അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പിൻവാതിൽ നിയമനം ലഭിച്ച യുവതി സിപിഐ നേതാക്കൾക്കും സൂപ്രണ്ടിനും നന്ദി അറിയിക്കുന്ന വാട്സാപ് സന്ദേശം വിവാദമായി. ആശുപത്രിയിൽ പിൻവാതിൽ നിയമനം വ്യാപകമായി നടക്കുന്നുവെന്ന ആക്ഷേപത്തിനിടയിലാണ് സന്ദേശം പ്രചരിച്ചത്.
‘സിടി സ്കാനിങ് വിഭാഗത്തിൽ ഞാൻ ഇന്നു ജോലിയിൽ പ്രവേശിച്ചു. എനിക്ക് ജോലി വാങ്ങിച്ചു തന്ന നേതാക്കൾക്കും എനിക്കു വേണ്ടി സൂപ്രണ്ടിനോടു സംസാരിച്ച് ജോലി ശരിയാക്കിത്തന്ന നേതാക്കൾക്കും ഇതിന്റെ പിറകിൽ പ്രവർത്തിച്ചവർക്കും യൂണിയനോടും നന്ദി പറയുന്നു’ എന്നാണു സന്ദേശത്തിലുള്ളത്. ജോലിക്കായി ഇടപെട്ട നേതാക്കൻമാരുടെ പേരും പറയുന്നുണ്ട്.
പിൻവാതിൽ നിയമനങ്ങൾ വലിയ വിവാദമായതിനെത്തുടർന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ ഇത്തരം നിയമനങ്ങൾ നടത്തൂവെന്നു മന്ത്രിമാർ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. പക്ഷേ പാർട്ടി വഴി പിൻവാതിൽ നിയമനങ്ങൾ തുടരുന്നുവെന്നതിനു തെളിവായി ഈ ശബ്ദസന്ദേശം.
എന്നാൽ, ഇത്തരത്തിൽ നിയമനങ്ങളൊന്നും തന്നെ നടന്നിട്ടില്ലെന്നാണ് ആശുപത്രി അധികാരികളുടെ വിശദീകരണം. ആലപ്പഴ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യൽറ്റി വിഭാഗത്തിൽ ലാബ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ്, അറ്റൻഡർ തസ്തികകളിലേക്ക് 22 പേരെ നിയമിക്കാൻ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ആശുപത്രി വികസന സമിതി അംഗങ്ങളാരും തന്നെ ഈ വിവരം അറിഞ്ഞിട്ടില്ല.