ADVERTISEMENT

കറ്റാനം ∙ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗൃഹനാഥനെ സ്വന്തം മകൻ തന്നെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. ഭരണിക്കാവ് തെക്ക് ലക്ഷ്മിഭവനത്തിൽ ഉത്തമനെ (70) കൊലപ്പെടുത്തിയ കേസിൽ മൂത്ത മകൻ ഉദയകുമാറിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ ഉദയകുമാറിനെ വീട്ടിൽ തെളിവെടുപ്പിന് എത്തിക്കും. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ 20നാണു കേസിനാസ്പദമായ സംഭവം. മദ്യം വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്നാണ്  ഉദയകുമാർ പിതാവിനെ മർദിച്ചതെന്നു പൊലീസ് പറഞ്ഞു.

ഉത്തമന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നു. ഇളയ മകൻ ഉല്ലാസാണ് പിതാവ് അസ്വാഭാവിക നിലയിൽ കിടക്കുന്നതു കണ്ടത്. ഈ സമയം വീട്ടിലുണ്ടായിരുന്ന ഉദയകുമാറും ഉല്ലാസും തമ്മിൽ വഴക്കിട്ടു. സ്ഥിരം സംഭവമായതുകൊണ്ട് അയൽവാസികൾ ഗൗനിച്ചില്ല. സമീപം താമസിക്കുന്ന, ഉത്തമന്റെ സഹോദരി വീട്ടിൽ എത്തി ഇവരെ പിന്തിരിപ്പിച്ചതോടെ രണ്ടുപേരും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. അപ്പോഴാണു  ഉത്തമൻ അനക്കമറ്റ നിലയിൽ കിടക്കുന്നതു സഹോദരി കണ്ടത്. തുടർന്ന് ഇവർ നാട്ടുകാരെ വിളിച്ചുകൂട്ടുകയും കുറത്തികാട് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഉത്തമന്റെ കഴുത്തിന് താഴെക്കണ്ട മുറിവാണു സംശയത്തിന് ഇടയാക്കിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തെങ്കിലും മക്കളെ നിരീക്ഷണത്തിലാക്കിയിരുന്നു. 

മൃതദേഹത്തിലുള്ള മുറിവുകളും ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതത്തെ തുടർന്നുണ്ടായ രക്തസ്രാവവുമാണ് മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് മനസ്സിലാക്കി. തുടർന്ന് ഉദയകുമാറിനെയും ഉല്ലാസിനെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് കൊലപാതകത്തിന്റെ  ചുരുളഴിഞ്ഞത്. മക്കളായ ഉദയകുമാറിനും ഉല്ലാസിനും ഒപ്പമാണ് ഉത്തമൻ താമസിച്ചിരുന്നത്. മൂത്ത മകൾ ഉഷ വിദേശത്താണ്. മറവിരോഗമുള്ള ഭാര്യ ലക്ഷ്മിക്കുട്ടി തിരുവല്ലയിലെ ഒരു അഭയ കേന്ദ്രത്തിലാണ്. കുറത്തികാട് എസ്എച്ച്ഒ: ജി.മനോജിന്റെ നേതൃത്വത്തിൽ എസ്ഐ കെ.സുഭാഷ്ബാബു, സീനിയർ സിപിഒ  ഷാജിമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com