കറ്റാനം ∙ ഭരണിക്കാവ് തെക്ക് ലക്ഷ്മീഭവനത്തിൽ ഉത്തമനെ(70) ദുരൂഹ സാഹചര്യത്തിൽ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട്, മക്കളായ ഉദയകുമാറും ഉല്ലാസും നിരീക്ഷണത്തിലാണെന്നും അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായും പൊലീസ് പറഞ്ഞു.ഇളയ മകൻ ഉല്ലാസ് വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ പിതാവ് അനക്കമറ്റ നിലയിൽ കിടക്കുന്നത് കാണുകയായിരുന്നു. ഇതേ ചൊല്ലി ഉല്ലാസും വീട്ടിലുണ്ടായിരുന്ന ഉദയകുമാറും തമ്മിൽ വഴക്കുണ്ടായി. ഈ സമയത്ത് സമീപമുള്ള ഉത്തമന്റെ സഹോദരി എത്തി ഇവരെ പിന്തിരിപ്പിച്ചു.
പിന്നാലെ രണ്ട് പേരും പുറത്തേക്കു പോയി. ഇതിനു പിന്നാലെ ഉത്തമനെ അനക്കമറ്റ നിലയിൽ കണ്ട സഹോദരി നാട്ടുകാരെയും അവർ പൊലീസിനെയും വിവരമറിയിച്ചു.പൊലീസ് മൃതദേഹം പരിശോധിച്ചപ്പോൾ ഉത്തമന്റെ കഴുത്തിൽ മുറിവേറ്റ പാട് കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. ഉടൽ കട്ടിലിലും കാല് തറയിലുമായിരുന്നു.
ഈ സാഹചര്യത്തിലാണ് അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്ത് ഉദയകുമാറിനെയും ഉല്ലാസിനെയും നിരീക്ഷണത്തിലാക്കിയത്. ഇന്ന് വിരലടയാള വിദഗ്ധരും മറ്റും എത്തിയ ശേഷം മാത്രമേ മൃതദേഹം മാറ്റുകയുള്ളു എന്ന് പൊലീസ് പറഞ്ഞു. ഉത്തമന്റെ ഭാര്യ ലക്ഷ്മിക്കുട്ടി മറവി രോഗത്തെ തുടർന്ന് മാന്നാറിലെ ഒരു അഭയകേന്ദ്രത്തിലാണ്. മൂത്തമകൾ ഉഷ വിദേശത്താണ്.