ADVERTISEMENT

ആലപ്പുഴ ∙ നഗരത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗവും ആലപ്പുഴ നഗരസഭയും ഫിഷറീസ് വിഭാഗവും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ ഫോർമലിൻ കലർന്ന മത്സ്യവും പഴകിയ മത്സ്യങ്ങളും പിടികൂടി. വഴിച്ചേരി മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 263 കിലോ ഫോർമലിൻ കലർന്ന മത്സ്യവും ജില്ലാ കോടതിക്ക് കിഴക്ക് വശത്തുള്ള കോണിപ്പാലത്തിനടുത്തുള്ള മീൻ തട്ടിൽ നിന്ന് 80 കിലോ പഴകിയ മത്സ്യങ്ങളുമാണ് പിടികൂടി നശിപ്പിച്ചത്. വഴിച്ചേരി മാർക്കറ്റിലെ വ്യാപാരികളിൽ നിന്നായി 228 കിലോ, 35 കിലോ വീതം ഫോർമലിൻ കലർന്ന പഴകിയ കേരയാണ് പിടിച്ചെടുത്തത്. വിൽപനയ്ക്കായി ഐസിട്ട് ബോക്സിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ മത്സ്യങ്ങളിലാണ് ഫോർമലിൻ കണ്ടെത്തിയത്.

മാർക്കറ്റിലെ മറ്റു മത്സ്യവിൽപന തട്ടുകളിൽ പരിശോധന നടത്തിയെങ്കിലും പഴകിയ മത്സ്യങ്ങൾ ഒന്നും കണ്ടെത്താനായില്ല. വഴിച്ചേരി മാർക്കറ്റിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരും കച്ചവടക്കാരും തമ്മിൽ നേരിയ സംഘർഷവുമുണ്ടായി. പിടികൂടിയ മത്സ്യം ഇവിടെ നിന്നു കൊണ്ടുപോകുന്നത് കച്ചവടക്കാർ തടഞ്ഞതോടെയാണ് സ്ഥലത്ത് നേരിയ സംഘർഷം ഉടലെടുത്തത്. തുടർന്ന് പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. കോണിപാലത്തിനടുത്തുള്ള മീൻതട്ടിൽ നിന്നാണ് ഉപയോഗ ശൂന്യമായ 50 കിലോ ചൂര, 20 കിലോ അയല, 10 കിലോ ചെമ്മീൻ, എന്നിവ പിടികൂടിയത്. ഇവിടെ നിന്ന് മീൻ തട്ടും ബോക്സും, പഴയ റഫ്രിജറേറ്റർ അടക്കം പിടിച്ചെടുത്തു. തത്തംപള്ളി എയ്റോബിക് യൂണിറ്റിനു സമീപത്തെ മീൻതട്ട് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മരത്തടി, ബോക്സ്, ഇരുമ്പ് പൈപ്പ്, കുട, പെട്ടി ഉൾപ്പെടെയുള്ള സാധനങ്ങൾ പിടിച്ചെടുത്തു.

വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ഭക്ഷ്യസുരക്ഷാ വിഭാഗവും ആലപ്പുഴ നഗരസഭയും ചേർന്ന് മാളികമുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ 40 കിലോ ഫോർമലിൻ കലർന്ന മത്സ്യം പിടികൂടിയിരുന്നു.  ആലപ്പുഴ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫിസർ ചിത്ര മേരി തോമസ്, ഫിഷറീസ് സബ് ഇൻസ്പെക്ടർ എസ്.ദീപു, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഹർഷിദ്, നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി.അനിൽകുമാർ, ഗോപകുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.എ.ഷംസുദ്ദീൻ, ജെ.അനിക്കുട്ടൻ, ആർ.റിനോഷ്, ടെൻഷി സെബാസ്റ്റ്യൻ, ഐ.അനീഷ്, എസ്.ഗിരീഷ്, ബി.ഷാലിമ, ലെനിൻഷ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com