കായംകുളം ∙ നഗരസഭയിൽ ബജറ്റ് അവതരണദിവസം വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ച നൂറിലേറെപ്പേർക്ക് ഭക്ഷ്യവിഷബാധ. ജനപ്രതിനിധികൾ, നഗരസഭാ ജീവനക്കാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദിയും അതിസാരവും പിടിപെട്ട് ഒട്ടേറെ പേർ കായംകുളം, മാവേലിക്കര എന്നിവിടങ്ങളിൽ ആശുപത്രികളിൽ ചികിത്സ തേടി. നഗരസഭാധ്യക്ഷ, സെക്രട്ടറി എന്നിവരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഉച്ചയൂണിന് ഒപ്പം നൽകിയ മീൻ കറിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നു സംശയിക്കുന്നു. പഴകിയ മത്സ്യമാണ് കറിയിൽ ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഒരു ജനപ്രതിനിധി ഏർപ്പെടുത്തിയ കേറ്ററിങ് സ്ഥാപനം എത്തിച്ച ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധമൂലം ഇന്നലെ നഗരസഭയുടെ ഓഫിസ് പ്രവർത്തനവും താളംതെറ്റി. പകുതിയോളം ജീവനക്കാർ മാത്രമാണ് ഓഫിസിലെത്തിയത്. ബജറ്റ് ചർച്ച യുഡിഎഫ് ബഹിഷ്കരിച്ചതിനാൽ പ്രതിപക്ഷ കൗൺസിലർമാർ ഉച്ചഭക്ഷണം കഴിക്കാൻ എത്തിയിരുന്നില്ല. ഒരു ഭരണപക്ഷ കൗൺസിലറുടെ കേറ്ററിങ് സ്ഥാപനമാണ് ഭക്ഷണം വിതരണം ചെയ്തതെന്നും പഴകിയ മത്സ്യം നൽകിയ സ്ഥാപനത്തിൽ ഇതുവരെ പരിശോധന നടത്താത്തതിൽ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.