ADVERTISEMENT

ആലപ്പുഴ ∙ കടലിലും കായലിലും മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവർ ഒരുപാടുണ്ട് ജില്ലയിൽ. എന്നാൽ മാർക്കറ്റിൽ എത്തുന്നതെല്ലാം അത്ര ‘പച്ചമീനല്ലെന്നാണ്’ പരിശോധനയിൽ തെളിയുന്നത്. കഴിഞ്ഞദിവസം ഭക്ഷ്യസുരക്ഷാ വിഭാഗവും ആലപ്പുഴ നഗരസഭയും ഫിഷറീസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ 40 കിലോ ഫോർമലിൻ കലർന്ന മീനാണു കണ്ടെത്തിയത്. പഴക്കം ചെന്ന മീനുകൾക്കു പുറമേ, ഫോർമലിൻ കൂടി കലരുമ്പോൾ നമ്മുടെ അടുക്കളകളിലെത്തുന്ന മീൻ എത്രമാത്രം സുരക്ഷിതമായിരിക്കും? 

കടലിലേക്കു പോകുന്ന ബോട്ടുകൾ മത്സ്യവുമായി തിരികെയെത്താൻ ഒരാഴ്ച വരെയെടുക്കാം. പിടികൂടുന്ന മത്സ്യം ഫ്രീസറിൽ മൈനസ് 18 ഡിഗ്രി ഊഷ്മാവിൽ സൂക്ഷിക്കണമെന്നാണു നിയമം. അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള മത്സ്യങ്ങൾ ഇത്തരത്തിൽ എത്തിക്കണമെന്നാണു നിർദേശം. വിപണിയിലെത്തുന്ന മത്സ്യമാകട്ടെ ഐസിൽ വയ്ക്കണമെന്നുമുണ്ട്. ഒരു കിലോ മത്സ്യത്തിന് ഒരു കിലോ ഐസ് എന്നതാണ് അനുപാതം. പക്ഷേ, പലപ്പോഴും ഈ നിർദേശങ്ങൾ പാലിക്കപ്പെടാറില്ലെന്നു മാത്രം.

വിഷം പലതരം
മത്സ്യം കേടാകാതിരിക്കാൻ രണ്ടു തരത്തിൽ വിഷം ചേർക്കാം. ഒന്ന് നേരിട്ടും മറ്റൊന്ന് ഐസ് കട്ടകൾക്ക് ഒപ്പവും. ഫ്രീസറിനു പകരം ഐസിട്ടു മാത്രം സൂക്ഷിക്കുന്ന മത്സ്യവും വിപണിയിൽ സുലഭം. ഹാർബറുകളിൽ നിന്നു രാസവസ്തു കലർത്തി വിടാനുള്ള സാധ്യത കൂടുതലാണ്. മൊത്തവിൽപനക്കാർ, ഇടനില കച്ചവടക്കാർ, മാർക്കറ്റുകളിലെ മൊത്ത വിതരണക്കാർ എന്നിങ്ങനെ പലരും പല സ്ഥലങ്ങളിലും രാസവസ്തു കലർത്താനുള്ള സാധ്യത ഉണ്ടെന്നാണു മേഖലയുമായി ബന്ധപ്പെട്ടവർ‍ പറയുന്നത്. ഇറക്കുമതി ചെയ്യുന്ന മത്സ്യത്തിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടോയെന്നു വിതരണക്കാരനു പോലും തിരിച്ചറിയാനാകില്ല.

ഗുരുതര രോഗങ്ങൾ
മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നതിൽ പ്രധാനമാണ് അമോണിയവും ഫോർമലിനും. സോഡിയം ബെൻസോയേറ്റ് പ്രിസർവേറ്റീവായി ഉപയോഗിക്കുമെങ്കിലും ജില്ലയിൽ ഇതിന്റെ ഉപയോഗം വളരെ കുറവാണ്. രാസവസ്തുക്കളടങ്ങിയ മത്സ്യം കഴിക്കുന്നത് അൾസർ, കാൻസർ തുടങ്ങിയവയ്ക്കു കാരണമാകും. ആന്തരികാവയവങ്ങളെയും ബാധിക്കും. ഛർദി, വയറിളക്കം, ഭക്ഷ്യവിഷബാധ തുടങ്ങിയവയ്ക്കും രാസവസ്തുക്കളടങ്ങിയ ഭക്ഷണം കാരണമാകും. കുട്ടികളെയാണു കൂടുതൽ ബാധിക്കുക.

കൊല്ലം, മുനമ്പം, കൊച്ചി, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുമാണു ജില്ലയിൽ പ്രധാനമായും മത്സ്യമെത്തുന്നത്. ലഭ്യതക്കുറവ് അനുസരിച്ച് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാറുണ്ടെങ്കിലും കുറച്ചു നാളായി ഇവിടെ നിന്നു മത്സ്യമെത്തുന്നില്ല. ആന്ധ്രയിൽ നിന്നു പ്രധാനമായും എത്തുന്നത് കരിമീനും തിലോപ്പിയയുമാണ്. തോട്ടപ്പള്ളിയിൽ നിന്നാണു ചെമ്മീൻ കൂടുതലായും വിപണിയിലെത്തുന്നത്. 250 രൂപ മുതൽ 300 വരെയാണു കിലോയ്ക്കു വില. കൊല്ലത്തു നിന്നാണു മത്തിയും അയലയും ജില്ലയിലെത്തുന്നത്. മത്തി കിലോയ്ക്ക് 130 രൂപ. അയല 160 രൂപ. ‌

പരിശോധന ഇങ്ങനെ
മത്സ്യത്തിലെ അമോണിയം, ഫോർമലിൻ സാന്നിധ്യം കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗം ആശ്രയിക്കുന്നത് ക്വിക് കിറ്റുകളെയാണ്. കിറ്റിലെ സ്ട്രിപ് മത്സ്യത്തിന്റെ പുറത്ത് ഉരച്ച ശേഷം ലായനിയിൽ മുക്കും. നിറവ്യത്യാസം ഉണ്ടായാൽ രാസവസ്തു ചേർത്തതാണെന്നു മനസ്സിലാക്കാം.

മത്സ്യത്തിൽ രാസവസ്തുക്കൾ അമിത അളവിൽ ചേർക്കുകയോ കേടു കൂടാതിരിക്കാൻ ക്യാനിലും ഐസ് കട്ടയിലും ഉൾപ്പെടെ രാസ വസ്തുക്കൾ കലർത്തുകയോ ചെയ്താൽ ശാസ്ത്രീയ പരിശോധനയിലൂടെയേ കണ്ടെത്താനാവൂ. ഇത്തരം പരിശോധനകളുടെ ഫലം വരാനെടുക്കുന്ന കാലതാമസം ഭക്ഷ്യസുരക്ഷാ അധികൃതർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. 

പരിശോധന എന്നും വേണം
വിതരണത്തിന്റെ അവസാന കണ്ണികളെ മാത്രം പിടിച്ചതുകൊണ്ടു മാത്രം പരിശോധനകൾ ഫലപ്രദമാകില്ല. മീൻ ഇറക്കുമ്പോഴും വിൽപന നടത്തുമ്പോഴും പരിശോധന വേണം.

പഴകിയ മത്സ്യം തിരിച്ചറിയാൻ

പച്ചമീനിന്റെ ശരീരത്തിൽ സ്വാഭാവികമായ തിളക്കമുണ്ടാവും. മത്സ്യത്തിനു ദുർഗന്ധമോ രാസഗന്ധമോ ഉണ്ടാകില്ല. മീനിന്റെ കണ്ണുകളിലെ തിളക്കം, ചികള പൂക്കളിൽ ചുവപ്പ് നിറം എന്നിവയും പച്ചമീനിന്റെ ലക്ഷണമാണ്. മത്സ്യത്തിന്റെ ദശയിൽ വിരൽകൊണ്ട് അമർത്തിയാൽ അത് അകത്തേക്കു ചുരുങ്ങുകയാണെങ്കിൽ പഴയ മീനാണെന്ന് ഉറപ്പിക്കാം. മുറിച്ച മത്സ്യത്തിലും ഈ പരിശോധന നടത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com