ADVERTISEMENT

ആലപ്പുഴ ∙ രാജ്യത്തെ ദേശീയപാതകളിൽ കാൽനടയാത്രികർ അപകടത്തിൽപെടുന്നതും മരണം സംഭവിക്കുന്നതും കുറയ്ക്കാൻ കർമപദ്ധതിയുമായി ദേശീയപാതാ അതോറിറ്റി. കാൽനടയാത്രികരുടെ എണ്ണമെടുത്തു വിശദപഠനം നടത്താനാണു തീരുമാനം. പ്രധാന ജംക്‌ഷനുകളിലെ കാൽനടയാത്രികരുടെ എണ്ണമുൾപ്പെടെ എടുത്തു വിശകലനം ചെയ്യും. ഇനി നിർമിക്കാനുദ്ദേശിക്കുന്ന പാതകളിൽ ഓരോ ജംക്‌ഷനിലെയും കാൽനടയാത്രികരുടെ എണ്ണംകൂടി കണക്കിലെടുത്ത ശേഷമേ ഡിസൈൻ തയാറാക്കാവൂ.

തദ്ദേശസ്ഥാപനങ്ങൾ, സ്കൂളുകൾ തുടങ്ങി കാൽനടയാത്രികരുമായി ബന്ധമുള്ളവരിൽനിന്നു വിവരങ്ങൾ തേടണം, റോഡിന്റെ ഇരുവശവും കൈവരിയും പ്രകാശ സംവിധാനവുമുള്ള നടപ്പാത ഒരുക്കണം, റോഡിലേക്കു കാൽനടയാത്രികർ കടക്കുന്നില്ലെന്ന് ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്തെ റോഡപകടങ്ങളിൽ മരിക്കുന്നതിൽ 10–12% കാൽനടയാത്രികരാണ്. 2021ൽ 1,55,622 പേർ റോഡപകടങ്ങളിൽ മരിച്ചതിൽ 18,986 പേരും കാൽനടയാത്രികരാണ്. 2020ൽ 1,33,201 പേർ റോഡപകടങ്ങളിൽ മരിച്ചപ്പോൾ അതിൽ 11,859 പേരും കാൽനടയാത്രികരായിരുന്നു. 

സുരക്ഷ ഉറപ്പാക്കണം

ദേശീയപാതാ വികസനം നടക്കുന്നയിടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്നു ദേശീയപാതാ അതോറിറ്റിയുടെ കർശന നിർദേശം. കരാറുകാരും ഉപകരാറുകാരും വേണ്ടത്ര സുരക്ഷയില്ലാതെ നിർമാണ പ്രവൃത്തികൾ നടത്തുന്നെന്ന വിലയിരുത്തലിലാണു നിർദേശം. നിർമാണസ്ഥലത്തു സുരക്ഷാ മുന്നറിയിപ്പുകൾ, ബാരിയറുകൾ, വെളിച്ചം ഉൾപ്പെടെയുള്ള കരാർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മുൻപ് അതേ പാതയിലൂടെ കടന്നുപോയിരുന്ന എല്ലാത്തരം വാഹനങ്ങൾക്കും കടന്നുപോകാനാകും വിധം സുരക്ഷിതമായ പകരം റോഡ് സജ്ജീകരിക്കണം. വലിയ നിർമാണങ്ങൾ നടക്കുന്നയിടങ്ങളിൽ സിസിടിവി സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com