്കിലും ഇപ്പോഴും സ്വന്തം ഭൂമിയും നല്ല വീടുമില്ല. രണ്ടരലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. പക്ഷേ, നാലഞ്ചേക്കർ കായൽനിലം പാട്ടത്തിനു കിട്ടിയാൽ കഴിഞ്ഞുകൂടാമെന്നാണ് ഗീതയുടെ കൃഷിപാഠം.

ഡോക്ടർ ഉയരെ...ഉയരെ...
അനീഷ് വി.കുറുപ്പ്

ചെങ്ങന്നൂർ ഇഎസ്ഐ ആശുപത്രിയിൽ രോഗികൾക്കു മരുന്നു കുറിക്കുകയും ലോങ്ജംപ് പിറ്റിൽ ട്രാക്ക് സ്യൂട്ടണിഞ്ഞ് ഉയരത്തിലേക്കു ചാടുകയും ചെയ്യുന്ന ചെങ്ങന്നൂർ പുതുമനയിൽ ഡോ.ഷേർലി ഫിലിപ്. 40 കൊല്ലത്തെ ഇടവേളയ്ക്കു ശേഷവും ദേശീയതലത്തിൽ സുവർണനേട്ടം കൊയ്ത് ആതുരസേവനവും കായികവിനോദവും ഒന്നിച്ചു കൊണ്ടുപോകുകയാണു ഷേർലി. മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ലോങ്ജംപിലും 4x100 മീറ്റർ റിലേയിലും സ്വർണമെഡലും 100 മീറ്റർ റേസിൽ വെള്ളിയും സ്വന്തമാക്കിയാണ് ഈ അൻപത്തെട്ടുകാരി മടങ്ങിയത്.

കൊല്ലം മുഖത്തല എള്ളുവിളയിൽ പരേതരായ ചാക്കോ ഗീവർഗീസിന്റെയും ഏലിയാമ്മയുടെയും മകളായ ഷേർലിയിലെ കായികപ്രതിഭയെ കണ്ടെത്തിയത് നെടുമ്പന സ്കൂളിലെ കായികാധ്യാപകൻ തോമസ് മാഷാണ്. വീട്ടിൽത്തന്നെ ജംപിങ് പിറ്റ് ഒരുക്കി കുടുംബവും പിന്തുണച്ചു. സബ് ജൂനിയർ വിഭാഗത്തിൽ ജില്ലാതലത്തിലെ മികവിനു ഷേർലിക്കു കിട്ടിയ സമ്മാനം, ജി.വി.രാജാ സ്പോർട്സ് സ്കൂളിലെ ആദ്യബാച്ചിലെ സീറ്റ്. പി.ടി.ഉഷയുടെ സഹപാഠിയായിരുന്നു. 5 വർഷം കേരള യൂണിവേഴ്സിറ്റി ചാംപ്യനായിരുന്ന ഷേർലിയുടെ ലോങ്ജംപിലെ റെക്കോർഡ് (5.76 മീറ്റർ) തകർക്കപ്പെട്ടതു വർഷങ്ങൾക്കു ശേഷമാണ്.

ലോങ്ജംപ് മത്സരത്തിൽ പങ്കെടുക്കുന്ന ഷേർലി ഫിലിപ്. (1981 ലെ ചിത്രം), 2. ഡോ. ഷേർലി ഫിലിപ്

പുണെയിൽ നടന്ന ഇന്റർനാഷനൽ ഇൻവിറ്റേഷൻ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോങ്ജംപിൽ മൂന്നാം സ്ഥാനം നേടി. കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം കൂടിയായിരുന്നു അന്ന്. ഇതിനിടെ, ഡോക്ടർ സ്വപ്നത്തിന്റെ പിന്നാലെയായി മനസ്സ്. തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥിനിയായി. രണ്ടുതവണ ഇന്റർവാഴ്സിറ്റി ചാംപ്യനായി. പിന്നീടു പഠനത്തിരക്കിൽ മനസ്സില്ലാമനസ്സോടെ കളിക്കളം വിട്ടു. ഭർത്താവ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജൻ ഡോ.ഫിലിപ് ഫിലിപ് പുതുമന, മക്കളായ ഡോ. ഫിലിപ് പി.പുതുമന, ഡോ. അനു ഫിലിപ്, മരുമക്കളായ റോസ് മരിയ ജോസ്, ജോൺ നാലപ്പാട്ട് എന്നിവർ ഷേർലിയുടെ കായികസ്വപ്നങ്ങൾക്കു കൂട്ടായുണ്ട്.

സന്ധ്യയെന്ന സ്രാങ്ക്
ജിസോ ജോൺ

പെരുമ്പളം ദ്വീപിൽ സന്ധ്യയുടെ പതിവു കാഴ്ചകളിലൊന്ന് ബോട്ടുകളായിരുന്നു. എന്നാൽ, ബോട്ട് ഓടിക്കുന്ന സ്ത്രീകളെയൊന്നും കാണാനുമില്ല... അതെന്താ? ആ ചോദ്യം സന്ധ്യയെ കൊണ്ടെത്തിച്ചത് സ്രാങ്ക് ലൈസൻസ് നേടാനുള്ള വലിയ കടമ്പകളുടെ മുൻപിൽ. പക്ഷേ, പേടിച്ചു പിന്മാറാൻ തയാറായില്ല. 12 വർഷത്തെ ആഗ്രഹം പെട്ടെന്ന് ഉപേക്ഷിക്കുന്നതെങ്ങനെ? അങ്ങനെ 44–ാം വയസ്സിൽ പെരുമ്പളം തുരുത്തേൽ എസ്.സന്ധ്യ സ്രാങ്ക് ലൈസൻസ് സ്വന്തമാക്കി.

‘കഴിഞ്ഞ നവംബറിലായിരുന്നു പരീക്ഷ. ഭർത്താവിനൊപ്പമാണു പരീക്ഷയ്ക്കു പോയത്. ഭർത്താവിനു കൂട്ടുപോയതാണെന്നാണു മറ്റുള്ളവർ‍ കരുതിയത്. പരീക്ഷാഹാളിൽ കയറിയപ്പോൾ എല്ലാവർക്കും അദ്ഭുതമായിരുന്നു. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനിടെയാണ് ബോട്ട് പരിശീലനത്തിനു സമയം കണ്ടെത്തിയത്’ – സന്ധ്യ പറയുന്നു. 226 എച്ച്പി വരെയുള്ള ജലയാനങ്ങൾ ഓടിക്കാനുള്ള ലൈസൻസാണു സന്ധ്യ സ്വന്തമാക്കിയത്. ഹൗസ്ബോട്ട്, യാത്രാബോ‌ട്ട് തുടങ്ങിയവയും ഇതിൽപെടും. സ്രാങ്ക് ജോലിക്കായുള്ള ശ്രമത്തിലാണിപ്പോൾ. ഭർത്താവ് മണി ബാലകൃഷ്ണനും മക്കളായ ഹരിലക്ഷ്മിയും ഹരികൃഷ്ണയും പിന്തുണയുമായി ഒപ്പമുണ്ട്.

ടിന്റു തുന്നുന്നു,പൊൻതൂവലുകൾ
ബി.ഹരികുമാർ

തയ്യൽമെഷീനിന്റെ ശബ്ദത്തെക്കാൾ കൂടുതൽ ടിന്റുവിന് (39) ഇഷ്ടം മൈതാനത്തെ കയ്യടികളാണ്. ഉത്തരവാദിത്തങ്ങൾ കൂടിയപ്പോൾ നഷ്ടപ്പെട്ടുപോയ ആ കയ്യടികൾ തിരിച്ചുപിടിക്കാൻ എടത്വ തൈപ്പറമ്പിൽ ടിന്റു ദിലീപ് ശ്രമിച്ചപ്പോൾ കിട്ടിയത് വെള്ളി മെഡലും ദുബായിൽ നടക്കുന്ന രാജ്യാന്തര മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാനുള്ള അവസരവും. 2006ലായിരുന്നു കോഴിക്കോട്ടുകാരിയായ അത്‌ലീറ്റ് ടിന്റുവിന്റെയും എടത്വ തൈപ്പറമ്പിൽ ദിലീപ് മോൻ വർഗീസിന്റെയും വിവാഹം. എടത്വയിലെ ട്രാക്കുകളുടെ കുറവ് പരിശീലനത്തെ ബാധിച്ചു. വീട്ടുചെലവുകൾ കൂടിയപ്പോൾ തയ്യൽജോലിയിലേക്കു തിരിഞ്ഞു.

പക്ഷേ, അത്‌ലറ്റിക്സിനെ അങ്ങനെ ഉപേക്ഷിക്കാൻ ടിന്റു തയാറായില്ല. 14 വർഷത്തിനു ശേഷം തലവടി ആനപ്രമ്പാൽ മാർത്തോമ്മാ സ്കൂളിലെ വിദ്യാർഥികൾക്കു സംസ്ഥാന മാർത്തോമ്മാ മീറ്റിനു വേണ്ടി പരിശീലനം നൽകാനെത്തി. സ്കൂൾ പ്രധാനാധ്യാപിക സുജ അലക്സിന്റെ പിന്തുണ പ്രോത്സാഹനമായി. അതേവർഷം, മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷൻ അംഗമായ പത്തനംതിട്ട ട്രാഫിക് എസ്ഐയും യൂണിവേഴ്സിറ്റി താരവുമായ ആർ.രവിയാണ് ടിന്റുവിനെ വീണ്ടും മത്സരത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. ദേശീയ മത്സരത്തിൽ റിലേയിൽ പങ്കെടുത്താണ് ടിന്റു ട്രാക്കിലേക്കു തിരിച്ചെത്തിയത്.

2020 മുതൽ തകഴി അഗ്നിരക്ഷാസേനയിലെ സിവിൽ ഡിഫൻസിൽ ടിന്റുവുമുണ്ട്. കോവിഡ്സമയത്തു രോഗികൾക്കു മരുന്നുവാങ്ങി വരുമ്പോൾ അപകടമുണ്ടായി. അതെത്തുടർന്ന് ഓട്ടമത്സരയിനങ്ങളിൽനിന്ന് ഷോട്പുട്, ജാവലിൻത്രോ ഇനങ്ങളിലേക്കു മാറി. ഇക്കഴിഞ്ഞ 12ന് ബംഗാൾ മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച 42–ാം ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ജാവലിൻ ത്രോയിൽ വെള്ളിമെഡൽ നേടി. പരിശീലനത്തിനുള്ള പണം കണ്ടെത്തുന്നത് വീട്ടിലെ തയ്യൽജോലിയിൽനിന്നും ‍ഭർത്താവ് ദിലീപ് മോൻ വർഗീസിന് ഇലക്ട്രിക്കൽ ജോലിയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്നുമാണ്. പരിശീലനത്തിനുള്ള ഉപകരണങ്ങൾ കുട്ടനാട് സെക്കുലർ കൂട്ടായ്മയാണു സംഘടിപ്പിച്ചു നൽകുന്നത്. ജനിഫർ, നയോമി എന്നിവരാണ് മക്കൾ.

സ്രാങ്ക് ലൈസൻസ് നേടിയ എസ്.സന്ധ്യ.

ഇനിയും മാറണം നമ്മൾ

പതിനെട്ടു തികയുമ്പോഴേക്കും പെൺകുട്ടികളെ വിവാഹം കഴിച്ചയയ്ക്കുന്ന പ്രവണതയ്ക്ക് ഇന്നും മാറ്റമില്ല. വിവാഹത്തിനു മുൻപു പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണം. ബിരുദപഠനമെങ്കിലും പൂർത്തിയായിട്ടേ വിവാഹത്തെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ എന്ന സ്ഥിതി വരണം. എസ്.എൻ.സേതുലക്ഷ്മി മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി,മെഡിക്കൽ കോളജ്, ആലപ്പുഴ

സ്ത്രീപുരുഷ തുല്യത ഉറപ്പാക്കണം. ആൺകുട്ടികൾക്കുള്ള എല്ലാ സ്വാതന്ത്ര്യവും പെൺകുട്ടികൾക്കും ലഭിക്കണം. പെണ്ണെന്ന പേരിൽ വീട്ടിലോ തൊഴിലിടങ്ങളിലോ മാറ്റിനിർത്തപ്പെടുന്ന സ്ഥിതിക്കു മാറ്റമുണ്ടാകണം. ലിംഗസമത്വമാണ് ആവശ്യം. ആരതി ആനന്ദൻ‌മൂന്നാം വർഷ ബിരുദവിദ്യാർഥി, മാസ്റ്റേഴ്സ് കോളജ്, തുറവൂർ

തുന്നൽജോലി ചെയ്യുന്ന ടിന്റു ദിലീപ്, 2. ടിന്റു ദിലീപ് ജാവലിൻ ത്രോ പരിശീലനത്തിനിടെ.

എത്ര നന്നായി ക്രിക്കറ്റ് കളിച്ചാലും വീട്ടിലെത്തിയാൽ നാട്ടുകാർ ആദ്യം ചോദിക്കുക, ‘കല്യാണം എന്നാണ്’ എന്നാകും. അതിനു മാറ്റമുണ്ടാകണം. പെൺകുട്ടിയുടെ സ്വപ്നം കല്യാണം മാത്രമല്ല. അധികം യാത്ര ചെയ്യാത്ത ആളാണ് എന്റെ അമ്മ. അച്ഛനും അങ്ങനെതന്നെ. എനിക്കു ജോലി കിട്ടിയിട്ടു വേണം അവരെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകാൻ. എന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ എനിക്കു സാധിക്കും. എം.അശ്വതി ആലപ്പുഴ ജില്ലാ വനിതാ ക്രിക്കറ്റ് ടീം അംഗം

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com