ചേർത്തല ∙ കായലിൽ വിഷം കലക്കി മീൻപിടിച്ച മൂന്നുപേർ ഫിഷറീസ് വകുപ്പിന്റെ വലയിൽ കുടുങ്ങി. വേമ്പനാട്ടുകായൽ ഉൾപ്പെടെ, ജില്ലയുടെ വിവിധ കായൽപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് കീടനാശിനി ഉൾപ്പെടെ കലക്കി മീൻപിടിച്ചവർ കുടുങ്ങിയത്. ചക്കുളത്തുകാവ്, എടത്വ സ്വദേശികളായ പുഷ്കരൻ, ഭാസുരൻ, സുശീലൻ എന്നിവരെയാണ് തലവടി ആനപ്രാമ്പാൽ, എടത്വ ചങ്ങംകരി എന്നിവിടങ്ങളിൽനിന്നു മാന്നാർ ഫിഷറീസ് ഓഫിസർ എം.ദീപുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇവരുടെ വള്ളവും ഇവർ പിടിച്ച 8 കിലോ മീനും പിടിച്ചെടുത്തു.
വേമ്പനാട്ടുകായലിന്റെ പല പ്രദേശങ്ങളിലും അനധികൃത മീൻപിടിത്തം വർധിച്ചിട്ടുണ്ട്. പരിശോധനയിൽ വേമ്പനാട്ടുകായലിന്റെ വിവിധ സ്ഥലങ്ങളിൽനിന്ന് അനധികൃത മീൻപിടിത്തത്തിന് ഉപയോഗിക്കുന്ന അടക്കംകൊല്ലി വല, ചെറുകണ്ണിക്കൂട്, മത്സ്യക്കെണി, കരിമീൻ എലിപ്പെട്ടി തുടങ്ങിയവ പിടികൂടിയിരുന്നു.
കുടുക്കാൻ കീടനാശിനി
കായൽ തീരങ്ങളിൽ നീട്ടുവലയിട്ട ശേഷം തുരിശ്, കീടനാശിനിയായ ഫ്യൂറിഡാൻ ഉൾപ്പെടെയുള്ളവ കൂട്ടിച്ചേർത്ത് തുണിയിൽ കിഴികെട്ടിയ ശേഷം കഴുക്കോലിന്റെയും വലയുടെയും അടിഭാഗത്തു കെട്ടിവെച്ച് വെള്ളത്തിനടിയിലൂടെ ഓടിക്കുമ്പോൾ മീനുകൾ മയങ്ങി വലയിൽ കുടുങ്ങും. ഇതോടൊപ്പം ചെറുമീനുകൾ ചത്തുപോകുകയും ചെയ്യുന്നു. ഇങ്ങനെ പിടിക്കുന്ന മീൻ ഭക്ഷ്യയോഗ്യമല്ല.