ADVERTISEMENT

പൂച്ചാക്കൽ ∙ പൊളിച്ചുനീക്കാൻ സുപ്രീം കോടതി നിർദേശിച്ച പാണാവള്ളി കാപികോ റിസോർട്ടിലെ 54 വില്ലകളും പൊളിച്ചുനീക്കി. പ്രധാന കെട്ടിടമാണ് ഇനി പൊളിക്കാനുള്ളത്. കോടതി നിർദേശിച്ച സമയപരിധിയായ ഈ മാസം 28ന് അകം ഇതും പൊളിച്ചുനീക്കുമെന്ന് അധികൃതർ അറിയിച്ചു. പൊളിക്കൽ വൈകുന്നെന്ന പരാതിയെത്തുടർന്നാണ് 28ന് അകം ഇതു തീർത്തില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമെന്നു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. തുടർന്ന് 15 ന് അകം പൊളിക്കൽ പൂർത്തിയാക്കാൻ കലക്ടർ നിർദേശിച്ചിരുന്നു.

25 ന് മുൻപ് പൊളിക്കൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. അനധികൃതമായി നിർമിച്ചതെന്നു കണ്ടെത്തിയതിനെ തുടർന്ന് 2022 സെപ്റ്റംബർ 15 ന് ആണ് കോടതി ഉത്തരവു പ്രകാരം പൊളിക്കൽ തുടങ്ങിയത്. 35,900 ചതുരശ്രയടിയുള്ള റിസോർട്ടിൽ  ഇനി പൊളിക്കാനുള്ള പ്രധാന കെട്ടിടം 3,500 ചതുരശ്രയടിയുള്ളതാണ്. ഓഫിസ്, കോൺഫറൻസ് ഹാൾ, സിനിമ തിയറ്റർ  എന്നിവയും  ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. ഇതിലെ സാധനങ്ങൾ മാറ്റിത്തുടങ്ങി. പൊളിക്കുന്നതിന് തിരുവനന്തപുരത്തെ സ്വകാര്യ ഏജൻസിയെ റിസോർട്ട് ഉടമകൾ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നാൽപതിലധികം തൊഴിലാളികളും യന്ത്രസാമഗ്രികളും ഉപയോഗിച്ചാണു പൊളിക്കലും മറ്റു പ്രവർത്തനങ്ങളും നടത്തുന്നത്. നിലവിൽ‍ പൊളിച്ച അവശിഷ്ടങ്ങൾ റിസോർട്ട് ഉടമകളുടെ വടുതലയിലെ സ്ഥലത്തേക്കു നീക്കുന്നുണ്ട്. റിസോർട്ടിൽ വായു – ജല മലിനീകരണം, ശബ്ദ സാന്ദ്രത എന്നിവയുടെ പരിശോധന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ നടത്തുന്നുണ്ട്. റവന്യു – പഞ്ചായത്ത് അധികൃതർ പൊളിക്കൽ  വിലയിരുത്തുന്നുണ്ട്. 2007ൽ 320 കോടി ചെലവിൽ നിർമാണം തുടങ്ങിയ റിസോർട്ട് 2012ൽ പൂർത്തിയായി. റിസോർട്ട് നിർമിക്കാൻ കയ്യേറിയതായി കണ്ടെത്തിയ 2.9397 ഹെക്ടർ സ്ഥലം സെപ്റ്റംബറിൽ കലക്ടർ സർക്കാരിലേക്ക് ഏറ്റെടുത്തിരുന്നു.

ഹർജി 21 ന് പരിഗണിക്കും

ന്യൂഡൽഹി ∙ ‌ആലപ്പുഴ പാണാവള്ളിയിലെ കാപികോ റിസോർട്ട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി 21നു പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ്  ഹർജി പരിഗണിക്കേണ്ടിയിരുന്നത്. അദ്ദേഹം അവധിയായതിനാൽ ഹർജികൾ ജസ്റ്റിസ് സി.ടി. രവികുമാറിന്റെ ബെഞ്ചിനു മുൻപാകെയാണു ലിസ്റ്റ് ചെയ്തത്.  എന്നാൽ, ഈ വിഷയം താൻ കേൾക്കുന്നത് ഉചിതമല്ലെന്ന നിലപാട് എടുത്താണ് ജസ്റ്റിസ് സി.ടി. രവികുമാർ 21 ന് പരിഗണിക്കാനായി മാറ്റിയത്. 28നു മുൻപ് റിസോർട്ട് പൂർണമായി പൊളിച്ചുനീക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന്   കോടതി മുന്നറിയിപ്പു നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com